• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഹൃദയശസ്ത്രക്രിയ കഴിഞ്ഞ രോഗി 'ഇരട്ടച്ചങ്ക'നായി


Updated: February 21, 2018, 10:47 PM IST
ഹൃദയശസ്ത്രക്രിയ കഴിഞ്ഞ രോഗി 'ഇരട്ടച്ചങ്ക'നായി
Representative image

Updated: February 21, 2018, 10:47 PM IST
ഹൈദരാബാദ്: അടുത്തകാലത്തായി ട്രോളായി ഉപയോഗിച്ചുതുടങ്ങിയ പദമാണ് ഇരട്ടച്ചങ്കന്‍. ശരിക്കും ആര്‍ക്കെങ്കിലും രണ്ട് ചങ്ക് ഉണ്ടാകുമോയെന്നുപോലും സംശയിക്കുന്നവരുണ്ടാകാം. ഏതായാലും രണ്ട് ചങ്ക് ഉള്ള ഒരാള്‍ ഇപ്പോള്‍ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലുണ്ട്. ഹൃദയം മാറ്റിവെക്കേണ്ടിയിരുന്ന അമ്പത്തിയാറുകാരന്‍റെ ശരീരത്തിലാണ് നിലവിലുള്ള ഹൃദയം നിലനിര്‍ത്തിക്കൊണ്ട് മറ്റൊന്ന് തുന്നിച്ചേര്‍ത്തത്. പിഗ്ഗിബാക്ക് ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്‍റ് എന്ന ചികില്‍സാരീതിയിലൂടെയാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത രോഗിയില്‍ ശസ്ത്രക്രിയ നടത്തിയത്.

മസ്തിഷ്ക മരണം സ്ഥിരീകരിച്ച മേകല നവിന്‍ കുമാര്‍ എന്ന പതിനെട്ടുകാരന്‍റെ ഹൃദയമാണ് മാറ്റിവെക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. എന്നാല്‍ രോഗിയുടെ ഹൃദയം സാധാരണയില്‍ കവിഞ്ഞ വലുപ്പമുള്ളതും, ദാതാവിന്‍റേത് സാധാരണവലുപ്പമുള്ളതുമായിരുന്നു. ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ രക്തസമ്മര്‍ദ്ദം കൂടുകയും ചെയ്തതോടെ നിലവിലുള്ള ഹൃദയം നിലനിര്‍ത്തിത്തന്നെ പുതിയത് തുന്നിച്ചേര്‍ക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യയിലെ തന്നെ പ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധന്‍ ഡോ. ഗോപാലകൃഷ്ണ ഗോഖലെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഏഴുമണിക്കൂറോളം നീണ്ട അതിസങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തിയത്. ലോകത്ത് തന്നെ നൂറ്റിയമ്പതോളം പിഗ്ഗിബാക്ക് ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്‍റ് ശസ്ത്രക്രിയകളാണ് ഇതുവരെ നടന്നിട്ടുള്ളതെന്ന് ഡോ. ഗോഖലെ പറഞ്ഞതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

രോഗിയുടെ പെരികാര്‍ഡിയത്തിന്‍റെ കുറച്ചുഭാഗം നീക്കംചെയ്താണ് പുതിയ ഹൃദയത്തിന് ആവശ്യമായ സ്ഥലം കണ്ടെത്തിയത്. രോഗിയുടെ ഹൃദയത്തിനും വലതു ശ്വാസകോശത്തിനും ഇടയിലുള്ള സ്ഥലത്താണ് പുതിയ ഹൃദയം വെച്ചുപിടിപ്പിച്ചത്. ഇരുഹൃദയങ്ങളും പരസ്പരം സഹായിച്ചായിരിക്കും രോഗിയിലെ രക്തചംക്രമണം നടത്തുക. അതേസമയം മറ്റുള്ളവരെ അപേക്ഷിച്ച് ഈ രോഗിയുടെ ഹൃദയമിടിപ്പ് കൂടുതലായിരിക്കുമെന്നും, ഇതില്‍ ആശങ്ക വേണ്ടെന്നും ഡോ. ഗോഖലെ പറഞ്ഞു.
First published: February 21, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍