• HOME
  • »
  • NEWS
  • »
  • life
  • »
  • Relationship Tips | പങ്കാളിയുമായി എപ്പോഴും വഴക്കാണോ? ഈ ശീലങ്ങൾ ഒഴിവാക്കൂ, എല്ലാം ശരിയാകും

Relationship Tips | പങ്കാളിയുമായി എപ്പോഴും വഴക്കാണോ? ഈ ശീലങ്ങൾ ഒഴിവാക്കൂ, എല്ലാം ശരിയാകും

ചെറിയ തർക്കങ്ങൾ വലുതാവുകയും അത് ബന്ധത്തിനെ തന്നെ ബാധിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.

  • Share this:
    പ്രശ്നങ്ങളൊന്നുമില്ലാതെ ഒരു ബന്ധം മുന്നോട്ട് കൊണ്ടു പോവുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഏത് ബന്ധത്തിലും അൽപം അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളുമൊക്കെ സ്വാഭാവികമാണ്. ദമ്പതികൾക്കിടയിലെ ബന്ധത്തിലും ഇതൊക്കെ തന്നെയാണ് സംഭവിക്കുക. വിവാഹം കഴിഞ്ഞ് മധുവിധുക്കാലം പെട്ടെന്ന് അവസാനിക്കും. അത് വരെ അടുപ്പത്തിലും സ്നേഹത്തിലുമൊക്കെ പോയിരുന്നവർ പെട്ടെന്നായിരിക്കും ചെറിയ കാര്യങ്ങൾക്ക് പോലും തർക്കം തുടങ്ങുക. ചെറിയ തർക്കങ്ങൾ വലുതാവുകയും അത് ബന്ധത്തിനെ തന്നെ ബാധിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.

    പങ്കാളിയുമായി ചെറിയ കാര്യങ്ങൾക്ക് പോലും തർക്കിക്കുന്നുവെങ്കിൽ സൂക്ഷിക്കണം. നിങ്ങളുടെ ബന്ധം നല്ല രീതിയിൽ മുന്നോട്ട് പോകുന്നതിന് കൂടുതൽ ശ്രദ്ധ ആവശ്യമാണ്. തർക്കങ്ങൾ കൂടി വരുമ്പോൾ ചിലർ സുഹൃത്തുക്കളുടെയോ വിദഗ്ദരുടെയോ ഒക്കെ ഉപദേശം തേടാറുണ്ട്. അവിടെ നിന്ന് കിട്ടുന്ന ഉപദേശങ്ങൾ നിത്യജീവിതത്തിൽ നടപ്പിലാക്കാനും ശ്രമം നടത്തും. എന്നാൽ അത്തരം നിർദ്ദേശങ്ങൾ പാലിക്കുന്നതിന് പുറമെ നിങ്ങൾക്ക് തന്നെ മാറ്റാവുന്ന ചില മോശം ശീലങ്ങളുണ്ട്. അവ മാറിത്തുടങ്ങിയാൽ തന്നെ നിങ്ങളുടെ ബന്ധത്തിന് പുത്തനുണർവുണ്ടാകും.

    വൈകാരികമായി ഇടപെട്ട് പങ്കാളിക്ക് ബാധ്യത ഉണ്ടാക്കാതിരിക്കുക
    നിങ്ങൾ ചിലപ്പോൾ വൈകാരികമായി അത്ര നല്ല സമയത്തിലൂടെയായിരിക്കില്ല കടന്ന് പോവുന്നത്. എന്നാൽ നിങ്ങളുടെ പ്രശ്നങ്ങൾ എപ്പോഴും പരിഹരിച്ച് തരികയെന്നത് പങ്കാളിയുടെ ഉത്തരവാദിത്വം ആണെന്ന് കരുതരുത്. അവർക്ക് അവരുടേതായ പ്രശ്നങ്ങളുണ്ടാവും. അത് കൊണ്ട് അമിതമായി ഇടപെട്ട് പങ്കാളിയിൽ സമ്മർദ്ദം ചെലുത്താതിരിക്കുക.

    അനാവശ്യ പ്രതീക്ഷകൾ വെച്ച് പുലർത്താതിരിക്കുക
    എല്ലായ‍്‍പ്പോഴും എന്തെങ്കിലും പ്രതീക്ഷിച്ച് കൊണ്ടിരിക്കുകയും അത് ലഭിച്ചില്ലെങ്കിൽ പരാതി പറയുകയും ചെയ്യുന്നത് ബന്ധത്തെ പ്രതികൂലമായി ബാധിക്കും. നിങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് കാര്യങ്ങൾ ചെയ്യാൻ സാധിച്ചില്ലെങ്കിൽ പങ്കാളിക്ക് അത് വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കും. അമിത പ്രതീക്ഷകൾ വെച്ച് പുല‍ർത്തുന്നത് അവസാനിപ്പിക്കുന്നത് ആരോഗ്യകരമായ ഒരു ബന്ധത്തിന് വളരെ പ്രധാനമാണ്.

    പരസ്പരം പഴിചാരുന്നത് നി‍ർത്തുക
    ത‍ർക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും എല്ലാ ബന്ധങ്ങളിലും ഉണ്ടാവും. എന്നാൽ എപ്പോഴും പങ്കാളിയിൽ കുറ്റങ്ങൾ ആരോപിക്കുന്നതിന് പകരം നിങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവുന്ന വീഴ്ചകൾ അംഗീകരിക്കാൻ തയ്യാറാവുക. അങ്ങനെ ചെയ്യുമ്പോൾ ബന്ധത്തിന് കൂടുതൽ ദൃഢത കൈവരുകയും പരസ്പര വിശ്വാസം വ‍‍ർധിക്കുകയും ചെയ്യും. രണ്ട് പേ‍ർക്കും തങ്ങളുടെ കുറ്റങ്ങളും കുറവുകളും ബോധ്യപ്പെടുകയും ചെയ്യും.

    അനാവശ്യമായി നിയന്ത്രിക്കാതിരിക്കുക
    നിങ്ങളും നിങ്ങളുടെ പങ്കാളിയും രണ്ട് വ്യത്യസ്ത വ്യക്തിത്വങ്ങളാണ്. അതിനാൽ തന്നെ നിങ്ങളുടെ ഇഷ്ടങ്ങളും താൽപ്പര്യങ്ങളും താൽപ്പര്യക്കുറവുമൊക്കെ വ്യത്യസ്തമായിരിക്കുമെന്നത് വളരെ സ്വാഭാവികമായ കാര്യമാണ്. അത് കൊണ്ട് ഈ സാഹചര്യത്തിൽ നിങ്ങളുടെ ആശയങ്ങൾക്കും അഭിപ്രായങ്ങൾക്കും അനുസരിച്ച് മാത്രം പങ്കാളി മുന്നോട്ട് പോവണമെന്ന് വാശി പിടിക്കുന്നത് ശരിയല്ല. നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായങ്ങൾ പറയാം. എന്നാൽ അത് അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്. അപ്പുറത്തുള്ളയാളുടെ പരിമിതികളും കഴിവുകളും തിരിച്ചറിഞ്ഞ് മുന്നോട്ട് പോവുന്നതാണ് നല്ലത്.
    Published by:Jayesh Krishnan
    First published: