ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അഞ്ജാവ് ജില്ലയിൽ നിന്നും അപൂർവയിനം സസ്യത്തെ കണ്ടെത്തി. ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയിലെ (BSI) ഗവേഷകരാണ്. ഇന്ത്യൻ ലിപ്സ്റ്റിക് പ്ലാൻറ് (Indian Lipstick Plant) എന്നറിയപ്പെടുന്ന ചെടി കണ്ടെത്തിയത്. ഈ സസ്യത്തെ 100 വർഷത്തിന് ശേഷമാണ് ഈ മേഖലയിൽ നിന്ന് വീണ്ടും കണ്ടെത്തുന്നത്. ബ്രിട്ടീഷ് ബൊട്ടാണിസ്റ്റായിരുന്ന സ്റ്റീഫൻ ട്രോയ്റ്റ് ഡൺ 1912ലാണ് എസ്കിനാന്തസ് മോണിറ്റേറിയ ഡൺ (Aeschyanthus Monetaria Dunn) എന്ന ഈ സസ്യത്തെ ആദ്യമായി ഇന്ത്യയിൽ നിന്ന് കണ്ടെത്തിയത്. മറ്റൊരു ഇംഗ്ലീഷ് ബൊട്ടാണിസ്റ്റായിരുന്ന ഐസക് ഹെൻറി ബർക്കിൽ ശേഖരിച്ച സാംപിളുകളിൽ നിന്നാണ് സസ്യത്തെ തിരിച്ചറിഞ്ഞത്.
സസ്യത്തിൻെറ പൂവിൻെറ ആകൃതി കൊണ്ടാണ് ഇതിനെ ലിപ്സ്റ്റിക് പ്ലാൻറ് എന്ന് വിളിക്കുന്നതെന്ന് ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനായ കൃഷ്ണ ചൗലു പറഞ്ഞു. സസ്യത്തിൻെറ കണ്ടെത്തലുമായി ബന്ധപ്പെട്ട് കറൻറ് സയൻസ് ജേർണലിൽ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അരുണാചൽ പ്രദേശിലെ ഫ്ലോറിസ്റ്റിക് പഠനത്തിനിടയിൽ 2021 ഡിസംബറിലാണ് അഞ്ജാവ് ജില്ലയിലെ ഹ്യുലിയാങ്ങിൽ നിന്നും ചിപ്രുവിൽ നിന്നും ചൗലു എസ്കിനാന്തസിന്റെ ഏതാനും മാതൃകകൾ ശേഖരിച്ചത്.
പുതിയ സാംപിളുകളിൽ നടത്തിയ പഠനങ്ങൾക്കും പഴയ രേഖകളുടെ വിലയിരുത്തലിനും ശേഷം ഇത് എസ്കിനാന്തസ് മോണിറ്റേറിയയാണെന്ന് സ്ഥിരീകരിച്ചു. 1912ന് ശേഷം ഇന്ത്യയിൽ ഈ സസ്യം കണ്ടിരുന്നില്ലെന്നും വ്യക്തമായി. ഗ്രീക്ക് പദങ്ങളായ ഐസ്കൈൻ അല്ലെങ്കിൽ ഐസിൻ കൂടാതെ ആന്തോസ് എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നാണ് എസ്കിനാന്തസ് എന്ന പേര് വരുന്നതെന്ന് ഗോപാൽ കൃഷ്ണ സഹ എഴുത്തുകാരനായ ലേഖനത്തിൽ പറയുന്നു. ഐസ്കൈൻ എന്നാൽ നാണക്കേട് അല്ലെങ്കിൽ അമ്പരപ്പ് തോന്നുക എന്നാണ് അർഥമാക്കുന്നത്. ആന്തോസ് എന്നാൽ പൂവ് എന്നാണർഥം.
ഇന്ത്യയിൽ അറിയപ്പെടുന്ന എല്ലാ എസ്കിനാന്തസ് സ്പീഷീസുകളിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ഈ സസ്യം. ഇതിൻെറ പ്രത്യേക രൂപപ്രകൃതിയാണ് വ്യത്യസ്തമാക്കുന്നത്. മുകൾഭാഗത്ത് പച്ചയും താഴെ പർപ്പിളും നിറമാണ് ഈ സസ്യത്തിൻെറ ഇലയ്ക്കുള്ളത്. 'മോണിറ്റേറിയ' എന്ന പ്രത്യേക വിശേഷണത്തിന്റെ അർത്ഥം മിൻറ് പോലെ എന്നതാണ്. 543 മുതൽ 1134 മീറ്റർ വരെ ഉയരം വെക്കുന്ന സസ്യമാണിത്. ഈർപ്പമുള്ളതും നിത്യഹരിതവുമായ വനങ്ങളിലാണ് സാധാരണഗതിയിൽ വളരാറുള്ളത്. ഒക്ടോബറിനും ജനുവരിക്കും ഇടയിലാണ് പൂവിടുകയും കായ്ക്കുകയും ചെയ്യുന്നത്.
ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ (IUCN) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഈ അപൂർവയിനം സസ്യത്തെ നിലവിൽ വംശനാശഭീഷണി നേരിടുന്ന സസ്യഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. "അരുണാചൽ പ്രദേശിലെ അഞ്ജാവ് ജില്ലയിൽ മണ്ണിടിച്ചിൽ പതിവാണ്. റോഡുകളുടെ വീതി കൂട്ടൽ, സ്കൂളുകളുടെ നിർമ്മാണം, പുതിയ ജനവാസ കേന്ദ്രങ്ങളും മാർക്കറ്റുകളും നിർമ്മിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും ഇവിടെ നടക്കുന്നുണ്ട്. ഈ പ്രദേശത്തിലെ സസ്യവൈവിധ്യത്തെ ഇവയെല്ലാം ദോഷകരമായി ബാധിക്കും," കറൻറ് സയൻസ് ജേർണലിലെ ലേഖനത്തിൽ ചൗലു വ്യക്തമാക്കി.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.