നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • മുണ്ട് മടക്കിക്കുത്തി റോൾസ് റോയ്സ് കള്ളിനന്റെ റിവ്യൂ ചെയ്യുന്ന മലയാളി; സുദീപ് കോശി

  മുണ്ട് മടക്കിക്കുത്തി റോൾസ് റോയ്സ് കള്ളിനന്റെ റിവ്യൂ ചെയ്യുന്ന മലയാളി; സുദീപ് കോശി

  Sudeep Koshy dons traditional Kerala attire while reviewing luxury cars | മേഴ്സിഡസ് ബെൻസും റോൾസ് റോയ്സും പോലുള്ള അന്താരാഷ്ട നിലവാരത്തിലുളള കാറുകൾ റിവ്യൂ ചെയ്യാൻ കോട്ടും സൂട്ടും ധരിച്ച് മത്സരിക്കുന്നവർക്ക് ഇടയിലേക്കാണ് മുണ്ട് മടക്കി കുത്തിയുളള സുദീപ് കോശിയുടെ വരവ്

  സുദീപ് കോശി

  സുദീപ് കോശി

  • Share this:
   മുണ്ടും ജുബ്ബയും ധരിച്ച് റോൾസ് റോയ്സ് കള്ളിനന്റെ റിവ്യൂ വിഷുക്കൈനീട്ടമായി മലയാളിക്ക് നല്കിയ സുദീപ് കോശിയെ മിഡിൽ ഈസ്റ്റിലെ മാത്രമല്ല, കേരളത്തിനകത്തും പുറത്തുമുളള കാർ പ്രേമികൾ ഓർത്തിരിക്കാൻ ഇടയുണ്ട്. മേഴ്സിഡസ് ബെൻസും റോൾസ് റോയ്സും പോലുള്ള അന്താരാഷ്ട നിലവാരത്തിലുളള കാറുകൾ റിവ്യൂ ചെയ്യാൻ കോട്ടും സൂട്ടും ധരിച്ച് മത്സരിക്കുന്നവർക്ക് ഇടയിലേക്കാണ് മുണ്ട് മടക്കി കുത്തിയുളള സുദീപ് കോശിയുടെ വരവ്.

   റോൾസ് റോയ്സിനെ അപമാനിക്കുകയാണോ എന്നൊക്കെ ചോദ്യങ്ങളുണ്ടായെങ്കിലും കാർപ്രേമികളായ മലയാളികൾക്ക് ആ വരവ് നന്നേ ബോധിച്ചിരുന്നു. നാം കൂട്ടുകാർ, നമുക്ക് കൂട്ട് കാർ .... മിഡിൽ ഈസ്റ്റിൽ നിന്ന് കാറുകളെ പരിചയപ്പെടുത്തുന്ന സുദീപ് കോശി കാറുകളെ കുറിച്ച് സംസാരിച്ചു തുടങ്ങുന്നത് ഇങ്ങനെയായിരിക്കും. കാറുകൾ സുദീപിന് റിവ്യൂ നടത്താനുള്ള ഒരു യന്ത്രമല്ല, തുടക്കത്തിൽ പറഞ്ഞപോലെ ഒരു കൂട്ട് തന്നെയാണ്. ഏത് യാത്രയിലും കരുതലോടെ യാത്രക്കാരെയും വാഹനമോടിക്കുന്നവരെയും കാക്കുന്ന, ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന, ഹൃദയത്തോട് ചേർത്ത് നിർത്താവുന്ന ഒരു കൂട്ട്.

   സുദീപ് കോശി ആട്ടോമോട്ടീവ് ബ്ലോഗിംഗ് തുടങ്ങിയിട്ട് 10 കൊല്ലത്തിൽ കൂടുതലായി. Drive me online.com തുടങ്ങിയിട്ട് പത്ത് വർഷം. 2011 ജൂലൈയിലാണ് തുടങ്ങിയത്. ഇതുവരെ 400 ഓളം കാറുകൾ റിവ്യൂ ചെയ്യാൻ കഴിഞ്ഞു.കേരളത്തിന് പുറത്ത് നിന്നിറങ്ങുന്ന ആദ്യത്തെ മലയാളം കാർ റിവ്യൂ ചാനൽ എന്ന് വിശേഷിപ്പിക്കാവുന്ന Sudeep Koshy reviews ഡ്രൈവ് മീ ഓൺലൈന്റെ തന്നെ മലയാളം സംരംഭമാണ്. 2016-ൽ അത് തുടങ്ങുമ്പോൾ ഇത്തരമൊന്ന് കേരളത്തിന് പുറത്ത് നിന്നുമില്ല.

   ഇപ്പോഴും ആ ഗണത്തിൽപ്പെട്ട ശ്രദ്ധേയമായ ഒരു 'ഓതെന്റിക് ചാനൽ' ഇത് തന്നെയാണ്. സ്വന്തം കാറോ അല്ലെങ്കിൽ അപൂർവ്വമായി ലഭിക്കുന്ന വ്യത്യസ്തമായ ഏതെങ്കിലും കാറോ സന്ദർഭവശാൽ വല്ലപ്പോഴും റിവ്യൂ ചെയ്യുന്ന ഒറ്റപ്പെട്ട ശ്രമങ്ങളല്ലാതെ തുടർച്ചയായി ഈ റിവ്യൂവുകൾ ചെയ്യാൻ ആർക്കും ബുദ്ധിമുട്ടാണ്. കാരണം ഇതിന്റെ പ്രായോഗികതയും സാങ്കേതികതയും തന്നെ. റിവ്യൂ ചെയ്യാൻ പുതിയ കാറുകൾ ലഭ്യമാക്കുക എന്ന പ്രവൃത്തി തന്നെ വലിയ യത്നം ആവശ്യമുള്ളതാണ്.

   2010 മുതൽ ദുബായിലെ ഓട്ടോമോട്ടീവ് മേഖലയിൽ നിൽക്കുന്ന ആളെന്ന നിലയിലാണ് ഇത് ഇദ്ദേഹത്തിന് സാധ്യമാവുന്നത്. ലോകത്ത് മറ്റെങ്ങും ദൃശ്യമാകാത്ത കാറുകളും ഏറ്റവും മുന്തിയ ബ്രാൻഡുകൾ പോലും ലഭ്യമാണ് എന്നതാണ് ഡ്രൈവ് മീ ഓൺലൈനേയും സുദീപ് കോശി റിവ്യൂസ് എന്ന മലയാളം ചാനലിനെയും വേർതിരിച്ചു നിർത്തുന്നത്. Driveyounuts.blogspot.com എന്ന പേരിൽ ഒരു blog ആണ് ആദ്യം ഉണ്ടായിരുന്നത്. അവിടെ നിന്നാണ് 2011-ൽ Drive me online.com തുടങ്ങുന്നത്.

   കാറുകളുടെയും കാർ കമ്പനികളുടെയും കാഴ്പ്പാടിൽ ഉപരിയായി വാങ്ങാനായി കാർ തെരഞ്ഞെടുക്കുന്നവരുടെ കണ്ണിലൂടെ കാറിനെ അവതരിപ്പിക്കാനുള്ള ശ്രമമായിരുന്നു ഈ സൈറ്റ്. കാർ പ്രേമികൾ ഡ്രൈവ് മീ ഓൺലൈനിൽ നിരന്തരമായി ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, 'What is the best Car?' (ഏറ്റവും മികച്ച കാർ ഏതാണ്) ഈ ചാനൽ അവർക്ക് നൽകുന്ന മറുപടി , Don't ask me what is the best car.... what is the best car for you... (എന്താണ് മികച്ച കാർ എന്ന് എന്നോട് ചോദിക്കരുത് .... നിങ്ങൾക്ക് ഏറ്റവും മികച്ച കാർ ഏതാണ്...) എന്നാണ് ചോദിക്കേണ്ടത്.

   ഏറ്റവും നല്ല കാർ എന്നതല്ല. അവരവർക്ക് പറ്റിയ ഏറ്റവും നല്ല കാർ ഏത് എന്നതാണ് അറിയേണ്ടത്. ഓരോരുത്തരും അവനവന്റെ/അവളവളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും കണക്കിലെടുത്തു കൊണ്ടാവണം ആ തെരഞ്ഞെടുപ്പ് നടത്താൻ . ഓരോ കാറും ആർക്കോ വേണ്ടിയുള്ള 'ബെസ്ററ് കാർ' ആയിരിക്കും. അത് നിങ്ങളാണോ എന്നത് നിങ്ങളെന്താണോ ആ കാറിൽ കാണാനാഗ്രഹിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും.   ചിലർ സുരക്ഷയ്ക്കാണ് ഏറ്റവും പ്രാധാന്യം കൊടുക്കുന്നത്. SUV -കൾ വളരെ കാര്യമായി വിറ്റുപോന്നത് ഇത്തരമൊരു കരുതലിന്റെ അടിസ്ഥാനത്തിലാണ്. SUV കളാണ് ഏറ്റവും സുരക്ഷിതം എന്ന ധാരണയിൽ നിന്നായിരുന്നു ആ ഡിമാന്റുണ്ടായത്. അതുപോലെ സ്ഥലസൗകര്യം.. ഇപ്പോ മിഡിൽ ഈസ്റ്റിലായിരിക്കുമ്പോൾ ശ്രദ്ധ ചെലുത്തേണ്ട എ.സി. ഫംഗ്ഷനിംഗ്, നല്ല ഒന്നാന്തരം റോഡായിരിക്കുമ്പോഴും ഹൈവേയിൽ വ്യത്യസ്തമായി അനുഭവപ്പെടാനിടയുളള കാറ്റിന്റെ സ്വാധീനം , ഓഫ് റോഡിംഗിൽ വ്യത്യസ്തമായ ടെറെയ്‌നിൽ മൾട്ടി ടെറെയിൻ ടെക്നോളജിയിലൂടെ എങ്ങനെ ഡ്രൈവിംഗ് ഈസിയാക്കാം... ഇങ്ങനെ ഭൂശാസ്ത്രപരമായ പ്രത്യേകതകൾ കൂടി കണക്കിലെടുത്ത് കസ്റ്റമൈസ് ചെയ്യുമ്പോഴാണ് അത് അതാത് പ്രദേശത്ത് ഉള്ളവർക്ക് ഉപകരിക്കുക.

   നമ്മുടെ നാട്ടിൽ ലഭ്യമല്ലാത്ത കാറുകൾ കൂടി റിവ്യൂ ചെയ്യാൻ തുടങ്ങിയത് നാട്ടിൽ നിന്ന് ഇത് കാണുന്ന പ്രേക്ഷകരെ കുറച്ചു കൂടി ഈ പരിപാടിയിലേക്ക് അടുപ്പിച്ചു എന്നു പറയാം. അതായത് കാർ വാങ്ങുക എന്നത് മാത്രമല്ലാതെ കാറിനോടുള്ള കമ്പം കൊണ്ട് കൗതുകത്തോടെ ഈ പരിപാടി കാണുന്ന പ്രേക്ഷകരും അവരെ തൃപ്തിപ്പെടുത്താനുള്ള എപ്പിസോഡുകളും ഉണ്ടായതും ഈ റിവ്യൂ വിനെ വേറിട്ടതാക്കി.

   അന്താരാഷ്ട്ര നിലവാരത്തിൽ കൈകാര്യം ചെയ്യുന്ന റിവ്യൂ എന്ന നിലയിൽ Drivemeonlineന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന് ഓരോ യാത്രകളിലും ഒളിഞ്ഞിരിക്കുന്ന കഥകളെ പുറത്തു കൊണ്ടുവരിക എന്നതാണ്. പോർട്ടലിന്റെ അടിസ്ഥാനം തന്നെ അതാണ്, 'Every drive has a story' (ഓരോ യാത്രയ്ക്കും ഒരു കഥയുണ്ട്) എന്നാണ്. അതായത് ഓരോ ഡ്രൈവിനും ഓരോ കഥ പറയാനുണ്ട്. ഓരോ ഡ്രൈവിലൂടെയും ഈ റിവ്യൂ അന്വേഷിക്കുന്നതും അതാണ്.

   "കാർകമ്പക്കാർക്ക് അവരുടെ ഇഷ്ടങ്ങളെ ഹൃദയത്തോട് ചേർത്ത് നിർത്താനും കാർ വാങ്ങാനെത്തുവർക്ക് ചിന്തിച്ച് തീരുമാനങ്ങളെടുക്കുന്നതിനും ഈ അന്വേഷണം സഹായിക്കുന്നു. ഇനി മലയാളത്തിലുളള സുദീപ് കോശി റിവ്യൂസിന്റെ പ്രത്യേകത, കെട്ടിലും മട്ടിലും അന്തർദേശീയ നിലവാരം സൂക്ഷിക്കുന്നതിനൊപ്പം അതിന്റെ അവതരണത്തിൽ മലയാളത്തിന്റെതായ എല്ലാ തനിമയും നിലനിർത്തിക്കൊണ്ട് പ്രേക്ഷകരിലേക്കെത്തുക എന്നതാണ്. മലയാളിയുടെ മാത്രമായ വിശേഷാവസരങ്ങളിൽ നമ്മുടെ നാടൻ വസ്ത്രങ്ങളണിഞ്ഞ് റിവ്യൂ നടത്തുക പോലെയുളള കൗതുകങ്ങൾ പ്രേക്ഷകർ രണ്ട് കയ്യും നീട്ടിയാണ് സ്വീകരിച്ചത്," സുദീപ് പറയുന്നു.

   ലോകത്തെ ഏറ്റവും മികച്ച മോട്ടോർ ഷോകൾ ആയ ഫ്രാങ്ക്ഫർട്ട്, ന്യൂയോർക്ക്, ലണ്ടൻ എന്നിവയോടൊപ്പം കിടപിടിച്ചു നിൽക്കുന്ന ദുബായ് മോട്ടോർ ഷോയിലെ സ്ഥിരം സാന്നിധ്യമാണ് സുദീപ് കോശി എന്ന റിവ്യൂവർ. ഈ ഷോയുടെ പ്രത്യേകതകളിലൊന്ന് വളരെ അപൂർവ്വമായി മാത്രം കാണാൻ കഴിയാറുള്ള ലക്ഷ്വറി കാറുകളിൽ പലതും അനാച്ഛാദനം ചെയ്യപ്പെടുന്നതിന് ദുബായ് മോട്ടോർ ഷോ വേദിയാകാറുണ്ട് എന്നതാണ്. 2017 ദുബായ് മോട്ടോർ ഷോയുടെ പാർട്ട്ണർമാരിലൊരാളായി ഡ്രൈവ് മീ ഓൺലൈനെ പ്രതിനിധീകരിച്ച് സുദീപുമുണ്ടായിരുന്നു.

   മിഡിൽ ഈസ്റ്റ് കാർ ഓഫ് ദ ഇയർ മത്സരത്തിലെ ജൂറി മെമ്പർമാരിൽ ഒരാളുമാണ് സുദീപ് കോശി. കാർ ഓഫ് ഓഫ് ദ ഇയർ (COTY Award) അവാർഡ് എന്നത് ന്യൂയോർക്കിലെ മോട്ടോർ ഷോയോട് അനുബന്ധിച്ച് പ്രഖ്യാപിക്കുന്ന ഒരു പുരസ്കാരമാണ്. അവിടുത്തെ മോട്ടോർ ഷോ അവസാനിക്കുന്നത് ഈ അവാർഡ് പ്രഖ്യാപനത്തോടെയാണ്. അതിന്റെയൊരു മിഡിൽ ഈസ്റ്റ് വേർഷനാണിത്.

   മിഡിൽ ഈസ്റ്റ് കാർ ഓഫ് ദ ഇയർ (Mi COTY) എന്നു പറയുന്ന അവാർഡ് സീരീസ് ആണ് ഇവിടെ നടത്താറുള്ളത്. ഏതാണ്ട് 18 പേരാണ് അതിന്റെ ജൂറി മെമ്പേഴ്സ്. എല്ലാ മിഡിൽ ഈസ്റ്റ് രാജ്യങ്ങളെയും പ്രതിനിധീകരിച്ചെത്തുന്ന മോട്ടോർ ജേർണലിസ്റ്റുകളാണ് ജൂറിമാരായി എത്തുക. ഏതാണ്ട് 25 ന് മേൽ കാറ്റഗറികളിലായി കാറുകളെ തെരഞ്ഞെടുക്കുന്ന അവാർഡാണിത്.
   Published by:user_57
   First published: