തമിഴ്നാട്ടിൽ (Tamil Nadu) ഹിന്ദുക്കൾ (Hindus) ആഘോഷിക്കുന്ന പ്രധാന ഉത്സവങ്ങളിലൊന്നാണ് തൈപ്പൂയം (Thaipusam). ഈ വർഷം ഇന്നാണ് (ജനുവരി 18) തൈപ്പൂയ ദിനം ആഘോഷിക്കുന്നത്. ഇന്ത്യയ്ക്കൊപ്പം മലേഷ്യ, ശ്രീലങ്ക, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലും തൈപ്പൂയം ആഘോഷിക്കാറുണ്ട്.
തമിഴിൽ 'തായ്' എന്നും അറിയപ്പെടുന്ന ഹിന്ദു സൗര മാസമായ 'മകര'ത്തിലാണ് തൈപ്പൂയം ആഘോഷിക്കുന്നത്. അതായത് 'തായ്' മാസത്തിലെ പൗർണ്ണമിയിലാണ് ഉത്സവം ആഘോഷിക്കുന്നത്. സാധാരണയായി തായ് മാസത്തിൽ തമിഴിൽ പൂസം എന്നറിയപ്പെടുന്ന നക്ഷത്ര ദിനത്തിലാണ് തൈപ്പൂസ ആഘോഷം.
തൈപ്പൂസം കേരളത്തിലും ആഘോഷിക്കാറുണ്ട്. മലയാളത്തിൽ പൂയം നാളിൽ ആഘോഷിക്കുന്ന ഈ ഉത്സവം തൈപ്പൂയം എന്നാണ് അറിയപ്പെടുന്നത്.
തീയതിയും സമയവും
തൈപ്പൂസം പ്രാർത്ഥനയുടെയും വ്രതത്തിന്റെയും ദിവസമാണ്. ജനുവരി 18 ന് പുലർച്ചെ 4.37 നാണ് പൂസം നക്ഷത്രം ആരംഭിക്കുന്നത്. ജനുവരി 19 ന് രാവിലെ 6.42ന് അവസാനിക്കും.
തൈപ്പൂയത്തിന്റെ ചരിത്രം
സുബ്രഹ്മണ്യന്റെ പിറന്നാളാണ് തൈപ്പൂയം എന്നാണ് വിശ്വാസം. എന്നാൽ സുബ്രഹ്മണ്യൻ താരകാസുരനെ യുദ്ധത്തിൽ വധിച്ച് വിജയം കൈവരിച്ച ദിവസമാണ് മകരമാസത്തിലെ പൂയം നാൾ എന്നും കരുതുന്നു. ഈ ദിവസം, പാർവതി ദേവി മുരുകന് വേൽ നൽകുകയും അസുരസേനയെ നശിപ്പിക്കാൻ അദ്ദേഹം അത് ഉപയോഗിക്കുകയും ചെയ്തുവെന്നും വിശ്വസിക്കപ്പെടുന്നു. മുരുകനോട് നന്ദി പറയുന്ന ചടങ്ങായും തൈപ്പൂയം ആഘോഷിക്കുന്നു. തിന്മയുടെ മേൽ നന്മയുടെ വിജയത്തെ കൂടിയാണ് ഇത് സൂചിപ്പിക്കുന്നത്.
ശൂരപത്മൻ എന്ന അസുരനെ പരാജയപ്പെടുത്താൻ ദേവന്മാർക്ക് കഴിഞ്ഞില്ല എന്നും പ്രപഞ്ചത്തെ രക്ഷിക്കാൻ, ദേവന്മാർ പരമശിവനോട് സഹായം തേടി എന്നും അദ്ദേഹം മുരുകന് ജന്മം നൽകി മുരുകൻ ശുരപത്മനെ വധിച്ചുവെന്നും ഐതിഹ്യമുണ്ട്. ഒടുവിൽ ശൂരപത്മന്റെ മരണത്തോടെ ദേവന്മാർ അവരുടെ ദുരിതങ്ങളിൽ നിന്നും രക്ഷപെടുകയും ചെയ്തുവെന്നും സമാധാനവും ധർമ്മവും പുനഃസ്ഥാപിക്കപ്പെട്ടുവെന്നും വിശ്വസിക്കപ്പെടുന്നു. തുടർന്ന് ഭക്തർ മുരുകന്റെ അനുഗ്രഹം തേടി തൈ പൂസം നാളിൽ മുരുകനെ ആരാധിക്കാൻ തുടങ്ങിയതായും ഐതിഹ്യങ്ങളുണ്ട്.
തായ് പൂസത്തിന്റെ അനുഷ്ഠാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് കാവടി ആട്ടം ആണ്. മുരുകനായി നടത്തുന്ന ഏറ്റവും വലിയ വഴിപാടുകളിൽ ഒന്നാണ് കാവടി.
തങ്ങളുടെ പാപങ്ങൾ കഴുകി കളയാനും എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാനും ഭക്തർ ഈ ദിവസം മുരുക ഭഗവാനെ പ്രാർത്ഥിക്കുന്നു. ഉത്സവത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങൾ കൂടുതലും നടക്കുന്നത് ക്ഷേത്രങ്ങളിലാണ്. തമിഴ്നാട്ടിൽ, പഴനി അരുൾമിഗു ദണ്ഡയുതപാണി ക്ഷേത്രത്തിൽ തൈപ്പൂയം 10 ദിവസങ്ങളിലായാണ് ആഘോഷിക്കുന്നത്. ഇത് ബ്രഹ്മോത്സവം എന്നും അറിയപ്പെടുന്നു.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.