മലപ്പുറം; ഏറെ നാളായി തുടരുന്ന വയറുവേദനയും അസ്വസ്ഥകളും കാരണം ചികിത്സ തേടിയ യുവതിയുടെ വയറിൽനിന്ന് എട്ടു കിലോ തൂക്കം വരുന്ന മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിലാണ് ഏറെ അപൂർവ്വവും സങ്കീർണവുമായ ശസ്ത്രക്രിയ നടന്നത്. മലപ്പുറം പോറൂർ സ്വദേശിയായ 32കാരിയുടെ വയറ്റിലെ മുഴയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗൈനക്കോളജി പ്രഫസർ ഡോ.ടി.വി.ശരവണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം നീക്കം ചെയ്തത്.
കഴിഞ്ഞ ഒരു വർഷമായാണ് വയറ് അസാധാരണമാം വിധം വീർത്തു വരുന്നതായി യുവതിയുടെ ശ്രദ്ധയിൽ പെട്ടത്. വീടിനടുത്തുള്ള ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും വേദനയും അസ്വസ്ഥതകളും കൂടി വന്നു. അങ്ങനെയാണ് യുവതി മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തുന്നത്. സ്കാനിങ് ഉൾപ്പടെയുള്ള പരിശോധനകളിൽ യുവതിയുടെ വയറിൽ വലിയൊരു മുഴയുണ്ടെന്ന് കണ്ടെത്തി. ഗർഭപാത്രത്തിലുണ്ടായ മുഴ പെട്ടെന്ന് വളരുകയായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്യാമെന്ന നിഗമനത്തിലായിരുന്നു ഡോക്ടർമാർ.
എന്നാൽ മുഴ വലുതായി വയറിലെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിച്ചതിനാൽ ശസ്ത്രക്രിയ സങ്കീർണമായിരിക്കുമെന്ന് ഡോക്ടർമാർ വിലയിരുത്തി. യുവതിയെയും ബന്ധുക്കളെയും കാര്യങ്ങൾ ബോധ്യപ്പെടുത്തിയ ശേഷമാണ് ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ തീരുമാനിച്ചത്. കുടലുകളും മൂത്രസഞ്ചിയും മുഴയോട് ഒട്ടിച്ചേർന്നുപോയിരുന്നു. തുടർന്നാണ് ഏറെ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ എട്ടു കിലോ ഭാരമുള്ള മുഴ പുറത്തെടുത്തത്. ശസ്ത്രക്രിയയ്ക്കു ശേഷം യുവതിയെ ഐ സി യുവിൽ നിരീക്ഷണത്തിലാക്കിയിരുന്നു.
മെഡിക്കൽ കോളേജിലെ ഡോ. ശരവണകുമാറിനൊപ്പം ഡോ. സജല വിമൽരാജ്, ഡോ. നളിനി മേനോൻ, ഡോ. കെ. സുനില, ഡോ. പി. ഷഫ്ന അനസ്തേഷ്യ വിഭാഗം അസോ. പ്രഫസർ ഡോ. കെ. ബഷീർ തുടങ്ങിയവരും ശസ്ത്രക്രിയയിൽ പങ്കെടുത്തു. നിലവിൽ രോഗി സുഖംപ്രാപിച്ചുവരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വൈകാതെ രോഗിക്ക് ആശുപത്രി വിടാനാകുമെന്നും അധികൃതർ വ്യക്തമാക്കി.
Also Read-
ശരീര ഭാരം പെട്ടെന്ന് കൂടി; കടുത്ത വയറു വേദനയും: 52കാരിയുടെ അണ്ഡാശയത്തിൽ നിന്ന് നീക്കം ചെയ്തത് 50 കിലോയുള്ള മുഴഇക്കഴിഞ്ഞ സെപ്റ്റംബറിൽ ഷാർജയിൽ 28കാരിയുടെ വയറ്റിൽനിന്ന് ആറു കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തത് വലിയ വാർത്തയായിരുന്നു.
ഷാർജയിലെ യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഡോ. പ്രൊഫസർ മുഹമ്മദ് സയ്യിദിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരാണ് ശസ്ത്രക്രിയ നടത്തിയത്. അടിവയറ്റിൽ വലിയ വീക്കവും തുടർച്ചയായ വേദനയും ഉണ്ടായതിനെ തുടർന്നാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിസങ്കീർണമായ
ശസ്ത്രക്രിയയിലൂടെയാണ് മുഴ നീക്കം ചെയ്തതെന്ന്
ഡോക്ടർമാർ പറഞ്ഞു. ദഹനപ്രശ്നങ്ങളും നടക്കാനുള്ള പ്രശ്നങ്ങളും യുവതിക്കുണ്ടായിരുന്നതായി ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. സയ്യിദ് പറഞ്ഞു.
യുഎഇയിലെ വിവിധ ആശുപത്രികളിൽ യുവതി ചികിത്സ തേടിയിട്ടും പ്രശ്നങ്ങൾ കുറയാത്തതിനെ തുടർന്നാണ് യൂണിവേഴ്സിറ്റി ആശുപത്രിയിലെത്തിയത്. തുടർച്ചയായ റേഡിയോളജിക്കൽ പരിശോധനയിലാണ് ഗർഭപാത്രത്തിൽ മുഴ കണ്ടെത്തിയതെന്നും ഡോ. സയ്യിദ് പറഞ്ഞു. ഗർഭാശയവും അണ്ഡാശയവും നീക്കം ചെയ്യുന്നതിലേക്ക് നയിച്ചേക്കാവുന്ന മാരകമായ ട്യൂമർ ആകാനുള്ള സാധ്യത കണക്കിലെടുത്ത് ചില ആശുപത്രികൾ ശസ്ത്രക്രിയ നടത്താൻ വിമുഖത കാണിച്ചു. എന്നാൽ യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഗൈനക്കോളജി, റേഡിയോളജി വിഭാഗം യുവതിയുടെ കേസിനെക്കുറിച്ച് കൂടുതൽ വിലയിരുത്തൽ നടത്തി. ക്ലിനിക്കൽ മൂല്യനിർണ്ണയത്തെയും റേഡിയോളജിക്കൽ പരിശോധനകളുടെ ഫലത്തെയും അടിസ്ഥാനമാക്കി വലിയ ഗർഭാശയ മുഴയാണെന്ന് വിലയിരുത്തുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.