ന്യൂഡല്‍ഹി: ബജറ്റ് അവതരണ ദിനമായ ഇന്ന് എല്ലാ കണ്ണുകളും കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമനിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ബജറ്റ് അവതരണത്തിന് മന്ത്രി ധരിക്കുന്ന സാരിയുടെ പ്രത്യേകത അറിയാനുള്ള ആകാംക്ഷയിലാണ് സോഷ്യൽ മീഡിയയിലെ ഒരു കൂട്ടർ. ബ്രൌൺ ബോർഡറുള്ള ചുവന്ന സാരിയാണ് ഇത്തവണ നിർമ്മല സീതാരാമൻ ധരിച്ചിരിക്കുന്നത്.
2019 മുതല്‍ എല്ലാ ബജറ്റ് അവതരണത്തിലും നിര്‍മ്മല സീതാരാമന്റെ സാരി ചര്‍ച്ചയായിരുന്നു. അന്ന് മുതലുള്ള എല്ലാ ബജറ്റ് അവതരണ വേളയിലും അവര്‍ ധരിച്ചിരുന്നത് കൈത്തറിയില്‍ നെയ്‌തെടുത്ത സാരികളായിരുന്നു എന്നതാണ് ശ്രദ്ധേയമായ വസ്തുത. മാത്രമല്ല സാരിയോടുള്ള തന്റെ ഇഷ്ടം പൊതുവേദികളിലും അവര്‍ പങ്കുവെച്ചിരുന്നു. കൈത്തറി സാരികളെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ അവര്‍ മുമ്പും സംസാരിച്ചിട്ടുണ്ട്. സില്‍ക്ക്, കോട്ടണ്‍, ഒറീസ-കൈത്തറി സാരികള്‍ എന്നിവ എന്നും തന്റെ പ്രിയപ്പെട്ടവയാണെന്നാണ് ധനമന്ത്രി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. മുൻവർഷങ്ങളിലെ ബജറ്റ് അവതരണ ദിനത്തിൽ നിര്‍മ്മല സീതാരാമൻ ധരിച്ച സാരികളുടെ വിശേഷങ്ങളിയാം.
കേന്ദ്രബജറ്റ് 2022 – റസ്റ്റ് ബോംകൈ സാരി
2022ലെ ബജറ്റ് അവതരണ വേളയില്‍ മന്ത്രി ധരിച്ചത് റസ്റ്റ്- മെറൂണ്‍ നിറത്തിലുള്ള ബോംകൈ സാരിയായിരുന്നു. വെള്ളി നിറത്തിനുള്ള ബോര്‍ഡര്‍ ഉള്ള സാരിയായിരുന്നു അത്. ഒഢീഷയില്‍ നിന്നാണ് ബോംകൈ സാരികള്‍ എത്തുന്നത്.
കേന്ദ്ര ബജറ്റ് 2021 – ചുവപ്പും ഓഫ് വൈറ്റും ചേര്‍ന്ന പോച്ചംപള്ളി സാരി
2021ലെ കേന്ദ്ര ബജറ്റ് അവതരണത്തിനായി എത്തിയപ്പോള്‍ നിര്‍മ്മല സീതാരാമന്‍ ധരിച്ചത് ചുവപ്പും ഓഫ് വൈറ്റ് നിറവും ചേര്‍ന്ന പോച്ചംപള്ളി സാരിയാണ്. തെലങ്കാനയിലെ ഭൂദാനിലുള്ള പോച്ചംപള്ളിയില്‍ നെയ്‌തെടുത്ത സാരിയാണ് ഇത്.
കേന്ദ്ര ബജറ്റ് 2020- നീല ബോര്‍ഡര്‍ ഉള്ള ഗോള്‍ഡൻ സില്‍ക്ക് സാരി
2020ലെ കേന്ദ്ര ബജറ്റ് വേളയില്‍ നിര്‍മ്മല സീതാരാമന്‍ എത്തിയത് ക്രിസ്പ് യെല്ലോ- ഗോള്‍ഡ് നിറത്തിലുള്ള സില്‍ക്ക് സാരി ധരിച്ചാണ്. നീല നിറത്തിലുള്ള ബോർഡറാണ് ഈ സാരിയ്ക്കുണ്ടായിരുന്നത്
കേന്ദ്രബജറ്റ് 2019 – പിങ്ക് നിറത്തിലുള്ള മംഗള്‍ഗിരി സാരി
കേന്ദ്ര ധനകാര്യ മന്ത്രിയായി അധികാരത്തിലെത്തിയ ശേഷം നിര്‍മ്മല സീതാരാമന്‍ നടത്തിയ ആദ്യ ബജറ്റ് അവതരണമായിരുന്നു 2019ലേത്. പിങ്ക് മംഗള്‍ഗിരി സാരിയാണ് അന്നവര്‍ ധരിച്ചിരുന്നത്. ബജറ്റ് രേഖകള്‍ ബ്രീഫ് കേസില്‍ കൊണ്ടുവരുന്ന പതിവ് മാറ്റിയതും അന്നായിരുന്നു. പകരം ബജറ്റ് പേപ്പറുകള്‍ ചുവന്ന സില്‍ക്ക് തുണിയില്‍ പൊതിഞ്ഞാണ് കൊണ്ടുവന്നത്. അതോടൊപ്പം ദേശീയമുദ്രയും പതിപ്പിച്ചിരുന്നു.
Also read-കേന്ദ്രബജറ്റ് 2023: ബജറ്റ് എന്താണ് എന്ന് ലളിതമായി അറിയാം
2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണം ഇന്ന് രാവിലെ 11 മണിയ്ക്കാണ് ആരംഭിക്കുക.
സ്ത്രീ ശാക്തീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള മികച്ച അവസരമായിരിക്കും 2023 ലെ കേന്ദ്ര ബജറ്റ്. വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ തുടങ്ങിയ രംഗങ്ങളില്‍ പ്രാമുഖ്യം ഉറപ്പുവരുത്താനുള്ള വ്യവസ്ഥകള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. സ്ത്രീകള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുന്നതടക്കമുള്ള ക്ഷേമപദ്ധതികള്‍ നിര്‍മ്മല സീതാരാമന്റെ ബജറ്റ് പെട്ടിയിലുണ്ടായേക്കും.
ഇത്തവണത്തെ ബജറ്റില്‍ സ്ത്രീകള്‍ക്കായി കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സാമ്പത്തിക രംഗത്തെ ലിംഗ വ്യത്യാസം നികത്താന്‍ ധനസഹായം വര്‍ദ്ധിപ്പിക്കുമെന്ന് രാജ്യത്തെ സ്ത്രീകള്‍ പ്രതീക്ഷിക്കുന്നുണ്ട്. കാറുകളും വസ്തുവകകളും പോലുള്ള ആസ്തികള്‍ വാങ്ങുന്നതിന് നികുതി ഇളവുകള്‍ നല്‍കുന്നത് സ്ത്രീകള്‍ക്ക് സാമ്പത്തിക പ്രോത്സാഹനമാകും. അമ്മമാര്‍ക്കും ഗര്‍ഭിണികള്‍ക്കും വേണ്ടി കൂടുതല്‍ തുക വകയിരുത്തിയാല്‍ അവരുടെ ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്താന്‍ സാധിക്കും.
Also read-കേന്ദ്രബജറ്റ് 2023-24: ആകാംക്ഷയോടെ രാജ്യം; അറിയേണ്ട അഞ്ച് കാര്യങ്ങള്‍
പ്രധാന്‍മന്ത്രി മാതൃ വന്ദന യോജന പോലുള്ള പരിപാടികള്‍ കൂടുതല്‍ ആളുകള്‍ക്ക് കൂടുതല്‍ പ്രാപ്യമാക്കുന്നത് ഇതില്‍ ഉള്‍പ്പെടുന്നു. ഒരു പെന്‍ഷന്‍ പദ്ധതിയിലും ഉള്‍പ്പെടാത്ത സ്ത്രീകള്‍ക്കായി പ്രത്യേകം പദ്ധതി രൂപീകരിക്കുന്നതും വനിതകള്‍ ഗുണഭോക്താക്കളാകുന്ന പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുന്നതും സര്‍ക്കാരിന്റെ ആലോചനയിലുണ്ടാകാം.
ഇതിന് പുറമെ മൂലധനം കണ്ടെത്തുന്നതിനായി സ്ത്രീ സംരംഭകര്‍ക്ക് ലോണുകളും സബ്‌സിഡിയുള്ള ക്രെഡിറ്റുകളും നല്‍കിയേക്കും. കൂടാതെ വനിതാ സംരംഭകര്‍ക്ക് നികുതി ഇളവുകളും സീഡ് ക്യാപിറ്റല്‍ ഗ്രാന്റുകളും ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. ബേഠി ബച്ചാവോ, ബേഠി പഠാവോ, ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം തുടങ്ങിയ പദ്ധതികള്‍ക്ക് പുറമേ വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ എന്നീ മേഖലയിലേക്ക് പ്രവേശനം മെച്ചപ്പെടുത്താനുള്ള വ്യവസ്ഥകള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്നും പ്രതീക്ഷിക്കാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.