HOME /NEWS /Life / ഇന്ന് ലോക വയോജന ദുരുപയോഗ ബോധവൽക്കരണ ദിനം; ഈ ദിവസത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാം

ഇന്ന് ലോക വയോജന ദുരുപയോഗ ബോധവൽക്കരണ ദിനം; ഈ ദിവസത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

മഹാമാരി ലോകമെമ്പാടും വ്യാപിച്ചതോടെ പ്രായമായവരോട് മോശമായി പെരുമാറുന്ന രീതി ഗണ്യമായി വർദ്ധിച്ചുവെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനങ്ങൾ വ്യക്തമാക്കുന്നു

  • Share this:

    ഇന്ന് (ജൂൺ 15) ലോക വയോജന ദുരുപയോഗ ബോധവൽക്കരണ ദിനം. മുതിർന്ന പൗരന്മാർ അനുഭവിക്കുന്ന ചൂഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനാണ് എല്ലാ വർഷവും ജൂൺ 15 ന് ലോക വയോജന ദുരുപയോഗ ബോധവൽക്കരണ ദിനം ആചരിക്കുന്നത്. കോവിഡ് മഹാമാരിയ്ക്കിടയിൽ ഈ വർഷത്തെ ലോക വയോജന ദുരുപയോഗ ബോധവൽക്കരണ ദിനം കൂടുതൽ പ്രസക്തമാണ്. പ്രായമായവർക്ക്, അതായത് 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക്, കോവിഡ് മാരകമാകുന്നതിനാൽ വൈറസ് ബാധിക്കാതിരിക്കാൻ കൂടുതൽ ശ്രദ്ധ നൽകണമെന്നാണ് വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നത്.

    മഹാമാരി ലോകമെമ്പാടും വ്യാപിച്ചതോടെ പ്രായമായവരോട് മോശമായി പെരുമാറുന്ന രീതി ഗണ്യമായി വർദ്ധിച്ചുവെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനങ്ങൾ വ്യക്തമാക്കുന്നു. മുതിർന്നവരെ ദുരുപയോഗം ചെയ്യുന്നതിനെതിരെ ലോകാരോഗ്യ സംഘടനയും മറ്റ് യുഎൻ അനുബന്ധ സംഘടനകളും അടിയന്തര കർമ പദ്ധതി ആവശ്യപ്പെട്ടിട്ടുണ്ട്.

    സമൂഹത്തിൽ വയോജനങ്ങൾ പല വിധ ദുരുപയോഗങ്ങൾക്ക് ഇരയാകുന്നുണ്ട് എന്ന് വിദഗ്ധ‍ർ അഭിപ്രായപ്പെടുന്നു. ഇത് ശാരീരികമോ വാക്കാലുള്ളതോ ലൈംഗികമോ സാമ്പത്തികമോ കുടുംബത്തിലെ ബന്ധുക്കളുടെ ഭാഗത്തു നിന്നുള്ള അവഗണനയോ ഒക്കെയാകാം.

    ചരിത്രം

    മുതിർന്ന പൗരന്മാ‍ർ നേരിടേണ്ടി വരുന്ന ദുരുപയോഗം തടയുന്നതിന് ഇന്റർനാഷണൽ നെറ്റ്‌വർക്ക് ഫോ‍ർ ദ പ്രിവെൻഷൻ ഓഫ് എൽഡെ‍ർ അബ്യൂസ് (INPEA) ആണ് ലോക വയോജന ദുരുപയോഗ ബോധവൽക്കരണ ദിനം ആരംഭിച്ചത്. ‌2006 മുതൽ എല്ലാ വർഷവും ജൂൺ 15നാണ് ഈ ദിനം ആചരിക്കുന്നത്. 2011ൽ ഐക്യരാഷ്ട്രസഭയും മുതിർന്നവ‍ർക്കെതിരെയുള്ള ചൂഷണം ഇല്ലാതാക്കുന്നതിനുള്ള ബോധവത്ക്കരണ ദിനമായി ഈ ദിവസം പ്രഖ്യാപിച്ചു.

    പ്രാധാന്യം

    ലോകത്തിൽ ഏറ്റവും കുറവ് പ്രാധാന്യം ലഭിച്ചിരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പ്രായമായവ‍ർ നേരിടേണ്ടി വരുന്ന ചൂഷണങ്ങൾ. എന്നാൽ ഇപ്പോൾ ഇത്തരം പ്രശ്നങ്ങൾക്ക് കൂടുതൽ ശ്രദ്ധ ലഭിക്കുന്നുണ്ട്. മുതിർന്നവരെ ദുരുപയോഗം ചെയ്യുന്നതിനെതിരെ സംസാരിക്കാനും ബോധവത്ക്കണം നൽകാനും ലോകമെമ്പാടുമുള്ള ആളുകൾ ഒന്നിക്കുന്ന ദിവസമായിട്ടാണ് ലോക വയോജന ദുരുപയോഗ ബോധവൽക്കരണ ദിനം കണക്കാക്കുന്നത്. ഇത് ഒരു ആഗോള സാമൂഹിക പ്രശ്നമാണ്, അത് പ്രായമായവരുടെ ആരോഗ്യത്തെ ബാധിക്കുക മാത്രമല്ല, ദശലക്ഷക്കണക്കിന് പ്രായമായ വയോജനങ്ങളുടെ മാനസിക നിലയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു.

    വിഷയം

    ഈ വ‌ർഷത്തെ ലോക വയോജന ദുരുപയോഗ ബോധവൽക്കരണ ദിനത്തിന്റെ വിഷയം “നീതിയിലേക്കുള്ള പ്രവേശനം” എന്നതാണ്. ഇത് പ്രായമായവരുടെ ആവശ്യങ്ങൾ പൂർണ്ണമായും നിറവേറ്റുന്നത് എത്രത്തോളം നിർണായകമാണെന്നതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്. അക്രമത്തിനും ദുരുപയോഗത്തിനും അവഗണനയ്ക്കും ഇരയാകുന്ന പ്രായമായ ആളുകൾക്ക് ചിലപ്പോൾ നിയമപരമായ പരിഹാരം തേടുന്നതിന് നിരവധി തടസ്സങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. ആരോഗ്യത്തിനുള്ള അവകാശം, സാമൂഹിക സുരക്ഷ, അന്തസ്സോടെ ജീവിക്കാനുള്ള അവകാശം എന്നിങ്ങനെയുള്ള എല്ലാ മൗലികാവകാശങ്ങളും പൂർണ്ണമായി ആസ്വദിക്കാനുള്ള പ്രായമായവരുടെ അവകാശത്തെ 'നീതിയിലേക്കുള്ള പ്രവേശനം' എന്ന ഈ വ‍ർഷത്തെ വിഷയം എറെ സ്വാധീനിക്കുമെന്ന് കരുതാം.

    Summary: Know everything about World Elder Abuse Awareness Day and its significance

    First published:

    Tags: Old age, Old age people, World Elder Abuse Awareness Day