• HOME
 • »
 • NEWS
 • »
 • life
 • »
 • വി എം കുട്ടി: മതത്തിലെ യാഥാസ്ഥികത്വത്തെ വെല്ലുവിളിച്ചു; മാപ്പിളപ്പാട്ടിനെ മതമൈത്രിയില്‍ കോർത്തിണക്കി

വി എം കുട്ടി: മതത്തിലെ യാഥാസ്ഥികത്വത്തെ വെല്ലുവിളിച്ചു; മാപ്പിളപ്പാട്ടിനെ മതമൈത്രിയില്‍ കോർത്തിണക്കി

പെണ്‍കുട്ടികള്‍ പാട്ടുപാടുന്നത് മതവിരുദ്ധമായിക്കണ്ട അക്കാലത്ത് നാട്ടിലെ പള്ളി ഇമാം വി എം കുട്ടിക്കെതിരെ പ്രസംഗിച്ചു. പിന്നീട് തന്റെ സര്‍ഗ്ഗ ശേഷികൊണ്ട് മാപ്പിളപ്പാട്ട് സാമ്രാജ്യം തീര്‍ത്ത വി എം കുട്ടി ഒടുവില്‍ തന്നെ എതിര്‍ത്ത പള്ളികമ്മിറ്റിയുടെ ഭാരവാഹിയായി മാറിയതും ചരിത്രം.

വി എം കുട്ടി കെ ജെ യേശുദാസിനൊപ്പം

വി എം കുട്ടി കെ ജെ യേശുദാസിനൊപ്പം

 • Share this:
  കോഴിക്കോട്: മാപ്പിളപ്പാട്ടിന് ജനകീയ മുഖം നല്‍കുന്നതിന് ആദ്യകാലങ്ങളില്‍ വലിയ വെല്ലുവിളികള്‍ നേരിടേണ്ടിവന്ന കലാകാരന്‍ കൂടിയാണ് വി എം കുട്ടി. ആദ്യമായി പെണ്‍കുട്ടികളെക്കൂടി ഉള്‍പ്പെടുത്തി മാപ്പിളപ്പാട്ട് ട്രൂപ്പ് ഉണ്ടാക്കി വേദികളില്‍ പരപാടികള്‍ അവതരിപ്പിച്ചതിന് വി എം കുട്ടിക്ക് എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. പെണ്‍കുട്ടികള്‍ പാട്ടുപാടുന്നത് മതവിരുദ്ധമായിക്കണ്ട അക്കാലത്ത് നാട്ടിലെ പള്ളി ഇമാം വി എം കുട്ടിക്കെതിരെ പ്രസംഗിച്ചു. പിന്നീട് തന്റെ സര്‍ഗ്ഗ ശേഷികൊണ്ട് മാപ്പിളപ്പാട്ട് സാമ്രാജ്യം തീര്‍ത്ത വി എം കുട്ടി ഒടുവില്‍ തന്നെ എതിര്‍ത്ത പള്ളികമ്മിറ്റിയുടെ ഭാരവാഹിയായി മാറിയതും ചരിത്രം.

  വി എം കുട്ടി കൊണ്ടുവന്ന അക്കാലത്ത് വിളയില്‍ വത്സലയിലൂടെ സ്ത്രീപാട്ടുകാരികളെ ജനങ്ങള്‍ അംഗീകരിച്ചു. ആയിഷ സഹോദരിമാരും മുക്കം സാജിതയും മലപ്പുറം ബീന അങ്ങനെ പോകുന്നു വി എം കുട്ടി മാപ്പിളപ്പാട്ടിലേക്ക് കൈ പിടിച്ച സ്ത്രീകളുടെ നീണ്ടനിര. അവരെയെല്ലാം മാപ്പിളപ്പാട്ട് ആസ്വാദകര്‍ ഏറ്റെടുത്തു. നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും ഈ പാട്ടുകാര്‍ക്കൊപ്പം വി എം കുട്ടി നിരവധി ഗാനമേളകള്‍ സംഘടിപ്പിച്ചു. ഈ സംഘത്തിന്റെ പേരില്‍ നിരവധി ഓഡിയോ കാസറ്റുകളും അക്കാലത്ത് പുറത്തിറങ്ങി.

  പരമ്പരാഗത മാപ്പിള സംസ്‌കൃതിയുടെ ഭാഗമായിരുന്ന പക്ഷിപ്പാട്ടും ബദര്‍ പടപ്പാട്ടും മുഹ്യുദ്ദീന്‍മാലയുമൊക്കെ കേട്ടാണ് വി എം കുട്ടി വളര്‍ന്നത്. ഏറനാടന്‍ മാപ്പിളജീവിതത്തിന്റെ ഈണവും താളവും കുട്ടിക്കാലത്തേ വി എം കുട്ടിയുടെ മനസ്സിനെ കീഴടക്കി. വി എം കുട്ടിയുടെ അമ്മായിയായിരുന്ന പാണ്ടികശാല ഫാത്തിമ്മക്കുട്ടി അക്കാലത്ത് മാപ്പിളപ്പാട്ടുകാരിയായിരുന്നു. അവര്‍ കല്യാണ വീടുകളില്‍ പാടുമായിരുന്നു. അവരാണ് തനിക്ക് മാപ്പിളപ്പാട്ടിന്റെ ആത്മാവ് തന്നതെന്ന് വി എം കുട്ടി പറയാറുണ്ട്.

  മണ്ണിന്റെ ചൂടും ചൂരുമുള്ള പാട്ടുകള്‍ കളിപ്രായത്തില്‍തന്നെ വി എം കുട്ടിയുടെ ഹൃദയത്തില്‍ ചേക്കേറി. ബ്രിട്ടീഷ് ഭരണത്തിനെതിരെ ശക്തമായ പ്രതിഷേധം നിലനിന്ന അക്കാലത്ത് ഏറനാട്ടിലെ പാട്ടുകള്‍ക്ക് പോരാട്ട വീര്യമുണ്ടായിരുന്നു. വൈദേശികാധിപത്യത്തെ വെല്ലുവിളിക്കുന്ന അത്തരം പാട്ടുകള്‍ വി എം കുട്ടിക്ക് ഹരമായി. പതിനഞ്ചാം വയസ്സിലാണ് ആദ്യമായി മൈക്കിനുമുമ്പില്‍ പാടിയത്. ഫറോക്ക് ഗണപത് ഹൈസ്‌കൂള്‍ വാര്‍ഷികാഘോഷത്തിനായിരുന്നു അത്. ''സങ്കൃതപമഗരി തംഗത്തുംഗത്തധിംഗിണ കിങ്കൃത തൃമികിട മേളം....'' എന്ന പാട്ട്. 1950ലാണതെന്ന് വി എം കുട്ടി ഓര്‍ക്കുന്നു. ആറു പതിറ്റാണ്ടിനിപ്പുറവും വി എം കുട്ടിയുടെ മാസ്റ്റര്‍ പീസ് ഈ പാട്ടുതന്നെയാണ്. യേശുദാസിന്റെയും മാപ്പിളപ്പാട്ടിലെ മാസ്റ്റര്‍പീസ് ഇതുതന്നെ. 1955ല്‍ രാമനാട്ടുകര സേവാ മന്ദിരം ട്രെയ്‌നിങ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ ആകാശവാണിയില്‍ 'നാട്ടിന്‍പുറം' പരിപാടിയില്‍ പാടി. കെ രാഘവന്‍ മാസ്റ്ററായിരുന്നു അന്ന് ഓര്‍ക്കസ്ട്രയ്ക്ക് നേത്യത്വം നല്‍കിയത്.

  Also Read- പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ വി എം കുട്ടി അന്തരിച്ചു; വിടവാങ്ങുന്നത് പുതിയ പരീക്ഷണങ്ങൾ കൊണ്ട് മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ കലാകാരൻ

  അറബി മലയാളത്തിലായിരുന്നു അക്കാലത്തെ മാപ്പിളപ്പാട്ടുകളെല്ലാം, അത് കൊണ്ടു തന്നെ മുസ്ലീം സമുദായത്തില്‍ മാത്രമായിരുന്നു അവ പ്രചാരത്തില്‍ ഇരുന്നത്. ഈ വിടവ് മനസ്സിലാക്കിയ വി എം കുട്ടി, പാടുവാന്‍ കഴിവുള്ള അമുസ്ലീങ്ങളായ കുട്ടികളെ കണ്ടെത്തുകയും, അവര്‍ക്ക് മലയാളത്തില്‍ വരികള്‍ എഴുതി നല്‍കി, ട്യൂണുകള്‍ പറഞ്ഞു കൊടുത്ത്, കുട്ടികളുടെ ഒരു മാപ്പിളപ്പാട്ട് സംഘം ഉണ്ടാക്കി. അവര്‍ ആകാശവാണിയില്‍ നാട്ടിന്‍പുറം, ബാലലോകം പോലെയുള്ള പരിപാടികളില്‍ മാപ്പിളപാട്ടുകള്‍ അവതരിപ്പിച്ചു. ആകാശവാണിയുമായുള്ള നിരന്തര ബന്ധം, വി എം കുട്ടിയെ അവിടുത്തെ ഒരു സ്ഥിരം ഗായകനാക്കി. 1957 ല്‍ അദ്ദേഹം തന്റെ മാപ്പിളഗാന ട്രൂപ്പ് തുടങ്ങി. ഹാര്‍മോണിയവും തബലയും മാത്രമാണ് ആ കാലത്ത് സംഗീതോപകരണങ്ങളായി അവര്‍ ഉപയോഗിച്ചത്. അദ്ദേഹത്തെ കൂടാതെ ഗിരിജ, രാജഗോപാല്‍, ആയിഷ സഹോദരിമാര്‍ എന്നിങ്ങനെ കുറച്ചു കുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ആ വര്‍ഷം തന്നെ മലപ്പുറത്ത് ഒരു എക്‌സിബിഷനോടനുബന്ധിച്ച് മാപ്പിളപ്പാട്ടുകള്‍ പാടുവാന്‍ ഒരു വേദി ലഭിച്ചപ്പോള്‍, വി എം കുട്ടി തന്റെ ട്രൂപ്പുമായി അവിടെ പാടുകയും ജനശ്രദ്ധ നേടുകയും ചെയ്തു. അതോടെ അദ്ദേഹത്തിന്റെ ട്രൂപ്പിന് തിരക്കേറി.

  വി എം കുട്ടിയുടെ ഗാനമേളകള്‍ സ്ഥിരമായി ഉദ്ഘാടനം ചെയ്തത് ബാബുരാജായിരുന്നു. 1975 മുതല്‍ 1978 വരെ ബാബുരാജ് അദ്ദേഹത്തിന്റെ ട്രൂപ്പില്‍ സ്ഥിരമായി ഹാര്‍മോണിയം വായിക്കുകയും ചെയ്തിരുന്നു. ഗായകന്‍ ഉദയഭാനു അദ്ദേഹത്തിന്റെ ട്രൂപ്പിലെ ഒരു സ്ഥിരം അതിഥി ഗായകനായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ ഗ്രാമഫോണ്‍ റെക്കോര്‍ഡ് 1964 ല്‍ പുറത്തിറങ്ങി. അതിനു ശേഷം നൂറു കണക്കിന് മാപ്പിളപ്പാട്ടുകള്‍ അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്. ഏതാണ്ട് അയ്യായിരത്തോളം സ്റ്റേജ് പ്രോഗ്രാമുകള്‍ ഇന്ത്യയിലും വിദേശത്തുമായി നടത്തിയിട്ടുണ്ട്.

  കേരളത്തില്‍ ആദ്യമായി മാപ്പിളപ്പാട്ട് ട്രൂപ്പ് രൂപീകരിച്ചത് വി.എം കുട്ടിയാണ്. അതുവരെ കല്യാണവീടുകളില്‍ ഒതുങ്ങിയ, ബീഡിതെറുപ്പുകാരുടെയും കാളവണ്ടിക്കാരുടെയും ജീവിതത്തിന്റെ ഭാഗമായിരുന്ന മാപ്പിളപ്പാട്ടിനെ ജനകീയവല്‍ക്കരിച്ചു. ശുദ്ധമായ മാപ്പിള കാവ്യങ്ങള്‍ക്കൊപ്പം മത മൈത്രീഗാനങ്ങളും ദേശഭക്തി ഗാനങ്ങളും ഇഴചേര്‍ത്തു. പാട്ടിനൊപ്പം ഒപ്പനയും ഇതര നൃത്താവിഷ്‌കാരങ്ങളും വേദിയിലെത്തിച്ചതും വി എം കുട്ടിയാണ്. കെ എസ് മുഹമ്മദ് കുട്ടിയും എ വി മുഹമ്മദുമായിരുന്നു അക്കാലത്തെ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകര്‍. മൂസ എരഞ്ഞോളിയും പീര്‍ മുഹമ്മദും എന്‍ പി ഉമ്മര്‍കുട്ടിയും ഇവര്‍ക്കൊപ്പമുണ്ട്. ഇവരില്‍ ചുറ്റിക്കറങ്ങിയ മാപ്പിളപ്പാട്ടു രംഗത്തു ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കാനും വി എം കുട്ടിക്ക് കഴിഞ്ഞു.

  മൈലാഞ്ചിയിലെ ''കൊക്കര കൊക്കര കോഴിക്കുഞ്ഞ്'' എന്ന പാട്ട് പാടിയത് വി എം കുട്ടിയാണ്. പതിനാലാം രാവ് സിനിമയിലെ''പെരുത്തു  മൊഞ്ചുള്ളോരുത്തിയോടൊന്നടുത്തുകൂടാന്‍ പൂതി'' എന്ന പാട്ടിന് ബ്രഹ്മാനന്ദനൊപ്പം കോറസ് പാടി. ഒരു കാലത്ത് സൂപ്പര്‍ ഹിറ്റായിരുന്ന ഈ പാട്ടിന്റെ രംഗത്ത് പാടി അഭിനയിച്ചു. പരദേശി, ഉല്‍പ്പത്തി തുടങ്ങിയ സിനിമകളിലെ പാട്ടുരംഗത്തും അഭിനയിച്ചു. മാന്യമഹാജനങ്ങളെ, സമ്മാനം, മാര്‍ക്ക് ആന്റണി തുടങ്ങിയ സിനിമകള്‍ക്ക് ഒപ്പന സംവിധാനംചെയ്തു. മാര്‍ക്ക് ആന്റണിയില്‍ ഒരു പാട്ടും എഴുതി. 1921 എന്ന സിനിമയിലെ മോയിന്‍കുട്ടി വൈദ്യരുടെ ''മുത്തുനവ രത്‌നമുഖം'' എന്ന പാട്ടിന് സംഗീതവും നല്‍കി. ഒരു കാലത്ത് മലബാറില്‍ സൂപ്പര്‍ഹിറ്റായിരുന്ന യേശുദാസിന്റെ തരംഗിണി പുറത്തിറക്കിയ ''മൈലാഞ്ചിപ്പാട്ടുകള്‍''ക്ക് സംഗീതം നല്‍കിയതും വി എം കുട്ടിതന്നെ.

  മാപ്പിളപ്പാട്ടുകള്‍ക്കൊപ്പം വിപ്ലവഗാനങ്ങളും ഏറെ ആലപിച്ചു വി എം കുട്ടി. എ കെ ജി, ഇ എം എസ്, അഴീക്കോടന്‍, നായനാര്‍ തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കളുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്. ഇ കെ ഇമ്പിച്ചിബാവയാകട്ടെ അടുത്ത സുഹൃത്തും. 1968ല്‍ സിപിഎം അംഗമായ വി എം കുട്ടി മലപ്പുറത്തും പരിസരത്തും പാര്‍ട്ടിവേദികളിലെ നിറസാന്നിധ്യമാണ്. ഒരു വിപ്ലവഗാനമെങ്കിലും പാടാതെ അദ്ദേഹം വേദിവിടാറില്ല. ഒട്ടേറെ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച മാലപ്പാട്ട, കനിവും നിനവും, മാപ്പിളപ്പാട്ടിന്റെ ലോകം, ഭക്തിഗീതങ്ങള്‍, ഇശല്‍നിലാവ്, മാപ്പിളപ്പാട്ട് ചരിത്രവും വര്‍ത്തമാനവും തുടങ്ങിയവയാണ് പ്രധാന പുസ്തകങ്ങള്‍.
  Published by:Rajesh V
  First published: