ഇന്ന് ലോക കാലാവസ്ഥാ ദിനം. വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ (WMO) രൂപം കൊണ്ടതിന്റെ ഓർമയ്ക്കായാണ് എല്ലാ വർഷവും മാർച്ച് 23 ന് ലോക കാലാവസ്ഥാ ദിനമായി ആഘോഷിക്കുന്നത്. മനുഷ്യനും ഭൂമിയും തമ്മിലുള്ള പരസ്പര ബന്ധം അടിവരയിട്ട് ഓർമപ്പെടുത്തുന്ന ദിവസം കൂടിയാണിന്ന്.
1961 മുതലാണ് ലോക കാലാവസ്ഥാ ദിനം ആചരിക്കാൻ തുടങ്ങിയത്. എല്ലാ വർഷവും വ്യത്യസ്തമായ തീമുകളായിരിക്കും ഈ ദിവസത്തിനായി തിരഞ്ഞെടുക്കുക. ലോക രാജ്യങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും കാലാവസ്ഥാ വകുപ്പിന് എന്തൊക്കെ സംഭാവനകൾ നൽകാനാകുമെന്നും ഈ ദിവസം ഓർമിപ്പിക്കുന്നു.
വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷന്റെ ചരിത്രം 1950 മാർച്ച് 23 നാണ് വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ സ്ഥാപിക്കപ്പെട്ടത്. പിന്നീട് കാലാവസ്ഥാ ശാസ്ത്രം സംബന്ധിച്ച്, ഐക്യ രാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഒരു സ്പെഷ്യലൈസ്‌ഡ് ഏജൻസിയായി ഈ സംഘടന മാറി. 1873-ൽ വിയന്നയിൽ ചേർന്ന ഇന്റർനാഷണൽ മെറ്റീരിയോളജിക്കൽ കോൺഗ്രസിന് ശേഷം, ഇന്റർനാഷണൽ മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ പരിഷ്കരിച്ചാ വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷന് രൂപം കൊടുത്തത്. സ്വിറ്റ്സർലൻഡിലെ ജനീവയിലാണ് ഈ സംഘടനയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.
കാലാവസ്ഥ, ജിയോഫിസിക്കൽ സയൻസ് എന്നിവയെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ അറിയിച്ചുകൊണ്ട് സമൂഹത്തിന്റെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടിയാണ് ഈ സംഘടന നിലകൊള്ളുന്നത്. 193 രാജ്യങ്ങളാണ് വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷനിൽ അംഗങ്ങളായിട്ടുള്ളത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങളെ നേരിടാൻ അവികസിത രാജ്യങ്ങളെ ശാക്തീകരിക്കുക എന്നതും വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷന്റെ ലക്ഷ്യമാണ്. നാം ജീവിക്കുന്ന ലോകത്തെ കൂടുതൽ അടുത്തറിയാനും, കാലാവസ്ഥാ വ്യതിയാനം പോലുള്ള മാറ്റങ്ങൾ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് പഠിക്കാനും, ജനങ്ങൾക്ക് തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനും ദുരന്തങ്ങളുടെ അപകട സാധ്യത കുറയ്ക്കാനുമുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ ലോകരാജ്യങ്ങളെ സംഘടന സഹായിക്കുന്നു.
ലോക കാലാവസ്ഥാ ദിനത്തിന്റെ പ്രാധാന്യം ഭൂമിയിലെ ജീവനും ജീവനോപാധികളും സംരക്ഷിക്കുന്നതിൽ കാലാവസ്ഥയുടെ പങ്ക് വലുതാണ്. കാലാവസ്ഥയുമായി ബന്ധപ്പെട്ട് ലോകമെമ്പാടും പ്രവർത്തിക്കുന്ന സംഘടനകൾ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് കാലാവസ്ഥ സംബന്ധിക്കുന്ന അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നത്. ഇത്തരം സംഘടനകളുമായും വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ സഹകരിച്ചു പ്രവർത്തിക്കുന്നു. ഇന്ന് പലർക്കും ഭാവിയിൽ സംഭവിക്കാനിടുള്ള ആഘാതങ്ങളെ അടിസ്ഥാനമാക്കിയുള്ള കാലാവസ്ഥാ പ്രവചനങ്ങളിലാണ് കൂടുതൽ താത്പര്യം. ലോകമെമ്പാടുമുള്ള കാലാവസ്ഥാ നിരീക്ഷകർ ഇത്തരം സാഹചര്യങ്ങൾക്കനുസരിച്ച് തയ്യാറെടുക്കാനുള്ള നിർദേശങ്ങൾ നൽകുന്നു.
2023ലെ ലോക കാലാവസ്ഥാ ദിനത്തിന്റെ തീം ‘തലമുറകളോളം കാലാവസ്ഥയുടെയും ജലത്തിന്റെയും പ്രധാന്യം’ എന്നതാണ് 2023ലെ ലോക കാലാവസ്ഥാ ദിനത്തിന്റെ തീം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതവും വരും തലമുറകൾക്കായി പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഇത് അടിവരയിട്ടു പറയുന്നു.
‘മുൻകൂട്ടി അറിയിക്കുക, മുൻകൂട്ടി തയ്യാറെടുക്കുക’ എന്നതായിരുന്നു കഴിഞ്ഞ വർഷത്തെ ലോക കാലാവസ്ഥാ ദിനത്തിന്റെ തീം. ദുരന്തസാധ്യതകൾ കുറയ്ക്കുന്നതിലായിരുന്നു അന്ന് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: India Meteorological Department, World Meteorological Day