ഇടുക്കി വണ്ടിപ്പെരിയാർ പശുമല എസ്റ്റേറ്റിൽ ഉണ്ടായ പോലീസ് വെടിവെയ്പ് കഴിഞ്ഞിട്ട് ഏഴു പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും തൊഴിലാളി ലയങ്ങളിൽ നിന്നും ഇപ്പോഴും ആ സംഭവത്തിന്റെ ഓർമ്മകൾ വിട്ടുമാറിയിട്ടില്ല. 1952ൽ തൊഴിലാളി സമരത്തേ തുടർന്നുണ്ടായ സംഘർഷത്തിൽ തൊഴിലാളികളായ മാധവൻ, പൊന്നയ്യ എന്നിവർ കൊല്ലപ്പെടുകയായിരുന്നു.
പീരുമേട്, വണ്ടിപ്പെരിയാർ, പശുമല, ഏലപ്പാറ തുടങ്ങിയ തേയില എസ്റ്റേറ്റുകളിൽ ഇംഗ്ലീഷുകാരായ തോട്ടം ഉടമകൾ ആദ്യകാലത്ത് തൊഴിലാളികളെ കൊണ്ട് വിശ്രമമില്ലാതെ പണിയെടുപ്പിച്ചിരുന്നു. ഭക്ഷണത്തിന് പോലും തികയാത്ത നാമമാത്രമായ കൂലിയും തോട്ടം അധികാരികളുടെ ചൂഷണവും മൂലം തൊഴിലാളികൾ കടുത്ത ദുരിതത്തിലായിരുന്നു.
1946 ൽ ദിവാൻ സർ സി പി രാമസ്വാമി അയ്യർ നാല് ശതമാനം ബോണസ് നൽകാൻ ഉത്തരവിട്ടെങ്കിലും തോട്ടം ഉടമകൾ തൊഴിലാളികൾക്ക് അനുകൂല്യം നൽകാൻ തയ്യാറായില്ല. ഇതിനിടെ തോട്ടം തൊഴിലാളികളുടെ മക്കൾക്ക് വേണ്ടി പിള്ളപുരയിൽ നൽകിയിരുന്ന പിള്ളഅരിശി (അരി) പശുമല എസ്റ്റേറ്റിൽ നിർത്തലാക്കി.
കടുത്ത ദാരിദ്ര്യത്തിലായ തൊഴിലാളികൾ ഇതോടെ സമരം ആരംഭിച്ചു. മാനേജ്മെന്റ് സമരം അടിച്ചമർത്താൻ നോക്കിയെങ്കിലും കഴിയാതെ വന്നതോടെ പീരുമേട് മജിസ്ട്രറ്റ് വെടിവെയ്പ്പിന് ഉത്തരവിട്ടു. പോലീസ് നടത്തിയ വെടിവെയ്പിൽ തൊഴിലാളികളായ മാധവനും പൊന്നയ്യയും കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
തൊഴിലാളികളോടുള്ള പീഡനം മൂലം പുരുഷൻമാർ ഭൂരിഭാഗവും ഒളിവിൽ പോയി. ലയങ്ങളിൽ നാഥനില്ലാതായതോടെ പോലീസും തോട്ടം മേധാവികളും സ്ത്രീകളേയും കുട്ടികളേയും ഉപദ്രവിക്കുന്നത് പതിവായി. ജനങ്ങൾ മരിച്ചു വീണിട്ടും നിരവധി ലയങ്ങൾ അനാഥമായിട്ടും പോലീസിനെ ഉപയോഗിച്ച് തോട്ടം അധികൃതർ നരനായാട്ട് തുടർന്നതായി സംഭവത്തിന്റെ ദൃക്സാക്ഷിയും, അക്കാലത്തേ തോട്ടം കങ്കാണിയുമായ തങ്കയ്യ പറഞ്ഞു.
പിന്നീട് ഏലപ്പാറ എസ്‌റ്റേറ്റിൽ 1948 കാലത്ത് എൻ ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിൽ തൊഴിലാളി സംഘടന രൂപം കൊണ്ട ശേഷമാണ് പശുമലയിൽ ഉൾപ്പെടെ തൊഴിലാളികൾക്ക് നിലനിൽക്കാനായത്. 71-ാം വർഷത്തിലും പശുമല കലാപത്തിന്റെ ഭീതി ഇനിയും വിട്ടുമാറിയിട്ടില്ലന്നാണ് പീരുമേട്ടിലെ തൊഴിലാളികൾ പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Idukki, Vandiperiyar