• HOME
 • »
 • NEWS
 • »
 • life
 • »
 • മാസ്‌ക്ക് ധരിച്ചുള്ള വ്യായാമത്തിനിടെ ശരീര താപനിലയില്‍ കാര്യമായ വര്‍ദ്ധനവ് വരുന്നില്ലെന്ന് പഠനം

മാസ്‌ക്ക് ധരിച്ചുള്ള വ്യായാമത്തിനിടെ ശരീര താപനിലയില്‍ കാര്യമായ വര്‍ദ്ധനവ് വരുന്നില്ലെന്ന് പഠനം

പുതിയൊരു പഠന പ്രകാരം, മുഖാവരണം ധരിച്ച് വ്യായാമം ചെയ്യുമ്പോള്‍ ശരീര താപനിലയോ ഹൃദയമിടിപ്പിനോ ഗണ്യമായ വര്‍ദ്ധനവ് വരുന്നില്ല എന്നാണ്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  മാസ്‌ക്കുകള്‍ ധരിച്ച് എങ്ങനെ വ്യായാമം ചെയ്യുമെന്ന് ആശങ്കയുണ്ടോ? എന്നാല്‍ അത്തരം ആശങ്കള്‍ ഒഴിവാക്കിക്കൊള്ളൂ. കാരണം പുതിയൊരു പഠന പ്രകാരം, മുഖാവരണം ധരിച്ച് വ്യായാമം ചെയ്യുമ്പോള്‍ ശരീര താപനിലയോ ഹൃദയമിടിപ്പിനോ ഗണ്യമായ വര്‍ദ്ധനവ് വരുന്നില്ല എന്നാണ്. അമേരിക്കയിലെ കണക്റ്റിക്കട്ട് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്.

  നാല് തരം മുഖാവരണങ്ങള്‍ ഉപയോഗിച്ചായിരുന്നു ഇവര്‍ പരീക്ഷണം നടത്തിയത്. ഒരു സര്‍ജിക്കല്‍ മാസ്‌ക്ക്, ഒരു എന്‍ 95 റെസ്പിറേറ്റര്‍; ഒരു ഗെയ്റ്റര്‍ (ഇത്  മൂക്കിനും വായയ്ക്കും ഒപ്പം കഴുത്ത് വരെ മൂടി കിടക്കും); ഒരു സ്‌പോര്‍ട്സ് മാസ്‌ക്ക് എന്നീ നാലു തരം മുഖാവരണങ്ങളായിരുന്നു ഗവേഷണത്തിന് ഉപയോഗിച്ചത്.

  മാസ്‌ക്ക് ധരിക്കാതെ വ്യായാമം ചെയ്യുന്ന ഗ്രൂപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ മുഖാവരണം ധരിച്ച് വര്‍ക്കൗട്ടുകള്‍ നടത്തിയ ആളുകളുടെ ശരീര താപനിലയോ ഹൃദയമിടിപ്പോ അസാധാരണമായി വര്‍ദ്ധിച്ചിട്ടില്ലെന്ന് 'സ്‌പോര്‍ട്‌സ് ഹെല്‍ത്ത് ജേണലില്‍' അടുത്തിടെ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തി. ഗവേഷണത്തില്‍ ആളുകള്‍ 90 ഡിഗ്രി ഫാരന്‍ഹീറ്റ് (32 ഡിഗ്രി സെല്‍ഷ്യസ്) അന്തരീക്ഷത്തില്‍ കുറഞ്ഞതും മിതമായതുമായ വ്യായാമ തീവ്രതയില്‍ 60 മിനിറ്റ് നടക്കുകയോ ജോഗിംഗ് ചെയ്യുകയോ ചെയ്തു.  ''ഈ താപനിലയില്‍ മാസ്‌ക്ക് ധരിച്ച് വ്യായാമം ചെയ്യുന്ന വ്യക്തിക്ക് അധിക സമ്മര്‍ദ്ദം നല്‍കുമോ എന്നത് സംബന്ധിച്ച് ഈ പഠനത്തിന് മുമ്പ് ആര്‍ക്കും അറിയില്ലായിരുന്നു. കോവിഡ് -19 പകരുന്നത് തടയാന്‍ മാസ്‌ക്കുകള്‍ പ്രധാനമാണെന്ന് ഞങ്ങള്‍ക്കറിയാം. പക്ഷെ ഈ താപനിലയില്‍ മാസ്‌ക്ക് ഉപയോഗിച്ച് വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ശരീരത്തെ ഈ അധിക സമ്മര്‍ദ്ദങ്ങള്‍ ബാധിക്കുമോ എന്നത് സംബന്ധിച്ച് ഞങ്ങള്‍ക്ക് ധാരണയില്ലായിരുന്നു,'' കണാക്റ്റിക്കട്ട് സര്‍വ്വകലാശാലയുടെ കീഴിലുള്ള കോറി സ്ട്രിംഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്‌പോര്‍ട് സേഫ്റ്റി ഡയറക്ടര്‍ അയമി യോഷിഹാര പറഞ്ഞു.

  യോഷിഹാരയും സംഘവും മാസ്‌ക്കിനുള്ളിലെയും പുറത്തെയും ഈര്‍പ്പവും താപനിലയും അളന്നു. ഗവേഷണത്തിന്റെ ഭാഗമായി പരീക്ഷണം നടത്തിയവരുടെ മുഖാവരണങ്ങള്‍ക്കുള്ളിലും പുറത്തും ഒരു സെന്‍സര്‍ സ്ഥാപിച്ചു. ശ്വസിക്കുന്ന വായുവില്‍ നിന്ന് വസ്തുക്കള്‍ കൂടുതല്‍ വിയര്‍പ്പും ജലബാഷ്പവും ആഗിരണം ചെയ്യുന്നതിനാല്‍ സ്‌പോര്‍ട് മാസ്‌കും ഗെയ്റ്ററും കൂടുതല്‍ ഈര്‍പ്പമുള്ളതായി ഗവേഷണത്തില്‍ കണ്ടെത്തി. മാസ്‌കിനുള്ളിലെ ഈര്‍പ്പം, താപനില എന്നിവയിലെ മാറ്റങ്ങള്‍ കാരണം, മുഖംമൂടി ഉപയോഗിച്ച് വ്യായാമത്തില്‍ പങ്കെടുത്തവര്‍ വലിയ അളവില്‍ ശ്വസന അസ്വസ്ഥത റിപ്പോര്‍ട്ട് ചെയ്തു.

  പക്ഷെ അവര്‍ റിപ്പോര്‍ട്ടുചെയ്ത അസ്വസ്ഥതയും ശരീര താപനിലയും ഹൃദയമിടിപ്പും തമ്മില്‍ ബന്ധം കാണിച്ചില്ല. അതിനാല്‍ വേനല്‍ക്കാലത്തും മഴക്കാലത്തും വ്യായാമവും മത്സരവും നടത്തുന്ന അത്‌ലറ്റുകള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്താന്‍ ഈ ഗവേഷണം സഹായിക്കുമെന്ന് യോഷിഹാര പ്രതീക്ഷിക്കുന്നു. ''ചൂട് കാലാവസ്ഥയില്‍ കുറഞ്ഞതും മിതമായതുമായ തീവ്രതയുള്ള വ്യായാമങ്ങളില്‍ മാസ്‌ക്കുകള്‍ ഉപയോഗിക്കുന്നത് പ്രായോഗികവും സുരക്ഷിതവുമാണ്,'' യോഷിഹാര പറഞ്ഞു.

  കണക്റ്റിക്കട്ട് സര്‍വകലാശാലയ്ക്ക് കീഴില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ് കോറി സ്ട്രിംഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (കെഎസ്‌ഐ).  കായികതാരങ്ങളുടെ പെട്ടെന്നുള്ള മരണം തടയുന്നതിനായി, എക്‌സേര്‍ഷണല്‍ ഹീറ്റ് സ്‌ട്രോക്കില്‍ (ഇഎച്ച്എസ്) പോലെയുള്ള കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് കെഎസ്‌ഐ-യുടെ പ്രവര്‍ത്തനം.
  Published by:user_57
  First published: