ഇന്ന് ലോക രക്തദാന ദിനം. രക്തദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ജൂണ്‍ 14ന് ലോക രക്തദാന ദിനമായി (world blood donor day) ആചരിക്കുന്നത്. പ്ലാസ്മ തെറാപ്പികള്‍, അപകടങ്ങൾ എന്നിങ്ങനെയുള്ള നിരവധി സന്ദർഭങ്ങളിൽ രക്തം ദാനം ചെയ്യാറുണ്ട്. ആവശ്യമുള്ളവര്‍ക്ക് രക്തം ലഭ്യമാക്കുന്നതിനും രക്തം ശേഖരിക്കുന്നതിന് ആവശ്യമായ മാര്‍ഗ നിർദേശങ്ങൾ നൽകുന്നതിനും, സര്‍ക്കാരുകള്‍ക്കും ദേശീയ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വേണ്ടിയുള്ള ആഹ്വാനമായും ഈ ദിനം പ്രവര്‍ത്തിക്കുന്നു.
''രക്തം ദാനം ചെയ്യുന്നത് ഐക്യദാര്‍ഢ്യമാണ്, ഈ പരിശ്രമത്തില്‍ പങ്കുചേരൂ, ജീവന് രക്ഷിക്കൂ'' എന്നാണ് ഈ വര്‍ഷത്തെ രക്തദാന ദിന സന്ദേശം. രക്തദാനത്തിന് എല്ലായ്പ്പോഴും പ്രാധാന്യമുണ്ടെങ്കിലും, കോവിഡിന് ശേഷമുള്ള ഈ ലോകത്ത് അതിന്റെ പ്രാധാന്യം വളരെ വലുതാണ്. ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച്, ഒരു രാജ്യത്തിന് അവിടുത്തെ ജനസംഖ്യയുടെ 1 ശതമാനം രക്തയൂണിറ്റുകള് ആവശ്യമാണെന്നാണ്. കോവിഡിന് മുമ്പും ഇന്ത്യയില്‍ ഈ മാനദണ്ഡം പാലിച്ചിരുന്നില്ല.
2020 മാര്‍ച്ചില്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ആരംഭിച്ചതിനു ശേഷം, ശേഖരിക്കുന്ന രക്തയൂണിറ്റുകളുടെ എണ്ണത്തിലും രക്തക്യാമ്പുകളുടെ എണ്ണത്തിലും വലിയ കുറവ് വന്നിട്ടുണ്ട്. കോവിഡ് 19 (covid 19) പകരുമെന്ന ഭയം കൊണ്ട് ആളുകള്‍ തിരക്കേറിയ ആശുപത്രികളിലും രക്ത ശേഖരണ ക്യാമ്പുകളിലും പോകുന്നതില്‍ ജാഗ്രത പുലര്‍ത്തിയതാണ് ഇതിനു കാരണം. കോവിഡ് ഇപ്പോഴും ഉണ്ടെങ്കിലും, ഇന്ത്യയില്‍ തലസീമിയ, അനീമിയ, ബ്ലഡ് കാന്‍സര്‍ എന്നീ അസുഖങ്ങളുള്ള ആളുകളെ സഹായിക്കാന്‍ ഇപ്പോഴും രക്തം ആവശ്യമാണ്. ലോകത്ത് എവിടെയും രക്തം ദാനം ചെയ്യുന്നതിലൂടെ കൊറോണ വൈറസോ മറ്റ് വൈറസുകളോ പടരുമെന്നതിന് നിലവില്‍ സൂചനകളൊന്നുമില്ല.
കൂടാതെ, കോവിഡില്‍ നിന്ന് സുഖം പ്രാപിച്ചതിന് ശേഷം ഒരാള്‍ക്ക് പ്ലാസ്മ ദാനം ചെയ്യാവുന്നതാണ്. മുമ്പ് രോഗബാധിതരായ കോവിഡ് രോഗികളില്‍ നിന്ന് ഡോക്ടര്‍മാര്‍ പ്ലാസ്മ ശേഖരിച്ച് നിലവിലെ കോവിഡ് രോഗികള്‍ക്ക് നല്‍കുന്നതാണ് കണ്‍വലസെന്റ് പ്ലാസ്മ ചികിത്സ(convalescent plasma treatment) . ഒരാള്‍ പ്ലാസ്മ ദാനം ചെയ്യുന്നത് നാല് രോഗികള്‍ക്ക് വരെ പ്രയോജനം നൽകും.
രക്തം ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ അവസാന വാക്സിന് സ്വീകരിച്ച തീയതി കൃത്യമായി ഓര്‍ത്തുവെയ്ക്കേണ്ടതുണ്ട്. നാഷണല്‍ ബ്ലഡ് ട്രാന്സ്ഫ്യൂഷന് കൗണ്‍സിലിന്റെ (NBTC) ഉത്തരവ് അനുസരിച്ച്, കോവിഡ്-19 വാക്സിനേഷന്റെ അവസാന ഡോസ് കഴിഞ്ഞ് 28 ദിവസത്തേക്ക് രക്തം ദാനം ചെയ്യാന്‍ പാടില്ല. കോവാക്സിന് സ്വീകരിച്ച ആളുകള്‍ രക്തം ദാനം ചെയ്യുന്നതിന് 56 ദിവസമെങ്കിലും കാത്തിരിക്കണം. കൂടാതെ കോവിഷീല്‍ഡ് സ്വീകരിച്ചവര്‍ 70 ദിവസം വരെയും കാത്തിരിക്കണം.
18നും 65നും ഇടയില്‍ പ്രായവും, കുറഞ്ഞത് 45 കിലോഗ്രാം ഭാരവും, ശാരീരികവും മാനസികവുമായ ആരോഗ്യവുമുള്ള ഏതൊരാള്‍ക്കും മൂന്ന് മാസം കൂടുമ്പോള്‍ രക്ത ദാനം ചെയ്യാവുന്നതാണ്. കൃത്യമായ ഇടവേളകളില്‍ രക്തദാനം ചെയ്യുന്നതിലൂടെ രക്ത ദാതാവിനും ധാരാളം ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. ഇന്ത്യയില്‍ രക്തദാനം ചെയ്യുന്നവരില്‍ കേവലം 6 ശതമാനം മാത്രമാണ് സ്ത്രീകള്‍. എന്നാല്‍ ഇന്ന് ധാരാളം പെണ്‍കുട്ടികളും രക്തദാനത്തിനായി മുന്നോട്ട് വരുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.