കേരളത്തിന്റെ പൂക്കുട എന്നറിയപ്പെടുന്ന പ്രദേശമാണ് തോവാള ഗ്രാമം. കേരളത്തിന്റെ തെക്കേ അറ്റമായ കളിയിക്കവിള കടന്ന് നാഗര്‍കോവിലില്‍ എത്തി, അവിടെനിന്ന് തിരുനെല്‍വേലിയിലേക്ക് പോകുന്ന വഴിയിലാണ് തോവാള ഗ്രാമം സ്ഥിതി ചെയ്യുന്നത്.
മലയാളികളുടെ വീട്ടുമുറ്റത്തെ അത്തപ്പൂക്കളങ്ങളില്‍ സ്ഥിരം വിരുന്നുകാരാണ് തോവാളപ്പൂക്കള്‍. പൂക്കളങ്ങള്‍ വര്‍ണാഭമാക്കുന്ന ജമന്തി, വാടാമല്ലി, അരളി തുടങ്ങിയവയൊക്കെ തോവാള മാര്‍ക്കറ്റില്‍ നിറഞ്ഞിരിക്കുന്നു. തോവാളയില്‍ സീസണാണെങ്കിലും കച്ചവടക്കാര്‍ നിരാശയിലാണ്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കടുത്ത നിയന്ത്രണങ്ങളാണ് തമിഴ്നാട് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഓണക്കച്ചവടം തന്നെ അവതാളത്തിലായി.
സാധാരണഗതിയില്‍ ഓണക്കാലത്ത് തോവാള മാര്‍ക്കറ്റില്‍ മലയാളികളെ കൊണ്ട് നിറയുമായിരുന്നു. കുറഞ്ഞ നിരക്കില്‍ പൂക്കള്‍ ലഭ്യമാകും എന്നതാണ് കാരണം. മലയാളികള്‍ നേരിട്ടെത്തി പൂക്കള്‍ വാങ്ങുന്നതിന് പുറമേ കേരളത്തിലെ വിവിധ മാര്‍ക്കറ്റുകളിലേക്ക് പൂക്കള്‍ തോവാള മാര്‍ക്കറ്റില്‍ നിന്നും എത്തിച്ചിരുന്നു. കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നതോടെ പൂക്കള്‍ ലോറികളില്‍ എത്തിക്കുന്നതിനും തടസ്സമുണ്ട്.
പുലര്‍ച്ചെ നാലു മണിക്കാണ് തോവാള മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനമാരംഭിച്ചാല്‍ ഉച്ചയ്ക്ക് ഒരു മണി വരെ അത് നീണ്ടുനില്‍ക്കും. അതിനുശേഷവും തോവാളയിലെ തന്നെ പൂക്കടകളില്‍ നിന്നും പൂ വാങ്ങാന്‍ കഴിയും.
കഴിഞ്ഞവര്‍ഷം ലോക്ക്ഡൗണിനെ തുടര്‍ന്ന് മാസങ്ങളോളം മാര്‍ക്കറ്റ് അടഞ്ഞു കിടന്നിരുന്നതിനാല്‍ വലിയ തിരിച്ചടിയാണ് ഇവിടുത്തെ കച്ചവടക്കാര്‍ നേരിട്ടിരുന്നത്. അതിനു ശേഷംകഴിഞ്ഞ മാസമാണ് തോവാള മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം സജീവമായത്. ഓണക്കാലമായിരുന്നു ഇവിടത്തെ നൂറോളം വരുന്ന കച്ചവടക്കാരുടെ പ്രതീക്ഷ. ആ പ്രതീക്ഷയാണ് തമിഴ്നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ താളം തെറ്റിച്ചത്.
നിയന്ത്രണങ്ങള്‍ക്കിടയിലും ചുരുക്കം ചിലരെങ്കിലും പൂവ് തേടി ഇക്കുറിയും കേരളത്തില്‍ നിന്ന് തോവാളയിലെത്തിയിട്ടുണ്ട്. ഓണക്കാലം ആകുമ്പോള്‍ തോവാള മലയാളികള്‍ക്ക് ഒരു വികാരമാണെന്ന് അപൂര്‍വ്വമായി എത്തുന്നവര്‍ പറയുന്നു. ഓണക്കാലത്ത് തോവാളയില്‍ എത്തിയാല്‍ വിലകുറച്ച് പൂ വാങ്ങാം. അതിനാലാണ് ഓണക്കാലത്ത് മലയാളികളുടെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായി തോവാള മാര്‍ക്കറ്റ് മാറുന്നത്. ഏതായാലും തമിഴ്നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നുംതോവാള മാര്‍ക്കറ്റില്‍ എത്തുന്ന മലയാളികള്‍ പറയുന്നു.
തോവാളയിലെയും പരിസരപ്രദേശങ്ങളിലെയും 1500ലധികം കുടുംബങ്ങളാണ് പൂവ് വിപണിയെ മാത്രം ആശ്രയിച്ച് കഴിയുന്നത്. തോവാളയിലും സമീപപ്രദേശങ്ങളിലുമായി നിരവധി പൂന്തോട്ടങ്ങള്‍ ആണുള്ളത്. ഇവിടങ്ങളില്‍ നിന്നാണ് പൂക്കള്‍ തോവാള മാര്‍ക്കറ്റിലേക്ക് എത്തിക്കുന്നത്. രാവിലെ മുതല്‍ വൈകിട്ട് വരെ നീണ്ടുനില്‍ക്കുന്ന ആളുകളുടെ അധ്വാനമാണ് പൂന്തോട്ടങ്ങളില്‍ കാണാന്‍ കഴിയുന്നത്. ചെടികള്‍ക്ക് കൃത്യമായി വെള്ളവും വളവും നല്‍കേണ്ടതുണ്ട്. അത്തരത്തിലുള്ള കൃത്യമായ പരിപാലനത്തിലൂടെയാണ് പൂക്കള്‍ വിരിയുന്നത്. പൂ കര്‍ഷകരുടെ ഈ അധ്വാനവും ഓണവിപണിയില്‍ തിരിച്ചടി നേരിട്ടതോടെ ഫലം കാണാത്ത സാഹചര്യമാണ്. ഏതായാലും ഓണവിപണി സജീവമാക്കാന്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.