ന്യൂ യോർക്ക്: ബ്രിട്ടണി ഹാവ്ലിയുടെ ഏറ്റവും അടുത്ത കൂട്ടുകാരനാണ് ഗ്രിഫിൻ എന്ന നായക്കുട്ടി. കൂട്ടുകാരനെന്ന് പറഞ്ഞാൽ ഊണിലും ഉറക്കത്തിലും ഒപ്പമുള്ള സന്തത സഹചാരി. ഹാവ്ലി എവിടെ പോയാലും വിശ്വസ്തനായ ഗ്രിഫിൻ ഒപ്പമുണ്ടാകുമെന്ന് മാത്രമല്ല ഹാവ്ലിക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്യും. ഹാവ്ലി യൂണിവേഴ്സിറ്റിയിൽ ചേർന്നപ്പോഴും ഗ്രിഫിൻ അവളെ അനുഗമിച്ചു. ഒടുവിൽ ഗ്രിഫിന്റെ സേവനങ്ങൾക്ക് അവനെ തേടിയെത്തിയത് പോസ്റ്റ് ഡാം യൂണിവേഴ്സിറ്റിയുടെ ഡിപ്ലോമയും.
മനുഷ്യനും നായയും തമ്മിലുള്ള അടുപ്പം പുതിയ കാര്യമല്ലെങ്കിലും ഹാവിലിയുടെയും ഗ്രിഫിന്റെയും കഥയിൽ ചില പ്രത്യേകതകളുണ്ട്. ഹാവ്ലി ഒരു സാധാരണ പെൺകുട്ടിയായിരുന്നില്ല. ശാരീരിക വൈകല്യങ്ങൾ മൂലം വീൽ ചെയറിന്റെ സഹായത്തോടെയാണ് അവൾ ജീവിക്കുന്നത്. നോർത്ത് കാരോലിയയിലെ വിൽസണിലാണ് ഇരുപത്തിയഞ്ചുകാരിയായ ഹാവ്ലിയുടെ നാട്.
ഹാവിലിയുടെ ആവശ്യങ്ങളെല്ലാം കണ്ടറിഞ്ഞ് അവളെ സഹായിക്കുന്ന നായക്കുട്ടി യൂണിവേഴ്സിറ്റി അധികൃതർക്കും ഒരു അത്ഭുതമായിരുന്നു. ഇന്റേൺഷിപ്പിന്റെ ഭാഗമായി ഹാവ്ലി രോഗികളെ പരിചരിക്കാൻ എത്തിയപ്പോൾ പോലും ഗ്രിഫിനും അവൾക്ക് കൂട്ടിനുണ്ടായിരിന്നു. ഹാവിലിയുടെ പഠനത്തിന്റെയും ജീവിതത്തിന്റെയും എല്ലാ ഘട്ടത്തിലും കൂടെയുണ്ടായിരുന്ന ഗ്രിഫിനും ആദര സൂചകമായി ഒരു ഡിപ്ലോമ കൊടുക്കാൻ അവർ തൂരുമാനിച്ചു. അങ്ങനെ ക്ലാർസൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ഒക്കുപ്പേഷനൽ തെറാപ്പിയിൽ ഹാവ്ലി മാസ്റ്റർ ബിരുദം നേടിയപ്പോൾ അവളുടെ അരികിൽ നിന്ന് ഗ്രിഫിനും ഏറ്റുവാങ്ങി ഒരു ഡിപ്ലോമ. ഗ്രിഫിന്റെ സേവനങ്ങളെ അവർ പ്രകീർത്തിക്കുകയും ചെയ്തു.
പവ്സ്ഫോർ പ്രിസൺസ് എന്ന പ്രത്ര്യേക കേന്ദ്രത്തിൽ നിന്നാണ് ഗ്രിഫിനെ ഹാവ്ലിക്ക് ലഭിക്കുന്നത്. പരിശീലനം ലഭിച്ച നായകളുള്ള ഇവിടെ ആവശ്യമുള്ളവർക്ക് എത്താമെങ്കിലും നായകളാണ് തങ്ങളുടെ യജമാനനെ തിരഞ്ഞെടുക്കുന്നത്. ഹാവ്ലി നായക്കുട്ടി വേണ്ടി ഇവിടെയെത്തിയപ്പോൾ വീൽ ചെയർ കണ്ട് പേടിച്ച് ഒരു നായക്കുട്ടി പോലും അവൾക്ക് അരികിൽ എത്തിയില്ല.പക്ഷേ ഗ്രിഫിൻ അവളെ കണ്ടപാടെ ഓടിയെത്തുകെയായിരുന്നു. അന്നു മുതൽ ഹാവിലിയുടെ വിജയങ്ങൾക്ക് കൈതാങ്ങാവാൻ ഗ്രിഫിനും അവക്ക് ഒപ്പം നടക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Degree, Honorary diploma, New york, Service dog