• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

ആ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് ഷില്‍ന ജീവിതത്തിലേക്കു പിച്ചവയ്ക്കുന്നു; കൂട്ടായി രണ്ടു പൊന്നോമനകളും...

News18 Malayalam
Updated: September 13, 2018, 11:19 PM IST
ആ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് ഷില്‍ന ജീവിതത്തിലേക്കു പിച്ചവയ്ക്കുന്നു; കൂട്ടായി രണ്ടു പൊന്നോമനകളും...
News18 Malayalam
Updated: September 13, 2018, 11:19 PM IST
കണ്ണൂര്‍: അധ്യാപകനും കവിയുമായ കെ.വി സുധാകരന്‍ എന്ന സുധാകരന്‍ മാഷ് കഴിഞ്ഞ വര്‍ഷമാണ് വാഹനാപകടത്തില്‍ മരിച്ചത്. മാഷിന്റെ പെട്ടന്നുള്ള വിയോഗം കുടുംബാംഗങ്ങളെപ്പോലെ വിദ്യാര്‍ഥികളെയും സുഹൃത്തുക്കളെയും ഏറെ സങ്കടപ്പെടുത്തി. എന്നാല്‍ ഇന്ന് മാഷിന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചിരിക്കുകയാണ്. ഏകമകന്‍ മരിച്ച് ഒരു വര്‍ഷത്തിനു ശേഷം മാഷിന്റെ അമ്മയും ഉള്ളുതുറന്നൊന്നു സന്തോഷിച്ചു. മറ്റൊന്നുമല്ല, മാഷിന്റെ ഭാര്യ ഷില്‍ന സുധാകരന്‍ രണ്ട് പിഞ്ചോമനകള്‍ക്ക് ജന്മം നല്‍കി.

വര്‍ഷങ്ങളായി കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു സുധാകരന്‍-ഷില്‍ന ദമ്പതികള്‍. കോഴിക്കോട്ടെ ആശുപത്രിയിലേക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായതും ആഗ്രഹങ്ങള്‍ ബാക്കിയാക്കി സുധാകരന്‍ മാഷ് യാത്രയായതും. എന്നാല്‍ സുധാകരന്റെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ ഷില്‍ന ചികിത്സ തുടര്‍ന്നു. പിന്തുണ നല്‍കി ബന്ധുക്കളും ആത്മമിത്രങ്ങളും ഒപ്പം നിന്നു.

വ്യാഴാഴ്ചയാണ് കണ്ണൂരിലെ ആശുപത്രിയില്‍ ഷില്‍ന പ്രസവിച്ചത്. ഒന്നല്ല, രണ്ടു പൊന്നോമനകള്‍. അതും പെണ്‍കുട്ടികള്‍. ഏകമകന്റെ മരണത്തിനു ശേഷം സുധാകരന്‍ മാഷിന്റെ അമ്മയും ഉള്ളുതുറന്നൊന്നു സന്തോഷിച്ചു. ഒപ്പം ആനന്ദക്കണ്ണീരും.

മാഷിന്റെ മരണത്തിനു പിന്നലെ ഷില്‍ന ഫേസ്ബുക്കിലിട്ട ഓര്‍മ്മക്കുറിപ്പ് കണ്ണ് നിറയ്ക്കുന്നതായിരുന്നു.

'ചിലപ്പോഴെല്ലാം മരണത്തേക്കാള്‍ ഭയാനകമാണ് ഈ ഏകാന്തത എന്ന് തോന്നാറുണ്ട്.. അപ്പോഴെല്ലാം നാം ഒരുമിച്ചു ചിലവഴിച്ച നല്ല ദിനങ്ങള്‍ ഓര്‍മിച്ചു കൊണ്ടോ, ആ മനോഹരമായ കൈപ്പടയിലൂടെ കണ്ണോടിച്ചോ ,ഇത്ര നാള്‍ ആ എഴുത്തു മുറിയുടെ ഭാഗമായിരുന്ന പുസ്തകങ്ങളും കണ്ണടയും തൊട്ടുനോക്കിയോ, ഇതുവരെ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളൊക്കെയും തടവി തലോടിയോ, സര്‍വ്വോപരി കൂടുതല്‍ കൂടുതല്‍ സ്‌നേഹിച്ചുകൊണ്ടോ തപ്പിയും തടഞ്ഞും ഈ ഇരുട്ടിനെ മറികടക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കയാണ്... ആ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന്, ജീവിതത്തിലേക്കു പിച്ചവെച്ചു നടന്നു കയറുന്നു...'

കണ്ണുനനയ്ക്കുന്ന ആ കുറിപ്പ് ഇങ്ങനെ:

സഹനത്തിന്റെ വഴിയില്‍ നാം തനിച്ചാവുകയും ആരോരുമില്ലാതാവുകയും ചെയ്യുമ്പോള്‍ ആശ്വാസത്തിന്റെ ഒരു അദൃശ്യ ഹസ്തം നാമറിയാതെ നമുക്ക് നേരെ നീളുന്നു...ആ കൈകള്‍ ചിലപ്പോള്‍ നെഞ്ച് പൊട്ടുന്നൊരു അച്ഛന്റേതാവാം,സര്‍വംസഹയായ ഒരു
Loading...

അമ്മയുടേതാവാം ,അതല്ലെങ്കില്‍ ചേര്‍ത്ത് പിടിക്കുന്നൊരു സഹോദരന്റെയോ സഹോദരിയുടേതോ ആവാം ,അതുമല്ലെങ്കില്‍ ഏറ്റവും പ്രിയപ്പെട്ടൊരു സുഹൃത്തിന്റേതും ആവാം....ജീവിതം കീഴ്‌മേല്‍ മറിയുന്നൊരു

ദിനം നമുക്ക് ഓരോരുത്തര്‍ക്കും ഉണ്ട്....ജീവിതമെന്ന പാഠപുസ്തകം ഓരോ ദിനങ്ങളിലും പുതിയ പുതിയ പാഠങ്ങള്‍ നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു

കരുത്തു നല്‍കിക്കൊണ്ടിരിക്കുന്നു...

എന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ 82 ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു...സഹനത്തിന്റെ ഉച്ചസ്ഥായില്‍ നില്‍ക്കുമ്പോഴും ആരെക്കുറിച്ചുള്ള ഓര്‍മ്മകളാണോ ഇത്രയേറെ പീഡിതയാക്കുന്നതു, അതെ ഓര്‍മ്മകള്‍ തന്നെ ജീവിതത്തിലേക്ക് തിരിഞ്ഞു നടക്കാന്‍ വീണ്ടും വീണ്ടും കരുത്തു പകരുന്നു..

ചിലപ്പോഴെല്ലാം മരണത്തേക്കാള്‍ ഭയാനകമാണ് ഈ ഏകാന്തത എന്ന് തോന്നാറുണ്ട്.. അപ്പോഴെല്ലാം നാം ഒരുമിച്ചു ചിലവഴിച്ച നല്ല ദിനങ്ങള്‍ ഓര്‍മിച്ചു കൊണ്ടോ,ആ മനോഹരമായ കൈപ്പടയിലൂടെ കണ്ണോടിച്ചോ ,ഇത്ര നാള്‍ ആ എഴുത്തു മുറിയുടെ ഭാഗമായിരുന്ന പുസ്തകങ്ങളും കണ്ണടയും തൊട്ടുനോക്കിയോ, ഇതുവരെ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളൊക്കെയും തടവി തലോടിയോ, സര്‍വ്വോപരി കൂടുതല്‍ കൂടുതല്‍ സ്‌നേഹിച്ചുകൊണ്ടോ ,തപ്പിയും തടഞ്ഞും ഈ ഇരുട്ടിനെ മറികടക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കയാണ് ...ആ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന്, ജീവിതത്തിലേക്കു പിച്ചവെച്ചു നടന്നു കയറുന്നു...

എന്റെ കണ്ണുനീര്‍ മറ്റാരേക്കാളും വേദനിപ്പിക്കുന്നത് നിന്നെയാണെന്നറിയുന്നതു കൊണ്ട് തന്നെ പലപ്പോഴും ആ ഓര്‍മ്മകള്‍ക്ക് മുന്നില്‍ മനപ്പൂര്‍വ്വം കണ്ണുകള്‍ ഞാന്‍ ഇറുകിയടക്കുന്നു ...

വ്യസനിക്കാനല്ല നീ പഠിപ്പിച്ചത് ..ഒരുമിച്ചുണ്ടായിരുന്ന രാത്രികളിലും പകലുകളിലും പ്രതീക്ഷയാണ് സന്തോഷത്തിന്റെ കാതല്‍ എന്ന് പറഞ്ഞു തന്നു .പ്രതീക്ഷയ്ക്കു വിധിയെ മാറ്റാന്‍ കഴിയുമോ ?എന്നിരുന്നാലും ജീവിതയാത്രയെ സുഗമമാക്കാന്‍ സഹായികുമായിരിക്കും .

ഒരുമിച്ചുണ്ടായിരുന്ന ലളിതവും സന്തോഷപൂര്‍ണ്ണമായ ജീവിതവര്ഷങ്ങള്‍ .

ഒന്നുമില്ലായ്മയില്‍നിന്നു നമ്മള്‍ പടുത്തുയര്‍ത്തിയ ജീവിതപച്ചകള്‍ ..പൂജ്യത്തില്‍ നിന്നും മൂല്യമുള്ളൊരു സംഖ്യയിലേക്കുള്ള പ്രയാണത്തില്‍ ഒരു കൈതാങ്ങായെങ്കിലും കൂടെയുണ്ടാവാന്‍ കഴിഞ്ഞത് ഈ തകര്‍ച്ചയിലും എനിക്കാശ്വാസം പകരുന്നു .വിസ്മയകരമായ ആ പ്രണയം പകരുന്ന ഊര്‍ജം തന്നെയാണ് മുന്നോട്ട് ഇനിയുള്ള പ്രയാണത്തിന് പ്രചോദനവും ..

 

എന്നത്തേയുമെന്നത് പോലെ പ്രതിസന്ധികളില്‍ ഏതൊരു കൈകളാണോ മുറുകെ പിടിച്ചിരുന്നത് ,ആരുടെ ചുമലുകളിലേക്കാണോ ആശ്വാസപൂര്‍വ്വം ചാഞ്ഞിരുന്നത് അതെ കൈകള്‍ തന്നെ ഇപ്പോഴും മുറുകെപ്പിടിക്കുന്നു ,ആശ്വാസം കണ്ടെത്തുന്നു..ഈ തകര്‍ച്ചയും നേരിടാന്‍ എന്നെ നീ തന്നെ പ്രാപ്തയാക്കുന്നു ..

സത്യത്തില്‍ ഒരു മരണവീട്ടിലേക്കു കയറി ചെല്ലുന്നതു പൊലെ എളുപ്പമല്ല ,മരണം വീട്ടിലേക്കു വരുമ്പോഴുള്ള അവസ്ഥ ..എന്നത്തേയും പോലെ സാധാരണമായ ഒരു ദിവസം എത്ര പെട്ടന്നാണ് ഏറ്റവും കഠിനവും ദുരിതപൂര്‍ണ്ണവുമായി മാറുന്നത് ...

ഏത്ര മനോഹരമായ ഒരു കുടുംബ ചിത്രത്തില്‍ നിന്നുമാണ് മരണമേ പ്രിയപ്പെട്ടൊരാളെ നീ നിഷ്‌കരുണം അടര്‍ത്തി മാറ്റിയതു !

ആ വിടവ് സൃഷ്ടിക്കുന്ന ശൂന്യത എത്രയേറെ അഗാധമാണ് !

പ്രിയപ്പെട്ടൊരു വീടും തൊടികളും അതുമായി പൊരുത്തപ്പെടാനാവാതെ വിറങ്ങലിച്ചു നില്‍ക്കുന്നു ..

ഇന്നലെവരെ ഞാന്‍ ഇറുകിപ്പുണര്‍ന്നിരുന്ന പ്രിയപ്പെട്ടൊരാളാണ് ആ നിലത്തു വെള്ള തുണിയില്‍ പൊതിഞ്ഞു കിടത്തിയിരുന്നത് എന്നു വിശ്വസിക്കുക ഹൃദയഭേദകമായിരുന്നു

തണുത്തുറഞ്ഞ ആ ദേഹം സ്പര്‍ശിക്കാന്‍ പോലും ഞാന്‍ ഭയപ്പെട്ടു ..

അന്ത്യചുംബനം നല്‍കിയപ്പോള്‍ ഞാന്‍ ബോധത്തിനും അബോധത്തിനും ഇടയിലുള്ള നൂല്‍പ്പാലത്തിലൂടെ ഒരു അപസ്മാരബാധിതയെ പോലെ സഞ്ചരിച്ചു !

ഒരിക്കലും ബോധം തെളിയാത്ത വിധം എന്തെങ്കിലും മരുന്നുകള്‍ തന്നു എന്നോയൊന്നു ഉറക്കിക്കിടത്തു് എന്നു പറയണമെന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു..

സ്‌നേഹവും ,പ്രണയവും പ്രതീക്ഷകളും ചേര്‍ത്ത് ഞങ്ങള്‍ പടുത്തുയര്ത്തിയ ആ വീടിന്റെ അകത്തളതില്‍ എന്റെ പ്രിയപ്പെട്ട മാഷ് ,അവരുടെ പ്രിയപെട്ട ഏട്ടന്‍ എന്നന്നേക്കുമായി ഉറങ്ങിക്കിടന്നു .

എത്രയെളുപ്പത്തിലാണ് മരണം ഓരോ വീട്ടിലേക്കും ചടുലതയോടെ കയറിവരുന്നത്..?

ആരാണ് ജീവിതത്തിനു ഇത്രയും വിചിത്രമായ തിരക്കഥ എഴുതുന്നത്?

സഹനത്തിന്റെ കൃത്യമായ നിര്‍വചനം എന്താണ് ??

കണ്ണ് നിറയാതെയും കൈകള്‍ വിറയ്ക്കാതെയും ഈ കുറിപ്പ് പൂര്‍ത്തിയാക്കുമ്പോള്‍ സ്‌നേഹത്തോടെയും നന്ദിയോടെയും ഓര്‍മ്മിക്കേണ്ട ചിലരുണ്ട് ..

മരണസമയത്തും അതിനുശേഷവും എനിക്കും

കുടുംബത്തിനും താങ്ങും തണലുമായി നിന്ന മാഷ്ടെ പ്രിയപെട്ട സുഹൃത്തുക്കള്‍ ..

ബ്രണ്ണന്‍ കോളേജ് അദ്ധ്യാപക അനധ്യാപക സുഹൃത്തുക്കള്‍ ..

മാഷടെ പ്രിയപെട്ട വിദ്യാര്‍ത്ഥികള്‍ ..നേരിട്ടും അല്ലാതെയും അശ്വാസവാക്കുകള്‍ ചൊരിഞ്ഞ പരിചിതരും അപരിചിതരുമായ സുഹൃത്തുക്കള്‍ .

ഇപ്പോഴും താങ്ങും തണലുമായി നില്‍ക്കുന്ന എന്റെ പ്രിയപെട്ട സഹപ്രവര്‍ത്തകര്‍ ..

എളയട്ടെ പ്രിയപെട്ട നാട്ടുകാര്‍ .

ഞങ്ങളുടെ അച്ഛനമ്മമാര്‍ ..സഹോദരന്‍ ,സഹോദരി .. മറ്റു ബന്ധുക്കള്‍ ...

എല്ലാവര്ക്കും സ്‌നേഹം ,നന്ദി ..

എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതിന് !

ഇതിനേക്കാള്‍ അധികമായി

ഈ പിറന്നാള്‍ ദിനത്തില്‍ ഞാന്‍ എന്താണു നല്‍കേണ്ടത് പ്രിയപ്പെട്ടവനെ ..

മരണത്തിനും മുകളില്‍ തന്നെയാണു പ്രണയം എന്നുമെന്നും !

 
First published: September 13, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...