• HOME
  • »
  • NEWS
  • »
  • life
  • »
  • Alzheimer's | ഈ ഭക്ഷണക്രമം ശീലമാക്കൂ; അല്‍ഷിമേഴ്‌സ് ലക്ഷണങ്ങള്‍ കുറയ്ക്കാനാകുമെന്ന് പഠനം

Alzheimer's | ഈ ഭക്ഷണക്രമം ശീലമാക്കൂ; അല്‍ഷിമേഴ്‌സ് ലക്ഷണങ്ങള്‍ കുറയ്ക്കാനാകുമെന്ന് പഠനം

ജനിതകമാറ്റം വരുത്തിയ എലികളെ രണ്ട് തരത്തിലുള്ള ഭക്ഷണക്രമത്തിന് വിധേയമാക്കിയാണ് ശാസ്ത്രജ്ഞര്‍ ഗവേഷണം നടത്തിയത്.

  • Share this:
ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗ് ഭക്ഷണക്രമം പിന്തുടരുന്നത് വഴി ഡിമെന്‍ഷ്യ അഥവാ ഓർമ്മക്കുറവിന് കാരണമാകുന്ന തലച്ചോറിലെ പ്രോട്ടീനുകളുടെ വ്യാപനം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനം. യുഎസ്‌സി ലിയോനാര്‍ഡ് ഡേവിസ് സ്‌കൂള്‍ ഓഫ് ജെറോനോളജിയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. സെല്‍ റിപ്പോര്‍ട്ട്‌സ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എലികളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്.

പഠനത്തില്‍ ഡിമെന്‍ഷ്യയ്ക്ക് കാരണമാകുന്ന തലച്ചോറിലെ രണ്ട് പ്രോട്ടീനുകളുടെ അളവ് പരിമിതപ്പെട്ടതായി ഗവേഷകര്‍ പറയുന്നു. അമിലോയ്ഡ്-ബീറ്റ, ഹൈപ്പര്‍ഫോസ്‌ഫോറിലേറ്റഡ് ടോ പ്രോട്ടീന്‍ എന്നിവയുടെ അളവാണ് കുറഞ്ഞത്. ഈ രണ്ട് പ്രോട്ടീനുകളാണ് പ്രധാനമായും ഡിമെന്‍ഷ്യയിലേക്ക് നയിക്കുന്നത്.ജനിതകമാറ്റം വരുത്തിയ എലികളെ രണ്ട് തരത്തിലുള്ള ഭക്ഷണക്രമത്തിന് വിധേയമാക്കിയാണ് ശാസ്ത്രജ്ഞര്‍ ഗവേഷണം നടത്തിയത്. ഫാസ്റ്റിംഗ് മിമിക്കിംഗ് ഡയറ്റ് (FMD) എന്ന ഭക്ഷണക്രമമാണ് ആദ്യത്തേത്. ഇതില്‍ കലോറിയും പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റുകളും കുറവാണ്. ഇത് ആരോഗ്യകരമായ കൊഴുപ്പ് കൊണ്ട് സമ്പുഷ്ടമാണ്. തുടര്‍ച്ചയായി നാലോ അഞ്ചോ ദിവസം, മാസത്തില്‍ രണ്ട് തവണ, 15 മാസക്കാലം എന്നിങ്ങനെ ഈ ഭക്ഷണക്രമം തുടര്‍ന്നു.

രണ്ടാമത്തെ വിഭാഗത്തിന് സാധാരണ ഭക്ഷണക്രമമാണ് നല്‍കിയത്. എഫ്എംഡി ഡയറ്റ് പിന്തുടരുന്ന എലികളില്‍ അല്‍ഷിമേഴ്‌സ് ഉള്‍പ്പെടെയുള്ള ന്യൂറോ ഡീജെനറേറ്റീവ് രോഗങ്ങളുള്ള ന്യൂറോണുകളില്‍ കാണപ്പെടുന്ന അമിലോയിഡ് -ബീറ്റ എന്ന പദാര്‍ത്ഥത്തില്‍ ഗണ്യമായ കുറവ് കാണിച്ചു. ഹൈപ്പര്‍ഫോസ്‌ഫോറിലേറ്റഡ് ടോ എന്ന പ്രോട്ടീന്റെ അളവിലും കുറവ് രേഖപ്പെടുത്തിയിരുന്നു.

അല്‍ഷിമേഴ്‌സ് രോഗം ബാധിച്ച ആരോഗ്യമുള്ള 40 സന്നദ്ധപ്രവര്‍ത്തകരിലും ഗവേഷകര്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്തി. മാസത്തിലൊരിക്കലോ അഞ്ച് ദിവസത്തെ ഉപവാസമോ അനുസരിച്ചുള്ള ഭക്ഷണക്രമമാണ് അവര്‍ക്ക് നല്‍കിയത്. അതില്‍ ഉച്ചഭക്ഷണത്തിനും അത്താഴത്തിനും പാസ്തയോ ചോറോ ആണ് നല്‍കിയത്. ഈ പരീക്ഷണത്തിന്റെ ഫലങ്ങള്‍ പ്രയോജനകരമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നിരുന്നാലും, കൂടുതല്‍ പരീക്ഷണങ്ങൾ ഇനിയും നടത്തേണ്ടതുണ്ട്.

Also Read-Headache| തലവേദന എങ്ങനെ ചികിത്സിച്ച് ഭേദമാക്കാം? അറിയേണ്ട കാര്യങ്ങൾ

മറവിരോഗം ഒരു ന്യൂറോളജിക്കല്‍ തകരാറാണ്. അത് സാവധാനത്തില്‍ നമ്മുടെ ഓര്‍മ്മകളെയും ചിന്താശേഷിയെയും ഇല്ലാതാക്കുന്നു. ഇത് മസ്തിഷ്‌കത്തെ ചുരുക്കുകയും മസ്തിഷ്‌ക കോശങ്ങള്‍ ക്രമേണ ഇല്ലാതാകുകയും ചെയ്യും. ഒരു വ്യക്തിയുടെ ചിന്താശേഷി ഇല്ലാതാക്കുകയും സാമൂഹികമായ കഴിവുകളെ ബാധിക്കുകയും ഒരാളെ സ്വതന്ത്രമായി ജീവിക്കാന്‍ കഴിയാത്ത വിധം മാറ്റുകയും ചെയ്യുന്ന രോഗാവസ്ഥയാണിത്.
അല്‍ഷിമേഴ്സിന്റെ പ്രാരംഭ ഘട്ടത്തില്‍, ഒരു വ്യക്തി ചില സംഭാഷണങ്ങളോ സംഭവങ്ങളോ മറന്നു തുടങ്ങും. പിന്നീട് അത് ഓര്‍മ്മകള്‍ നഷ്ടപ്പെടലായി മാറും. ഈ രോഗത്തിന് ഒരു പ്രതിവിധി ഇല്ല എന്നതാണ് മറ്റൊരു കാര്യം. എന്നാല്‍, മരുന്നുകള്‍ക്ക് മറവി നഷ്ടപ്പെടുന്നത് മന്ദഗതിയിലാക്കാന്‍ സാധിക്കും.

അല്‍ഷിമേഴ്‌സ് തടയാവുന്ന ഒരു രോഗമല്ലെങ്കിലും ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുന്നത് രോഗം വര്‍ധിപ്പിക്കാനുള്ള സാധ്യത കുറയ്ക്കും. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ എന്നിവ നിയന്ത്രിക്കാന്‍ പതിവായി വ്യായാമം ചെയ്യണമെന്നും എല്ലാ ദിവസവും സമീകൃത ആഹാരം കഴിക്കണമെന്നും ചികിത്സാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. രോഗ ബാധിതന്റെ അവസ്ഥ മോശമാകുന്നതിന് മുമ്പ് അടിയന്തര വൈദ്യസഹായം തേടണം.
Published by:Jayesh Krishnan
First published: