ഗായകൻ വിഎം കുട്ടി എന്ന വടക്കുങ്ങര മുഹമ്മദ് കുട്ടി വിടവാങ്ങുമ്പോൾ ഓർമയാകുന്നത് മാപ്പിളപ്പാട്ട് എന്ന സംഗീതശാഖയെ ജനകീയമാക്കിയ കലാകാരൻ കൂടിയാണ്. അൽപം പ്രയാസകരമായ വാക്കുകൾ ചേർത്ത് തയ്യാറാക്കിയ മാപ്പിളപ്പാട്ടുകൾ പലതും മലയാളികൾ ഇന്നും പാടിക്കൊണ്ടിരിക്കുന്നതിന് പിന്നിൽ വിഎം കുട്ടി എന്ന അതുല്യകലാകാരന്റെ കയ്യൊപ്പുണ്ട്.
ആറു പതിറ്റാണ്ടിലേറെ മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്നു വി എം കുട്ടിയാണ് പുതിയ പരീക്ഷണങ്ങളിലൂടെ മാപ്പിളപ്പാട്ടിനെ കൂടുതൽ പേരിലേക്ക് എത്തിച്ചു. ഇതിന് ഉദാഹരണമാണ് "സംകൃതപമഗരി തംഗതുംഗ തധിംഗിണ" എന്ന് തുടങ്ങുന്ന ഗാനം. ഈ പാട്ട് ഒരിക്കലെങ്കിലും പാടി നോക്കാത്ത മലയാളികൾ കുറവായിരിക്കും.
1984 ൽ വാഴപ്പള്ളി മുഹമ്മദ് എഴുതിയ ഈ വരികൾക്ക് വിഎം കുട്ടി സംഗീതം നൽകി പാടി കേൾപ്പിച്ചത് മലയാളികളുടെ മനസ്സുകളിലേക്കായിരുന്നു. 1954 ൽ കോഴിക്കോട് ആകാശവാണിയിൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ചുകൊണ്ടാണ് വിഎം കുട്ടി ഈ മേഖലയിലേക്ക് കടന്നു വരുന്നത്. 1985 ൽ അധ്യാപന രംഗത്തു നിന്ന് വിരമിച്ചാണ് കൊണ്ടോട്ടിയിലെ ഉണ്ണീൻ മുസ്ല്യാരുടേയും ഇത്താച്ചുക്കുട്ടിയുടേയും മകനായ വിഎം കുട്ടി മുഴുവൻ സമയ സംഗീത ലോകത്തേക്ക് കടക്കുന്നത്.
Also Read-
പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ വി എം കുട്ടി അന്തരിച്ചു; വിടവാങ്ങുന്നത് പുതിയ പരീക്ഷണങ്ങൾ കൊണ്ട് മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ കലാകാരൻ
1957 മുതൽ സ്വന്തമായി ഗായകസംഘമുള്ള വി.എം.കുട്ടിയാണ് മാപ്പിളപ്പാട്ടിനെ ഓർക്കസ്ട്ര രൂപത്തിലേക്ക് കൊണ്ടുവരുന്നത്. അക്കാലത്ത് അറബിമലയാളത്തിലായിരുന്ന മാപ്പിളപ്പാട്ട് എന്ന കലാരൂപത്തെ ജനപ്രിയമാക്കാൻ സഹായിച്ചത് അദ്ദേഹത്തിന്റെ സംഗീതമായിരുന്നു. ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും നിരവധി ഗാനമേളകൾ അവതരിപ്പിക്കുകയും ചെയ്തു. ആറ്റുനോറ്റ് ഞാൻ കൊണ്ടോട്ടി നേർച്ച കാണാൻ പോയി, പടപ്പുകൾ ചെയ്യുന്ന, ഹക്കാന കോനമറാൽ, യാ ഇലാഹി ഇരു കരം നീട്ടി കരയുന്നേ, ഒട്ടേറെ ജാതിമതം, അന്നിരുപത്തൊന്നിൽ.. തുടങ്ങി അദ്ദേഹം സമ്മാനിച്ച പാട്ടുകൾ ഇന്നും കേരളക്കരയിൽ സുപരിചിതമാണ്.
മൈലാഞ്ചി, പതിനാലാം രാവ്, ഉല്പത്തി, സമ്മാനം, മാന്യമഹാ ജനങ്ങളേ, സമ്മേളനം, 1921, മാർക്ക് ആന്റണി എന്നീ ചിത്രങ്ങളിൽ പിന്നണിപാടിയിട്ടുണ്ട്. ആലാപനം, ഗാനരചന, ഗ്രന്ഥ രചന എന്നീ മേഖലകളിലും അദ്ദേഹം ശോഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.