കാഞ്ഞിരപ്പള്ളി: അരിയാഹാരം കഴിക്കുന്നവരാണെന്ന് അഭിമാനിക്കുന്ന മലയാളികൾക്ക് അത്ഭുതമായിരുന്ന പഴയിടം കോരോത്ത് രഘുനാഥ പണിക്കർ ഇനി ഓർമ. ചോറ് മാത്രമല്ല, അരി കൊണ്ടുള്ള ഒരാഹാരവും കഴിക്കാത്ത ജീവിതരീതിയിലൂടെ പ്രശസ്തനായിരുന്ന രഘുനാഥ പണിക്കർ 89ാം വയസ്സിൽ തിങ്കളാഴ്ച മരിച്ചു. മരിക്കുന്നതുവരെ തന്റെ പ്രതിജ്ഞയിൽ നിന്ന് ഒരിഞ്ചുപോലും പിന്നോട്ടുപോയില്ല.
ആറാംമാസം ചെറുവള്ളി ക്ഷേത്രത്തിൽ ചോറൂണ് നടത്തിയപ്പോൾ വായിൽവെച്ച ചോറ് തുപ്പികളഞ്ഞ് നിര്‍ത്താതെ കരഞ്ഞ ആ കുഞ്ഞിന്റെ കഥ പ്രശസ്തമാണ്. പിന്നീട് അച്ഛനും അമ്മയും അരിയാഹാരം കൊടുക്കാൻ ശ്രമിച്ചപ്പോഴൊക്കെ കഴിക്കാൻ മനസ്സുകാണിക്കാതെ വാശിപിടിച്ചത് അഭിമാനത്തോടെ പറയുമായിരുന്നു രഘുനാഥ പണിക്കർ. ചോറിന്റെയോ അരി കൊണ്ടുള്ള പലഹാരത്തിന്റെയോ ഗന്ധം വന്നാൽതന്നെ അലർജിയായിരുന്നു അദ്ദേഹത്തിന്. ഇതോടെ രഘുനാഥ പണിക്കരുടെ ഭക്ഷണ ക്രമത്തിൽ നിന്ന് ചോറും അരിയാഹാരവും പുറത്തായി.
റബ്ബർ എസ്റ്റേറ്റിൽ സൂപ്രണ്ടായി വർഷങ്ങളോളം കഴിഞ്ഞുകൂടിയ പണിക്കർക്ക് കപ്പ, ചേന, കാച്ചിൽ തുടങ്ങി കിഴങ്ങുവർഗവിഭവങ്ങളും പയറും കടലയും പുഴുങ്ങിയതുമൊക്കെയായിരുന്നു പഥ്യം. സ്വന്തം വിവാഹത്തിന് പോലും സദ്യ കഴിക്കാതിരുന്ന ഇദ്ദേഹം മക്കളുടെ വിവാഹത്തിലും ഉണ്ണാതിരുന്നു. നാട്ടിൽ ആരെങ്കിലും കല്യാണത്തിന് വിളിച്ചാൽ ഒരു പഴവും പപ്പടവും മാത്രം കഴിച്ച് സന്തോഷത്തോടെ മടങ്ങുകയായിരുന്നു രീതി.
രഘുനാഥപ്പണിക്കരുടെ ചേട്ടൻ രാമകൃഷ്ണ പണിക്കരും അരിയാഹാരത്തോട് അലർജി കാട്ടിയിരുന്നു. 16ാം വയസ്സിൽ മരിക്കുംവരെ ചേട്ടനും അരി കൊണ്ടുള്ള ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.