നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Tamil Brahmin Bride | തമിഴ് ബ്രാഹ്മണ യുവാക്കൾക്ക് പങ്കാളികളെ കിട്ടാനില്ല; 40,000ത്തിലധികം പേര്‍ക്ക് വധുവിനെ വേണം

  Tamil Brahmin Bride | തമിഴ് ബ്രാഹ്മണ യുവാക്കൾക്ക് പങ്കാളികളെ കിട്ടാനില്ല; 40,000ത്തിലധികം പേര്‍ക്ക് വധുവിനെ വേണം

  40,000ലധികം തമിഴ് ബ്രാഹ്മണ യുവാക്കള്‍ക്കാണ് ഉത്തര്‍പ്രദേശിലും ബീഹാറിലുമുള്ള ബ്രാഹ്മണ സമുദായത്തില്‍ നിന്ന് അനുയോജ്യരായ പെണ്‍കുട്ടികളെ തേടുന്നത്

  • Share this:
   തമിഴ്നാട്ടിലെ ബ്രാഹ്മണ യുവാക്കളും (Brahmin bachelors) ബന്ധുക്കളും വിവാഹം (Marriage) കഴിക്കാന്‍ വധുക്കളെ (Bride) കിട്ടാത്തതിലുള്ള ബുദ്ധിമുട്ടിലാണ്. കര്‍ശന മാനദണ്ഡങ്ങള്‍ക്കനുസൃതമായ ജീവതചര്യകള്‍ നിഷ്‌കര്‍ക്കുന്ന ഈ വിഭാക്കാര്‍ സ്വസമുദായത്തില്‍ നിന്ന് വധുക്കളെ കിട്ടാതായത്തോടെ അന്യ സംസ്ഥാനങ്ങളിലെ ബ്രാഹ്മണ വധുക്കളെ തേടുകയാണ്.

   അവിവാഹിതരായ തമിഴ് ബ്രാഹ്മണ യുവാക്കള്‍ക്ക് സംസ്ഥാനത്തിനുള്ളില്‍ (തമിഴ്നാട്) വധുക്കളെ കണ്ടെത്താന്‍ സാധിക്കാതിരുന്നതിനാല്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.. 40,000ലധികം തമിഴ് ബ്രാഹ്മണ യുവാക്കള്‍ക്കാണ് ഉത്തര്‍പ്രദേശിലും ബീഹാറിലുമുള്ള ബ്രാഹ്മണ സമുദായത്തില്‍ നിന്ന് അനുയോജ്യരായ പെണ്‍കുട്ടികളെ തേടുന്നത്.

   അതേസമയം വിവാഹം കഴിക്കാന്‍ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളുടെ അഭാവം മാത്രമല്ല, വരന്റെയും മാതാപിതാക്കളുടെയും ആഡംബര വിവാഹത്തിനോടുള്ള താല്‍പര്യങ്ങളും തമിഴ് ബ്രാഹ്മണ യുവാക്കള്‍ക്ക് വധുകളെ ലഭിക്കാതിരിക്കുന്നതിന് മറ്റൊരു കാരണമാണെന്നും ഈ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ പറയുന്നു.

   തമിഴ്‌നാട് (Tamil Nadu) ആസ്ഥാനമായുള്ള ബ്രാഹ്മണ അസോസിയേഷന്‍ ഈ യുവാക്കള്‍ക്ക് പൊരുത്തപ്പെട്ട വധുക്കളെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണവും ആരംഭിച്ചു കഴിഞ്ഞു. ''ഞങ്ങളുടെ സംഘത്തിന് വേണ്ടി ഞങ്ങള്‍ ഒരു പ്രത്യേക പ്രസ്ഥാനം ആരംഭിച്ചിട്ടുണ്ട്,'' എന്ന് തമിഴ്നാട് ബ്രാഹ്മണ അസോസിയേഷന്‍ (തമ്പ്രാസ്) പ്രസിഡന്റ് എന്‍ നാരായണന്‍, അസോസിയേഷന്റെ പ്രതിമാസ തമിഴ് മാസികയുടെ നവംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

   30-40 വയസ്സിനിടയിലുള്ള 40,000-ത്തിലധികം തമിഴ് ബ്രാഹ്മണ പുരുഷന്മാര്‍ക്ക് തമിഴ്‌നാട്ടില്‍ നിന്ന് വധുക്കളെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ അവര്‍ക്ക് വിവാഹം കഴിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഏകദേശ കണക്കുകള്‍ ഉദ്ധരിച്ച് നാരായണന്‍ പറഞ്ഞു.

   ''വിവാഹ പ്രായത്തിലുള്ള 10 ബ്രാഹ്മണ ആണ്‍കുട്ടികളുണ്ടെങ്കില്‍, തമിഴ്‌നാട്ടില്‍ വിവാഹപ്രായത്തില്‍ ആറ് പെണ്‍കുട്ടികള്‍ മാത്രമേയുള്ളൂ'' എന്ന് എന്‍ നാരായണന്‍ പറഞ്ഞു. ഇവരുടെ വിവാഹക്കാര്യത്തില്‍ മുന്‍കൈയെടുക്കാന്‍ ഡല്‍ഹി, ലഖ്‌നൗ, പാട്‌ന എന്നിവിടങ്ങളില്‍ കോര്‍ഡിനേറ്റര്‍മാരെ നിയമിക്കുമെന്ന് അസോസിയേഷന്‍ ചീഫ് തുറന്ന കത്തില്‍ പറഞ്ഞു.

   ഹിന്ദിയില്‍ വായിക്കാനും എഴുതാനും സംസാരിക്കാനും അറിയാവുന്ന ഒരാളെ അസോസിയേഷന്റെ ആസ്ഥാനത്ത് കോ-ഓര്‍ഡിനേഷന്‍ റോള്‍ നിര്‍വഹിക്കുന്നതിന് നിയമിക്കുമെന്ന് ഈ നീക്കത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ നാരായണന്‍ വ്യക്തമാക്കി. ലഖ്‌നൗവിലെയും പാട്‌നയിലെയും ആളുകളുമായി താന്‍ ബന്ധപ്പെടുന്നുണ്ടെന്നും ഈ സംരംഭം പ്രായോഗികമാണെന്നും തമ്പ്രാസ് മേധാവി പിടിഐയോട് പറഞ്ഞു. ''താന്‍ ഇക്കാര്യത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

   നിരവധി ബ്രാഹ്മണര്‍ ഈ നീക്കത്തെ സ്വാഗതം ചെയ്തപ്പോള്‍, ബ്രാഹ്മണ വിഭാഗത്തില്‍ നിന്ന് തന്നെ ചില എതിര്‍ അഭിപ്രായങ്ങളും ഉയര്‍ന്നിട്ടുണ്ട്. ''വിവാഹ പ്രായമെത്തിയ മതിയായ തമിഴ് ബ്രാഹ്മണ പെണ്‍കുട്ടികള്‍ ലഭ്യമല്ലെങ്കിലും, ആണ്‍കുട്ടികള്‍ക്ക് വധുവിനെ കണ്ടെത്താന്‍ കഴിയാത്തതിന്റെ ഒരേയൊരു കാരണം അതുമാത്രമല്ലെന്ന്'' വിദ്യാഭ്യാസ വിചക്ഷണനായ എം പരമേശ്വരന്‍ പറഞ്ഞു. വരന്മാരുടെ മാതാപിതാക്കള്‍ വിവാഹങ്ങളില്‍ 'ആഡംബരവും ഷോയും' പ്രതീക്ഷിക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിക്കുന്നു.

   ''ആണ്‍കുട്ടികളുടെ മാതാപിതാക്കള്‍ എന്തുകൊണ്ടാണ് വിവാഹം ആഢംബരമായി നടത്താന്‍ ആഗ്രഹിക്കുന്നത്? ലളിതമായ രീതിയില്‍ വിവാഹം നടത്തുന്നതില്‍ നിന്ന് അവരെ തടയുന്നതെന്താണ്? എന്തുകൊണ്ട് ക്ഷേത്രത്തിലോ വീട്ടിലോ വിവാഹം നടത്തുന്നില്ല?'' അദ്ദേഹം ചോദിച്ചു.

   ജീവിതത്തിന്റെ എല്ലാ വഴികളിലും ലാളിത്യം പ്രബോധിപ്പിച്ച മഹാപെരിയവ പട്ടുവസ്ത്രങ്ങള്‍ ഉപയോഗിക്കരുതെന്ന് ഉപദേശിച്ചിട്ടുണ്ടെന്നും പരമേശ്വരന്‍ പറഞ്ഞു. ശങ്കര മഠം എന്നറിയപ്പെടുന്ന കാഞ്ചി കാമകോടി പീഠത്തിന്റെ 68-ാമത് മഠാധിപതിയായ പരേതനായ ശങ്കരാചാര്യ, ശ്രീ ചന്ദ്രശേഖരേന്ദ്ര സരസ്വതി (18941994) എന്നിവരെ ആദരണീയമായി വിളിക്കാന്‍ ഉപയോഗിക്കുന്ന വിശേഷണങ്ങളാണ് മഹാപെരിയവ, മഹാസ്വാമി, പരമാചാര്യ എന്നിവ.

   വിവാഹം നടത്താനുള്ള മുഴുവന്‍ ചെലവും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വഹിക്കണമെന്നും ഇത് തമിഴ് ബ്രാഹ്മണ സമൂഹത്തിന്റെ ശാപമാണെന്നും പരമേശ്വരന്‍ പറഞ്ഞു. ''വലിയ, ആഢംബര വിവാഹങ്ങള്‍ ഒരു സ്റ്റാറ്റസ് സിംബലായി മാറിയിരിക്കുന്നു, അത് വളരെ നിര്‍ഭാഗ്യകരമാണ്. സമൂഹം പുരോഗതി കൈവരിക്കേണ്ടതുണ്ടെന്നും പിന്തിരിപ്പന്‍ മനോഭാവം ഇല്ലാത്താക്കണമെന്നും'' അദ്ദേഹം പറഞ്ഞു.

   ''ഇക്കാലത്തും, തമിഴ് ബ്രാഹ്മണ വിവാഹങ്ങള്‍ രണ്ട് മൂന്ന് ദിവസത്തേക്ക് നീളുന്നു, അതില്‍ റിസപ്ഷനും വിവാഹത്തിന് മുമ്പും ശേഷവുമുള്ള മറ്റ് ചടങ്ങുകളും ഉള്‍പ്പെടുന്നു.'' ആഭരണങ്ങള്‍, വിവാഹ മണ്ഡപത്തിന്റെ വാടക, ഭക്ഷണം, സമ്മാനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള മൊത്തം ചെലവ് ഈ ദിവസങ്ങളില്‍ കുറഞ്ഞത് 12-15 ലക്ഷം രൂപ വരെ എത്തുമെന്ന് അദ്ദേഹം പറയുന്നു.

   ''ഇത് (വിവാഹം) വധുവിന്റെ കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയാണ് എന്നതില്‍ സംശയമില്ല. ചിലര്‍ മകളുടെ വിവാഹത്തിനായി തങ്ങളുടെ ആയുഷ്‌കാല സമ്പാദ്യങ്ങള്‍ ചെലവഴിക്കുമ്പോള്‍, മറ്റുള്ളവര്‍ ജീവിതകാലം മുഴുവന്‍ കടക്കെണിയിലാകുന്നു. ഇവിടെ, ചിലവഴിക്കാന്‍ കഴിവുള്ളവരെക്കുറിച്ചല്ല സംസാരിക്കുന്നത്.

   എന്നാല്‍ പ്രധാന പ്രശ്‌നം, അത്തരം സമ്പന്നര്‍ ഒരു മാനദണ്ഡം സ്ഥാപിക്കുന്നു, അത് താങ്ങാന്‍ കഴിയാത്ത ആളുകള്‍ പോലും അത് അനുകരിക്കണമെന്ന് സമൂഹം ആഗ്രഹിക്കുന്നു. ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത് മധ്യവര്‍ഗക്കാരെയും ദരിദ്രരായ ബ്രാഹ്മണരെയുമാണ്. ദരിദ്ര ബ്രാഹ്മണ കുടുംബങ്ങള്‍ തങ്ങളുടെ പെണ്‍മക്കളുടെ വിവാഹത്തിന് പണം കണ്ടെത്തുന്നതിന് വര്‍ഷങ്ങളായി പാടുപെടുന്നത് എനിക്ക് വ്യക്തിപരമായി അറിയാം.

   തങ്ങളുടെ അഹന്ത ഉപേക്ഷിക്കാന്‍ തയ്യാറാണെങ്കില്‍, യുവാക്കള്‍ക്ക് തമിഴ്നാട്ടില്‍ നിന്ന് തന്നെ വധുക്കളെ കണ്ടെത്താന്‍ കഴിയും. അപ്പോള്‍ മാത്രമേ, നമ്മുടെ ഋഷിമാരും വേദഗ്രന്ഥങ്ങളും ഉദ്ധരിക്കുന്ന ധര്‍മ്മത്തിന്റെ അനുയായികളാണെന്ന് അവര്‍ക്ക് അവകാശപ്പെടാന്‍ കഴിയൂ. പുരോഗമനപരമാകുക എന്നതിലാണ് പരിഹാരമെന്നും വിവാഹ ചടങ്ങുകള്‍ കാലത്തിനനുസരിച്ച് ലളിതമാക്കണമെന്നും പരമേശ്വരന്‍ പറഞ്ഞു.

   മതപരമായ അനുമതിയില്ലെങ്കിലും ചില ആചാരങ്ങള്‍ തുടരുന്നത് പ്രായോഗിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും'' നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള പരമേശ്വരന്‍ പറഞ്ഞു.

   ''കന്നഡ സംസാരിക്കുന്ന മാധ്വ-മാരും തമിഴ് സംസാരിക്കുന്ന സ്മാര്‍ത്തകളും തമ്മിലുള്ള തമിഴ്-തെലുങ്ക് ബ്രാഹ്മണ വേളികളോ വിവാഹങ്ങളോ ഇപ്പോള്‍ സാധാരണമാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇതുപോലൊന്ന് സങ്കല്‍പ്പിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഉത്തരേന്ത്യന്‍ ബ്രാഹ്മണരും തമിഴ് ബ്രാഹ്മണരും തമ്മില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങളും ഇപ്പോള്‍ നിരവധിയാണ് '' വധുവിനെ അന്വേഷിക്കുന്ന അവിവാഹിതനായ അജയ് എന്ന യുവാവ് പറയുന്നു.

   മാധ്വ ബ്രാഹ്മണര്‍ ഒരു വൈഷ്ണവ വിഭാഗവും ശ്രീ മധ്വാചാര്യയുടെ അനുയായികളുമാണ്. തമിഴ്‌നാട്ടിലെ 'അയ്യര്‍മാര്‍' എന്ന് അറിയപ്പെടുന്ന സ്മാര്‍ത്തകള്‍ എല്ലാ ദേവതകളെയും ആരാധിക്കുകയും ശ്രീ ആദിശങ്കരന്റെ അനുയായികളാണെന്ന് വശ്വസിക്കുകയും ചെയ്യുന്നു.
   Published by:Jayashankar AV
   First published:
   )}