തന്റെ കരളിന്റെ 65 ശതമാനം ദാനം ചെയ്ത് പിതാവിന്റെ ജീവന്‍ രക്ഷിച്ച ഒരു മകന്റെ കഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ വൈറലാണ്. ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലാണ് ഈ കഥ പങ്കുവെയ്ക്കപ്പെട്ടത്. അച്ഛന് ജീവിക്കാന്‍ ഇനി ആറുമാസം മാത്രമേയുള്ളൂ എന്നറിഞ്ഞത് മകന് വലിയ ആഘാതമായതായി ആ പോസ്റ്റിൽ പറയുന്നു. മനു എന്ന ചെറുപ്പക്കാരനാണ് പിതാവായ ദീപക് ഹസിജയ്ക്ക് തന്റെ കരള്‍ ദാനം ചെയ്തത്.
''പപ്പയുടെ കരളിന്റെ പ്രവർത്തനം തകരാറിലാണെന്ന് അറിഞ്ഞപ്പോൾ ഞാന്‍ ഞെട്ടിപ്പോയി! അദ്ദേഹം ഒരിക്കലും പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്തിട്ടില്ല. ഒരു അവയവ ദാതാവ് കനിഞ്ഞില്ലെങ്കില്‍ അദ്ദേഹത്തിന് ആറ് മാസത്തിന് അപ്പുറം ജീവിക്കാന്‍ കഴിയില്ല എന്നുകൂടി ഡോക്ടര്‍ പറഞ്ഞപ്പോള്‍ ഞാന്‍ നിസ്സഹായനായി. പപ്പ എന്നോട് പറഞ്ഞു, എനിക്ക് മരിക്കാന്‍ ആഗ്രഹമില്ല. നീ ബിരുദം നേടുന്നത് എനിക്ക് കാണണം'', ഹ്യൂമന്‍സ് ഓഫ് ബോംബെ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
യുവാവിന്റെ പിതാവിന് കൊറോണ വൈറസ് ബാധിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഈ സമയത്താണ് പിതാവിനെ രക്ഷിക്കണമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. ''അച്ഛന്‍ ഇനിയും കഷ്ടപ്പെടുന്നത് എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല! അതുകൊണ്ട് അദ്ദേഹത്തെ രക്ഷിക്കാന്‍ പോവുകയാണെന്ന് ഞാന്‍ കുടുംബത്തോട് പറഞ്ഞു. ഞാന്‍ അച്ഛന് എന്റെ കരള്‍ ദാനം ചെയ്യും!'' പോസ്റ്റില്‍ അദ്ദേഹം എഴുതി.
View this post on Instagram
യുവാവിന്റെ കരൾ അച്ഛന് പൊരുത്തപ്പെടുമെന്ന് പരിശോധനയില്‍ കണ്ടെത്തിയെങ്കിലും അദ്ദേഹത്തിന് ഫാറ്റിലിവര്‍ ഉണ്ടായിരുന്നത് പ്രതിസന്ധി സൃഷ്ടിച്ചു. അതിനാല്‍ കരള്‍ ദാനം ചെയ്യുന്നതിനായി മകന് ശരീരഭാരം കുറയ്ക്കുകയും കര്‍ശനമായ ഭക്ഷണക്രമവും വ്യായാമവും പാലിക്കുകയും ചെയ്യേണ്ടതുണ്ടായിരുന്നു.
ആ ചെറുപ്പക്കാരന്‍ ഇതിനെല്ലാം തയ്യാറായിരുന്നുവെങ്കിലും അച്ഛൻ ഉത്കണ്ഠാകുലനായിരുന്നുവെന്ന് പോസ്റ്റില്‍ പറയുന്നു. "നിനക്ക് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായാൽ എന്ത് ചെയ്യും? അങ്ങനെയായാൽ എനിക്ക് എന്നോട് ക്ഷമിക്കാൻ കഴിയില്ല!" എന്ന് അച്ഛൻ പറഞ്ഞതായി ആ മകൻ ഓർക്കുന്നു. "എന്നാല്‍ ഈ യുദ്ധം എന്റേത് കൂടിയാണ്. നമ്മള്‍ തോല്‍ക്കില്ല" എന്നായിരുന്നു എന്റെ മറുപടി!", യുവാവ് പറയുന്നു.
"ശസ്ത്രക്രിയയ്ക്കായി ഞങ്ങള്‍ ഞങ്ങളുടെ സമ്പാദ്യമായ 20 ലക്ഷം രൂപയും ചെലവഴിച്ചു. അദ്ദേഹത്തിന്റെ പോസിറ്റീവിറ്റി എന്നെ ഏകാഗ്രതയോടെ ഇരിക്കാന്‍ സഹായിച്ചു. ഞാന്‍ ഈ പരീക്ഷകളില്‍ വിജയിച്ചു! എന്റെ ശസ്ത്രക്രിയ കഴിഞ്ഞ് ഞാന്‍ ഉണര്‍ന്നപ്പോള്‍ ഡോക്ടര്‍ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു, 'നീ നിന്റെ പപ്പയെ രക്ഷിച്ചു!' ഞാന്‍ സന്തോഷം കൊണ്ട് കരഞ്ഞുപോയി.'' യാദൃശ്ചികമായിട്ടാണെങ്കിലും ആ മനുഷ്യന്‍ തന്റെ പിതാവിന് കരള്‍ ദാനം ചെയ്തത് 'പിതൃദിനത്തില്‍' ആയിരുന്നു.
'നിന്നെ എന്റെ മകനായി ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഒരു പിതാവിന് പിതൃദിനത്തില്‍, ഏറ്റവും മികച്ച സമ്മാനം നല്‍കിക്കൊണ്ട് നീ ലോകത്തിന് മുഴുവന്‍ മാതൃകയായി' എന്നാണ് മകന്റെ കരള്‍ സ്വീകരിച്ച ആ പിതാവ് ഈ പോസ്റ്റിന് താഴെ എഴുതിയത്.
ഈ ജീവിതകഥ ഇന്റര്‍നെറ്റ് ലോകത്തെ വായനക്കാരുടെ ഹൃദയം കവർന്നുകൊണ്ട് വൈറലായി മാറിക്കഴിഞ്ഞു. തങ്ങളുടെ സ്നേഹവും വികാരവായ്പുകളും കമന്റുകളായും ലൈക്കുകളായും അവർ പങ്കുവെയ്ക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.