HOME » NEWS » Life » SHILNA SUDHAKARAN VIRAL FACEBOOK POST

'ഞാൻ എല്ലാം നാളേയ്ക്ക് വേണ്ടി മാറ്റിവച്ചു; എല്ലാ നാളെകൾക്കും മുകളിലൂടെ മാഷ് ഒരു പോക്കങ്ങു പോയി': കണ്ണ് നനയ്ക്കുന്ന കുറിപ്പ്

നല്ലതെന്തു കണ്ടാലും വാങ്ങിയാലും അത് നാളെത്തേക്കു എന്ന് പറഞ്ഞു മാറ്റിവെക്കുന്നവരാണോ നിങ്ങൾ ,എങ്കിൽ തീർച്ചയായും നിങ്ങൾ ഈ കുറിപ്പൊന്നു വായിക്കണം.

News18 Malayalam | news18-malayalam
Updated: October 16, 2020, 3:46 PM IST
'ഞാൻ എല്ലാം നാളേയ്ക്ക് വേണ്ടി മാറ്റിവച്ചു; എല്ലാ നാളെകൾക്കും മുകളിലൂടെ മാഷ് ഒരു പോക്കങ്ങു പോയി': കണ്ണ് നനയ്ക്കുന്ന കുറിപ്പ്
സുധാകരൻ മാഷും ഷിൽനയും
  • Share this:
നല്ലതെന്തു കണ്ടാലും വാങ്ങിയാലും അത് നാളെത്തേക്കു മാറ്റി വയ്ക്കുന്നവർക്കു വേണ്ടികണ്ണ നനയ്ക്കുന്ന കുറിപ്പുമായി ഷിൽന സുധാകരൻ.  "എല്ലാ വിവാഹ വാർഷികത്തിനും മാഷ് സ്വന്തം ഇഷ്ടപ്രകാരം ഒരു കോട്ടൺ സാരി വാങ്ങിത്തരും. എന്നെ സാരി ഉടുത്തു കാണാൻ മാഷ്ക്ക് എന്നും ഇഷ്ടമായിരുന്നു. എന്നാൽ ഞാൻ ഒരിക്കലും മാഷ് സമ്മാനമായി വാങ്ങി തന്ന സാരികളൊന്നും ഉടുത്തിരുന്നില്ല. അവയൊക്കെയും എനിക്കേറെ പ്രിയപ്പെട്ടവ ആയിരുന്നതിനാൽ അലക്കി തേച്ചു മടക്കി പൊന്നു പോലെ സൂക്ഷിച്ചു വെക്കും . അലമാര തുറക്കുമ്പോൾ അവയൊക്കെയും കണ്ടു മാഷ് ചോദിക്കും എന്നെങ്കിലും ഇതൊക്കെ ഉടുത്തു നിന്നെയൊന്നു കാണാനാവുമോ എന്ന്.. എനിക്കെന്തോ അതൊന്നും ഉപയോഗിച്ചു നശിപ്പിക്കാൻ തോന്നിയിരുന്നില്ല." ഷിൽന ഫേസ്ബുക്കിൽ കുറിക്കുന്നു.

Also Read സുധാകരന്‍ മാഷിന്റെ പൊന്നോമനകള്‍ക്ക് ഷില്‍ന പേരിട്ടു; നിമ മിത്രയും നിയ മാന്‍വിയും

"കുട്ടികൾ ഇല്ലാത്തതാണ് ഏറ്റവും വലിയ ദുഃഖമെന്നായിരുന്നു അക്കാലത്തൊക്കെയും കരുതിയിരുന്നത്. പ്ലാൻ ചെയ്യുന്ന യാത്രകളും മറ്റു അധിക സന്തോഷങ്ങളും എല്ലാം ഞങ്ങൾ കുട്ടികൾ ഉണ്ടായ ശേഷം മതിയെന്ന് തീരുമാനിച്ചു അവർക്കായി കാത്തിരുന്നു. എന്നാൽ അങ്ങനെയാരും ഒരുമിച്ചുണ്ടായ കാലത്തൊന്നും ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതേയില്ല. ഒരു നട്ടുച്ച സമയത്തേക്ക് എന്‍റെ എല്ലാ നാളെകൾക്കും മുകളിലൂടെ ഒരു സീബ്ര ലൈനും മുറിച്ചു കടന്നു എല്ലാരും നോക്കി നിൽക്കെ മാഷ് ഒരു പോക്കങ്ങു പോയി.."- ഷിൽനയുടെ കുറിപ്പ് പൂർണരൂപത്തിൽ ചുവടെ;

നല്ലതെന്തു കണ്ടാലും വാങ്ങിയാലും അത് നാളെത്തേക്കു എന്ന് പറഞ്ഞു മാറ്റിവെക്കുന്നവരാണോ നിങ്ങൾ ,എങ്കിൽ തീർച്ചയായും നിങ്ങൾ ഈ കുറിപ്പൊന്നു വായിക്കണം.

ഞങ്ങളെക്കുറിച്ചു തന്നെയാണ്..

എന്തും ഏതും നുള്ളിപ്പെറുക്കി സൂക്ഷിച്ചു മാറ്റിവെക്കുന്നൊരു ദുസ്വഭാവം ജന്മനാ എനിക്കുണ്ട്.

നല്ലതെന്തും ഉപയോഗിച്ചു ചീത്തയാക്കാൻ മനസ് വരില്ല..

വീട്ടിലേക്കായി വാങ്ങുന്ന അലങ്കാരവസ്തുക്കളാകട്ടെ ക്രാഫ്റ്റ് ഐറ്റംസ്,പാത്രങ്ങൾ ഇത്യാദി എന്തുമാവട്ടെ കൊണ്ട് വന്ന പാടെ എല്ലാം തുടച്ചു ഭംഗിയാക്കി പൊതിഞ്ഞു അങ്ങ് മാറ്റിവെക്കും. മറ്റൊരവസരത്തിലേക്കു എടുക്കാനായി.. മാഷ് പലതവണ ശാസിച്ചിട്ടുണ്ട് ,എന്തിനാണ് പിന്നെ ഇതൊക്കെ എന്ന് ചോദിച്ചിട്ടു. അപ്പോഴൊക്കെ പറയും ഇപ്പൊ ഒന്നും ഉപയോഗിച്ചു ചീത്തയാക്കണ്ട പിന്നീട് ആവട്ടേയെന്നു .

എല്ലാ വിവാഹ വാർഷികത്തിനും മാഷ് സ്വന്തം ഇഷ്ടപ്രകാരം ഒരു കോട്ടൺ സാരി വാങ്ങിത്തരും. എന്നെ സാരി ഉടുത്തു കാണാൻ മാഷ്ക്ക് എന്നും ഇഷ്ടമായിരുന്നു. എന്നാൽ ഞാൻ ഒരിക്കലും മാഷ് സമ്മാനമായി വാങ്ങി തന്ന സാരികളൊന്നും ഉടുത്തിരുന്നില്ല. അവയൊക്കെയും എനിക്കേറെ പ്രിയപ്പെട്ടവ ആയിരുന്നതിനാൽ അലക്കി തേച്ചു മടക്കി പൊന്നു പോലെ സൂക്ഷിച്ചു വെക്കും . അലമാര തുറക്കുമ്പോൾ അവയൊക്കെയും കണ്ടു മാഷ് ചോദിക്കും എന്നെങ്കിലും ഇതൊക്കെ ഉടുത്തു നിന്നെയൊന്നു കാണാനാവുമോ എന്ന്.. എനിക്കെന്തോ അതൊന്നും ഉപയോഗിച്ചു നശിപ്പിക്കാൻ തോന്നിയിരുന്നില്ല.

Also Read ആ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് ഷില്‍ന ജീവിതത്തിലേക്കു പിച്ചവയ്ക്കുന്നു; കൂട്ടായി രണ്ടു പൊന്നോമനകളും...

എല്ലായ്പ്പോഴും അലക്കി പഴകിയ ബെഡ്ഷീറ്റുകളും പുതപ്പുകളും മാത്രം ഉപയോഗിച്ചു നല്ലതും പുതിയതും ഒക്കെയും മറ്റൊരവസരത്തിൽ ഉപയോഗിക്കാനായി മാറ്റിവെച്ചു..എല്ലാം ഇങ്ങനെ നീ ആർക്കു വേണ്ടി സൂക്ഷിക്കുന്നു എന്ന പല്ലവി മാഷ് എന്നും ആവര്ത്തിച്ചു.

ഓരോ അവധി ദിനം വരുമ്പോഴും കൂട്ടുകാരോടൊപ്പം കറങ്ങാൻ പോവുകയും അവർക്കൊപ്പം കഴിയാനും മാഷ് അതിയായി ആഗ്രഹിച്ചു.പക്ഷെ എനിക്ക് എന്നും വീടായിരുന്നു ഇഷ്ടം. മാഷോടൊപ്പം ഉറങ്ങിയും പാചകം ചെയ്തും സിനിമ കണ്ടും പറമ്പിൽ കിളച്ചും പച്ചക്കറി നട്ടും തനി വീട്ടുകാരിയായി കഴിയാനാണ് എന്‍റെ ആഗ്രഹം എന്നറിയുന്നത് കൊണ്ട് മാഷ് എല്ലാ ഇഷ്ടങ്ങളും പിന്നെത്തേക്ക് മാറ്റിവെച്ചു..

കുട്ടികൾ ഇല്ലാത്തതാണ് ഏറ്റവും വലിയ ദുഃഖമെന്നായിരുന്നു അക്കാലത്തൊക്കെയും കരുതിയിരുന്നത്. പ്ലാൻ ചെയ്യുന്ന യാത്രകളും മറ്റു അധിക സന്തോഷങ്ങളും എല്ലാം ഞങ്ങൾ കുട്ടികൾ ഉണ്ടായ ശേഷം മതിയെന്ന് തീരുമാനിച്ചു അവർക്കായി കാത്തിരുന്നു. എന്നാൽ അങ്ങനെയാരും ഒരുമിച്ചുണ്ടായ കാലത്തൊന്നും ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതേയില്ല.

ഒരു നട്ടുച്ച സമയത്തേക്ക് എന്‍റെ എല്ലാ നാളെകൾക്കും മുകളിലൂടെ ഒരു സീബ്ര ലൈനും മുറിച്ചു കടന്നു എല്ലാരും നോക്കി നിൽക്കെ മാഷ് ഒരു പോക്കങ്ങു പോയി..

ഞങ്ങൾ പങ്കുവെച്ച സ്നേഹം മാത്രമാണ് ആകെ ബാക്കിയുണ്ടായിരുന്നത്..

ജീവിതം എത്ര ലളിതമാണ്.നമ്മുടെ സന്തോഷങ്ങൾ ,നമ്മുടെ പ്രിയപ്പെട്ട സമയങ്ങൾ

ഏറ്റവും ഭംഗിയുള്ളതും വിലപ്പെട്ടതും എന്ന് നാം കരുതുന്നവ ഇവയൊന്നും തന്നെ നാളെക്കായി മാറ്റിവെക്കരുത് എന്ന് ഞാൻ പഠിച്ചു .

അതൊന്നും മറ്റൊരാൾക്കുള്ളതല്ല മറ്റൊരു അവസരത്തിലേക്കും അല്ല.

ഇന്നത്തെ സ്നേഹത്തിലും സന്തോഷത്തിലുമാണ് നാം ജീവിക്കേണ്ടത്.

നമ്മെ തന്നെ ഒന്ന് സൂക്ഷിച്ചു നോക്കൂ ,നമ്മൾ സ്‌നേഹിക്കേണ്ടതു നമ്മളെതന്നെ അല്ലെ,നമ്മുടെ സന്തോഷങ്ങളെയല്ലേ .

നമ്മുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട അതിഥിയും നമ്മളല്ലാതെ മറ്റാരാണ്..

ജീവിതം ഇതാണ് എന്നുമെന്നും ഓർമപ്പെടുത്തുന്നത് ❤️

so get ready to restart our life dears
Published by: Aneesh Anirudhan
First published: October 16, 2020, 3:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories