ഒരു കാലത്ത് സ്കൂൾ വിദ്യാഭ്യാസം നേടാൻ സാമൂഹികമായ സമ്മർദ്ദങ്ങൾക്കും ദാരിദ്ര്യത്തിനും എതിരെ പോരാടിയ വ്യക്തിയായിരുന്നു ഉത്തർപ്രദേശിലെ ശിവസിംഗ്പൂർ സ്വദേശിയായ സുമിത് സിംഗ്. എന്നാൽ ആ സുമിത് സിംഗ് ഇപ്പോൾ ഒരു പ്രാദേശിക സെലിബ്രിറ്റിയാണ്.
സുമിതിൻ്റെ ഗ്രാമത്തിലെ പലരും കണ്ട സ്വപ്നങ്ങൾക്ക് അപ്പുറത്തുള്ള സ്ഥാനത്താണ് ഇപ്പോൾ ഈ 22 കാരൻ എത്തിനിൽക്കുന്നത്. പെൻസിൽവാനിയ ആസ്ഥാനമായുള്ള ഒരു സ്ഥാപനത്തിൽ സിസ്റ്റം ഇന്നൊവേറ്ററായി ജോലി ചെയ്യുന്ന സുമിത് സിംഗ് ഇപ്പോൾ യു എസിലാണ് താമസം. മൂന്ന് സഹോദരങ്ങളും തൻ്റെ മാതാപിതാക്കളും അടങ്ങുന്ന ആറംഗ കുടുംബത്തിലാണ് സുമിത് സിംഗ് വളർന്നത്. തലമുറകളായി അദ്ദേഹത്തിന്റെ കുടുംബം കൃഷിയെയും മറ്റു പരിമിതമായ വിഭവങ്ങളെയും ആശ്രയിച്ചായിരുന്നു ജീവിച്ചു പോന്നിരുന്നത്.
“കർഷകരുടെ മക്കൾ മണ്ണ് ഉഴുതുമറിക്കാൻ കൈകൾ ഉപയോഗിക്കേണ്ടപ്പോൾ അവർ പുസ്തകങ്ങളുമായി സമയം ചെലവഴിക്കുന്നത് അനാവശ്യമാണെന്ന് ഗ്രാമങ്ങളിൽ പൊതുവായ ഒരു വിശ്വാസമുണ്ട്. മാത്രവുമല്ല മറ്റു ജോലികളൊന്നും ചെയ്യാതെ തങ്ങളുടെയെല്ലാം മക്കൾ തിരികെ വന്ന് കൃഷി ചെയ്യേണ്ടതിനാൽ അധികംവിദ്യാഭ്യാസം നൽകുന്നതിൽ അർത്ഥമില്ലെന്നും ആളുകൾ കരുതുന്നു. ഒരു കർഷകന്റെ മകനായതിനാൽ, ദാരിദ്ര്യത്തിലാണ് ഞാനും വളർന്നത്. എന്നിരുന്നാലും എന്റെ ഗ്രാമത്തിൽ നിലനിൽക്കുന്ന സാമൂഹികമായ വാർപ്പുമാതൃകകൾക്ക്വഴങ്ങാതിരിക്കാൻ ഞാൻ എൻ്റെ കഴിവിൻ്റെ പരമാവധി ശ്രമിച്ചു," സുമിത് ഓർമ്മിച്ചെടുത്തു.
എന്നാൽ തന്റെ മക്കൾക്ക് വിദ്യാഭ്യാസം നൽകണം എന്ന ഉറച്ച തീരുമാനം എടുത്തയാളായിരുന്നു ഇതുവരെ സ്കൂളിൽ പോലും പോയിട്ടില്ലാത്ത സുമിത്തിന്റെ പിതാവ്. “എന്റെ പിതാവ് നിരക്ഷരനാണെങ്കിലും, പുരോഗമനപരവുമായ കാഴ്ചപ്പാട് അദ്ദേഹത്തിന് ഉണ്ടെന്നത് എന്റെ ഭാഗ്യമായിരുന്നു. പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷി ചെയ്യുന്നതിൽ അച്ഛൻ നിരാശനായിരുന്നു, അത്കൊണ്ട് തന്നെ ഞാൻ അച്ഛൻ്റെ പാത പിന്തുടരുന്നതിൽ അദ്ദേഹത്തിന് താൽപര്യമില്ലായിരുന്നു,” സുമിത് പറഞ്ഞു.
ഒരു പ്രാദേശിക സർക്കാർ പ്രൈമറി സ്കൂളിൽ അദ്ദേഹം മകനെ ചേർത്തു. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പഠനം തുടരാൻസുമിത്തീരുമാനിച്ചു. എന്നാൽ പരിമിതമായ സാഹചര്യങ്ങൾ കാരണം, താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുന്ന വിദ്യാൻഗ്യാൻ ബുലന്ദ്ഷഹറിലാണ് അദ്ദേഹം പ്രവേശനത്തിനായി അപേക്ഷിച്ചത്.
പ്രവേശന പരീക്ഷയിൽ സുമിത് വിജയിക്കുകയും 2017 ൽ തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുകയും ചെയ്തു. കുടുംബത്തെ ദാരിദ്ര്യത്തിന്റെ ചങ്ങലകളിൽ നിന്ന് മോചിപ്പിക്കാൻ കൂടുതൽ വിദ്യാഭ്യാസം നേടാൻ തന്നെ സുമിത് തീരുമാനിച്ചു. അതിനായി അവൻ തന്റെ സ്കൂളിലെ കരിയർ കൗൺസിലർമാരെ സമീപിച്ചു. കൂടാതെ വിദേശ സർവകലാശാലകളിലേക്ക് പ്രവേശനം ലഭിക്കാനായി സ്കൂളുകൾ നടത്തുന്ന സൗജന്യ പരിശീലന പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് നിരവധി പരീക്ഷകളിൽപങ്കെടുക്കുകയും ചെയ്തു.
പത്തോളം സർവകലാശാലകളിൽ അപേക്ഷിച്ച സുമിത് അഞ്ച് സർവകലാശാലകളിൽ തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന്യു എസിലെ പെൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. വിദേശപഠനം വിജയകരമായി പൂർത്തിയാക്കിയ സുമിതിന് പെൻസിൽവാനിയയിലെ ന്യൂ ഹോപ്പ് ആസ്ഥാനമായുള്ള ഗൗർനെ കൺസൾട്ടിങ്ങിൽ ജോലി ലഭിക്കുകയും ചെയ്തു.
നാല് ഘട്ട അഭിമുഖ പരീക്ഷകൾ ഉൾപ്പെട്ടതായിരുന്നു തിരഞ്ഞെടുപ്പ് പ്രക്രിയ. സുമിത് നിലവിൽ കമ്പനിയിൽ ഒരു സിസ്റ്റം ഇന്നൊവേറ്ററായാണ് പ്രവർത്തിക്കുന്നത്.“വലിയ സ്വപ്നം കാണുക, അവ യാഥാർത്ഥ്യമാക്കാൻ കഠിനമായി പരിശ്രമിക്കുക. പ്രവർത്തിക്കാതിരിക്കാൻ നൂറ് ഒഴിവു കഴിവുകൾ നിങ്ങൾ കണ്ടെത്തും, എന്നാൽ നിങ്ങൾ മനസ്സിൽ ഒരു ലക്ഷ്യം ഉറപ്പിച്ചാൽ, നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള വഴികൾ നിങ്ങൾ തന്നെ കണ്ടെത്തും." താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സുമിത്തിന് നൽകാനുള്ള സന്ദേശം ഇതാണ്.
സുമിത്തിന് രണ്ടു സഹോദരന്മാരുംഒരു ഇരട്ട സഹോദരിയുമുണ്ട്. അമ്മ ഒരു വീട്ടമ്മയാണ്. കോവിഡ് മഹാമാരി കാരണം പരീക്ഷകൾ മാറ്റിവച്ചതിനാൽ അദ്ദേഹത്തിന്റെ ഒരുസഹോദരനും സഹോദരിയും അവരവരുടെ ബിരുദം പൂർത്തിയാക്കാൻ കാത്തിരിക്കുകയാണ്. ഇളയ സഹോദരൻ ഹൈസ്കൂളിലാണ് പഠിക്കുന്നത്. ഭാവിയിൽ ഇന്ത്യൻ സായുധ സേനയിൽ ചേരാനാണ് അയാൾക്ക് താൽപ്പര്യം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.