നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • അന്ന് 'ചായ വേണോ?' എന്ന് ചോദിച്ചലഞ്ഞു; ഇന്ന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍

    അന്ന് 'ചായ വേണോ?' എന്ന് ചോദിച്ചലഞ്ഞു; ഇന്ന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍

    അസിസ്റ്റന്റ് പ്രൊഫസറായി ജോലിക്ക് പ്രവേശിച്ച ദിവസം റഫീക്ക് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്

    • Share this:



      അനുഭവങ്ങള്‍ നല്‍കുന്ന കരുത്ത് ഒരിക്കലും ചെറുതല്ല. വലിയ പ്രതിസന്ധികളെ നേരിടാനും ഒരു പക്ഷെ ജീവിതത്തിലുണ്ടായ ചെറിയ അനുഭവം നമുക്ക് സമ്മാനിച്ച പാഠം മാത്രം മതിയാവും.

      കഷ്ടപ്പാടുകളും പ്രയാസങ്ങളും നേരിട്ട് മാത്രമാണ് നാം കണ്ട സ്വപ്‌നം നമുക്ക് നേടിയെടുക്കാന്‍ സാധിക്കുക. അത്തരമൊരു ഭൂതകാലമാണ് കണ്ണൂര്‍ സര്‍വ്വകലാശാല പ്രൊഫസറായി ചുമതലയേറ്റ റഫീക്ക് ഇബ്രാഹിമിനും പറയാനുള്ളത്. അസിസ്റ്റന്റ് പ്രൊഫസറായി ജോലിക്ക് പ്രവേശിച്ച ദിവസം റഫീക്ക് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

      റഫീക്ക് പങ്കുവെച്ച കുറിപ്പ്‌


      "കണ്ണൂർ സർവകലാശാല മലയാള വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി ഇന്ന് ജോലിയിൽ പ്രവേശിച്ചു.




      പട്ടുപോകുമായിരുന്ന ഒരു വെറും ജീവിതത്തിന് നാമ്പും കിളിർപ്പുമേകിയത് കഴിഞ്ഞ ഒരുവ്യാഴവട്ടത്തിനിടെ എത്തിച്ചേർന്ന ചില 'മനുഷ്യരാ'ണ്. അധ്യാപകർ മുതൽ ആത്മസൗഹൃദങ്ങൾ വരെ നീളുന്ന ആ തണലുകൾക്കും തണുപ്പുകൾക്കും കടപ്പെട്ടിരിക്കുന്നു.



      ജീവിതം വർണശബളമായിരിക്കേണ്ട ഇരുപതുകളിൽ, ലെയ്ത്തുകളും ചന്ദനത്തിരി ഫാക്ടറികളും നിറഞ്ഞ തെരുവിലൂടെ "ടീ ബേക്കാ..." എന്നാവർത്തിച്ചുകൊണ്ട് ആവശ്യക്കാരെ അന്വേഷിച്ചലയുന്ന, വിറ്റ ചായയുടെ പണത്തിനായി മാർവാഡി മുതലാളിമാരുടെ കാൽക്കൽ വീഴുന്ന ഒരെന്നെ പിന്നിൽ കാണുന്നുണ്ട്. ആ ഗല്ലികളിൽനിന്ന്, പേരിനു താഴെ പദവി രേഖപ്പെടുത്തിയ ഓഫിസ് മുറിയിലേക്കുള്ള യാത്രയിൽ, പൊതുവിദ്യാഭ്യാസത്തിന്റെ മഹനീയമൂല്യങ്ങളാണ് താങ്ങായത്.


      മലയാളപഠനമെന്നാൽ എത്ര ഗൗരവമാർന്ന വൈജ്ഞാനിക ഇടപെടലാണെന്ന് ബോധ്യപ്പെടുത്തിത്തന്ന കാലടി സർവകലാശാലയുടെ സിലബസുകൾ മുതൽ അധ്യാപനത്തിന്റെ സർഗശേഷിയെ അനാവൃതമാക്കിയവർ വരെ നീളുന്ന, അതിന്റെ എല്ലാ ഗുണഫലങ്ങളെയും 'ചൂഷണം' ചെയ്യാൻ കഴിഞ്ഞതു മാത്രമാണ് ഇന്ധനം. വ്യക്തിപരമായ ഇച്ഛാശക്തിക്ക്, കുറഞ്ഞത് എന്റെ കാര്യത്തിലെങ്കിലും വലിയ പ്രസക്തിയൊന്നുമില്ല.




      രാഷ്ട്രീയ ഉത്തരവാദിത്തവും വൈജ്ഞാനിക പ്രതിബദ്ധതയുമുള്ള അധ്യാപകനാവാൻ കഴിയുംവിധം ശ്രമിക്കുമെന്ന ഉറപ്പു മാത്രമാണ് സാമൂഹികമായി പകരം നൽകാനുള്ളത്. പിന്നിട്ടുപോന്ന മുഴുവൻ മാത്രകൾക്കും മനുഷ്യർക്കും നന്ദി...!"

      Published by:Karthika M
      First published: