തൈറോയിഡ് എന്ന ചെറിയ ഗ്രന്ഥി; ശ്രദ്ധിച്ചില്ലെങ്കിൽ വലിയ ആരോഗ്യപ്രശ്നമാകുംതൈറോയിഡ് എന്ന ചെറിയ ഗ്രന്ഥി; ശ്രദ്ധിച്ചില്ലെങ്കിൽ വലിയ ആരോഗ്യപ്രശ്നമാകും
ജീവിതത്തിലെ ചെറിയ കാര്യങ്ങളാണ് പലപ്പോഴും വലിയ അന്തരം ഉണ്ടാക്കുന്നത്. നമ്മുടെ തൈറോയിഡ് ഗ്രന്ഥി അതിനൊരു ഉദാഹരണമാണ്. ചിത്രശലഭത്തിന്റെ ആകൃതിയുള്ള ഈ അവയവമാണ് നമ്മുടെ ശരീരത്തിലെ മിക്ക പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന തൈറോയിഡ് ഹോർമോൺ നിശ്ചിത അളവിൽ ഉൽപ്പാദിപ്പിക്കുന്നത്. അതിന്റെ സന്തുലനം തെറ്റിയാൽ ശരീരത്തിൽ പലവിധ പ്രശ്നങ്ങൾ കണ്ടുതുടങ്ങും. ഈ ഹോർമോണിന്റെ ഉൽപ്പാദനം കൂടിയാൽ ഹൈപ്പർതൈറോയിഡിസവും കുറഞ്ഞാൽ ഹൈപ്പോതൈറോയിഡിസവുമാണ് ഫലം.
ഹൈപ്പോതൈറോയിഡിസം ഇന്ത്യയിൽ വളരെ സാധാരണമാണ്. മുതിർന്നവരിൽ 11% പേർക്ക് ഹൈപ്പോതൈറോയിഡിസവും, 8% പേർക്ക് സബ്ക്ലിനിക്കൽ ഹൈപ്പോതൈറോയിഡിസവും ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഹൈപ്പോതൈറോയിഡിസം അൽപ്പം വിശദമായി പരിശോധിച്ച്, എന്താണെന്ന് മനസ്സിലാക്കാം:
ഹൈപ്പോതൈറോയിഡിസം
നേരത്തെ പറഞ്ഞതുപോലെ, തൈറോയിഡ് ഗ്രന്ഥി വേണ്ടത്ര അളവിൽ ഹോർമോൺ ഉൽപ്പാദിപ്പിക്കാതെ വരുമ്പോഴാണ് ഇതുണ്ടാകുന്നത്. മെറ്റാബോളിസം ഉൾപ്പെടെ ശരീരത്തിലെ പല പ്രവർത്തനങ്ങളും അത് മന്ദഗതിയിലാക്കുന്നു.
സബ്ക്ലിനിക്കൽ ഹൈപ്പോതൈറോയിഡിസത്തിൽ, രക്തത്തിലെ തൈറോയിഡ് ഹോർമോണിന്റെ തോത് വേണ്ടതിലും അൽപ്പം കുറവായിരിക്കും. ഹൈപ്പർതൈറോയിഡിസം പോലെ ഇതിൽ രോഗലക്ഷണങ്ങൾ പ്രകടമായില്ലെന്ന് വരും. മാത്രമല്ല, തനിക്ക് ഇത്തരമൊരു പ്രശ്നം ഉണ്ടെന്നുള്ള വസ്തുത ആ വ്യക്തി അറിഞ്ഞെന്നുതന്നെ വരില്ല.
ഹൈപ്പോതൈറോയിഡിസം - ലക്ഷണങ്ങൾ
ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണങ്ങൾ പലപ്പോഴും പലർക്കും ആശയക്കുഴപ്പമുണ്ടാക്കും. മറ്റെന്തെങ്കിലും രോഗത്തിന്റെ ലക്ഷണമായി തെറ്റിദ്ധരിക്കാറുമുണ്ട്. എന്നാൽ, ഈ ലക്ഷണങ്ങൾ സാവകാശമാണ് പ്രകടമാകുക, ചിലപ്പോൾ വർഷങ്ങൾ എടുത്തെന്നും വരും. ക്ഷീണം, ഭാരവർധന, വിഷാദം, കഠിനമോ കൂടുതൽ തവണയോ ഉള്ള ആർത്തവം, വന്ധ്യത, ലൈംഗികശേഷി കുറയുക, കൂടുതലായി മുടികൊഴിച്ചിൽ, കൂടുതൽ ഉറക്കം എന്നിവയാണ് ഹൈപ്പോതൈറോയിഡിസത്തിന്റെ ചില സാധാരണ സൂചനകളും ലക്ഷണങ്ങളും.
ഹൈപ്പോതൈറോയിഡിസത്തിന് കൂടുതൽ സാധ്യത സ്ത്രീകൾക്കാണ്
അതെ, ഹൈപ്പോതൈറോയിഡിസം കൂടുതലായി കാണുന്നത് സ്ത്രീകളിലാണ്. പുരുഷന്മാരെ അപേക്ഷിച്ച് അവർക്ക് 5 മുതൽ 10 മടങ്ങ് സാധ്യത കൂടുതലാണ്. സ്ത്രീകളെ അവരുടെ പ്രത്യുൽപ്പാദന ശേഷിയുള്ള പ്രായത്തിൽ ബാധിക്കുന്ന ഏറ്റവും സാധാരണമായ രണ്ടാമത്തെ എൻഡോക്രൈൻ തകരാറാണ് (ഗ്രന്ഥികളുമായി ബന്ധപ്പെട്ടത്) ഇത്. പക്ഷെ അവർക്ക് മാത്രമല്ല, എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും അത് ബാധിക്കാവുന്നതാണ്! പ്രായം കൂടുന്തോറും സ്ത്രീകളിൽ ഹൈപ്പോതൈറോയിഡിസത്തിനുള്ള സാധ്യത കൂടിവരും. അതുപോലെ ഗർഭാവസ്ഥ, പ്രസവാനന്തര കാലയളവ്, ആർത്തവവിരാമം എന്നീ ഘട്ടങ്ങളിലും സാധ്യത കൂടും.
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് റിസ്ക്ക്
ഹൈപ്പോതൈറോയിഡിസം/ സബ്ക്ലിനിക്കൽ ഹൈപ്പോതൈറോയിഡിസം സ്ത്രീകളിൽ പലവിധ സങ്കീർണതകൾക്ക് ഇടയാക്കുന്നു. മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്ക് പുറമെ അവരുടെ പ്രത്യുൽപ്പാദന ശേഷിയെയും അത് ബാധിക്കും. പ്രായവും ജീവിത ഘട്ടവും അനുസരിച്ച് പ്രശ്നത്തിന്റെ തീവ്രത വ്യത്യസ്തമായിരിക്കും.
വിവിധ പഠനങ്ങൾ നടത്തിയിൽ, താഴെപ്പറയുന്ന കാര്യങ്ങളാണ് വ്യക്തമായത്:
-കൌമാരത്തിലേക്ക് കടക്കുന്ന പെൺകുട്ടികളിൽ ആർത്തവാരംഭം വൈകൽ, സ്തനങ്ങൾക്കും ലൈംഗികാവയവത്തിനും വേണ്ടത്ര വളർച്ച ഇല്ലാതിരിക്കുക എന്നിവക്ക് കാരണമാകാം.
- യുവതികളിൽ, 72.5% പേർക്ക് കടുത്ത/ദീർഘമായ ബ്ലീഡിംഗ് ഉണ്ടാകാം, പലർക്കും ക്രമം തെറ്റിയുള്ള ആർത്തവം, മുഖക്കുരു, മുഖത്ത് രോമം വളരുക, പ്രമേഹത്തിന് കൂടുതൽ സാധ്യത എന്നിവക്കും ഇടയാക്കും.
- പ്രായപൂർത്തിയായ സ്ത്രീകളിൽ 10 ൽ 3 പേർക്ക് വന്ധ്യത ഉണ്ടാകാം. ഗർഭിണി ആണെങ്കിൽ ഗർഭം അലസാനും, മാസം തികയാതെ പ്രസവിക്കാനും, ഉദരത്തിൽവെച്ച് കുഞ്ഞിന് മരണം സംഭവിക്കാനും സാധ്യതയുണ്ട്. ഗർഭിണികളായ 13% ൽ കൂടുതൽ പേർക്കും ഹൈപ്പോതൈറോയിഡിസം ഉണ്ടാകാറുണ്ട്.
-പ്രായമായ 86% സ്ത്രീകൾക്ക് ഇതുമൂലം പ്രമേഹ സാധ്യത വർധിക്കാനും, 60% പേർക്ക് രക്തസമ്മർദ്ദം വർധിക്കാനും സാധ്യതയുണ്ട്, 33% രോഗികൾക്ക് രക്തത്തിൽ കൊഴുപ്പിന്റെ തോത് കൂടിയിട്ടുണ്ട്.
-ഇവയ്ക്ക് പുറമെ, ഹൈപ്പോതൈറോയിഡിസമുള്ള 60% ൽ കൂടുതൽ പേർക്ക് വിഷാദ ലക്ഷണങ്ങൾ കാണാറുണ്ട്.
അതുകൊണ്ട്, തൈറോയിഡ് പ്രവർത്തനം (തൈറോയിഡ് ഹോർമോൺ ലെവൽ) യഥാസമയം ഉചിതമായി പരിശോധിക്കണമെന്നാണ് ലോകമെമ്പാടുമുള്ള മെഡിക്കൽ അസോസിയേഷനുകളും മാർഗ്ഗനിർദേശങ്ങളും ശുപാർശ ചെയ്യുന്നത്. എത്രയും നേരത്തെ ഹൈപ്പോതൈറോയിഡിസം കണ്ടെത്താനും നിയന്ത്രിക്കാനും അത് സഹായകമാകും.
ആരൊക്കെയാണ് പരിശോധിക്കേണ്ടത്:
• 35 വയസ്സ് ആയ സ്ത്രീകൾ, തുടർന്ന് 5 വർഷം കൂടുമ്പോൾ
• വന്ധ്യതാ ചികിത്സ പരിഗണിക്കുന്ന സ്ത്രീകൾ• എല്ലാ ഗർഭിണികളും
• ആർത്തവ വിരാമമായ, ആർത്തവവിരാമ പ്രായമെത്തിയ സ്ത്രീകൾ
• പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവുമുള്ളവർ
• ചികിത്സ തുടങ്ങുന്നതിന് മുമ്പ് ലിപ്പിഡ് തകരാറുകൾ (രക്തത്തിൽ കൊഴുപ്പ്) ഉള്ള രോഗികൾ
ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണങ്ങൾ സ്ഥിരമോ കൃത്യമോ ആയിരിക്കില്ല. എന്നാൽ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ, ലക്ഷണങ്ങൾ മൂർഛിക്കും, കൂടുതൽ സങ്കീർണതകൾ ഉണ്ടാകുകയും ചെയ്യും.ഇതേക്കുറിച്ചുള്ള സംശയം തീർക്കാൻ ഓരോ സ്ത്രീയും ഒരു സാധാരണ ബ്ലഡ് ടെസ്റ്റിലൂടെ അതിനുള്ള പരിശോധന നടത്തേണ്ടത് വളരെ പ്രധാനമാണ്.
ചികിത്സകൊണ്ട് ഈ പ്രശ്നം നിയന്ത്രിക്കാൻ കഴിയുമെന്നത് ആശ്വാസകരമാണ്. തൈറോയിഡ് പ്രശ്നം സംശയിക്കുന്നുണ്ടെങ്കിൽ എത്രയും വേഗം ഡോക്ടറെ കൺസൾട്ട് ചെയ്യുക.
ഇതൊരു പങ്കാളിത്ത പോസ്റ്റ് ആണ്.
Disclaimer:** This is in partnership with Abbott India, written by Dr Prem Narayan, MD DM Endo.