2020 എന്ന് കേട്ടാൽ ആദ്യം ഓർമവരിക ദുരന്തം എന്നാകും. അതേ ദുരന്തത്തിന്റെ വർഷമാണ് വിട പറയുന്നത്. നന്മയുടെയും ക്ഷേമത്തിന്റെയും വർഷമായിരിക്കുമെന്നാണ് 2020നെ കുറിച്ച് പ്രമുഖ ജ്യോത്സ്യൻമാർ ഉൾപ്പെടെയുള്ളവർ പ്രവചിച്ചിരുന്നത്. എന്നാൽ, സമീപ വർഷങ്ങളിലൊന്നും ഇത്രയേറെ ദുരന്തവും ഭീതിയും സൃഷ്ടിച്ച വർഷം വേറെയില്ലെന്ന് കണ്ണുമടച്ച് പറയാം. ശുഭ പ്രതീക്ഷകളോടെ 2020നെ വരവേറ്റ ലോകജനത വൈകാതെ തന്നെ ആ ദുരന്തത്തിന്റെ തീവ്രത നേരിട്ടനുഭവിച്ചു. വർഷം കൊഴിയുമ്പോഴും ആശങ്കയും ഭീതിയും ഒഴിഞ്ഞിട്ടില്ല.
15 ലക്ഷം പേരുടെ ജീവനെടുത്ത മഹാമാരി
ചൈനയിലെ വുഹാനില്‍ കണ്ടെത്തിയ കോവിഡ് 19 വളരെ പെട്ടെന്നാണ് ലോകമാകെ വ്യാപിച്ചത്. സാങ്കേതിക വിദ്യകൾക്കൊപ്പം കുതിച്ചുപാഞ്ഞ ലോകത്തെ കൊറോണ നിശ്ചലമാക്കി. ആഗോളതലത്തിൽ പതിനഞ്ച് ലക്ഷത്തിലധികം പേര്‍ കൊറോണ ബാധിച്ചു മരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയിലെ മരണസംഖ്യ 1.47 ലക്ഷം വരും. സമസ്ത മേഖലകളും സ്തംഭിച്ചതോടെ സമ്പത്ത് വ്യവസ്ഥകൾ തകർന്നടിഞ്ഞു. തൊഴിൽമേഖലയിലെ പിരിച്ചുവിടലും തൊഴിൽ നഷ്ടവും മറ്റും പതിനായിരങ്ങളെ കണ്ണീരിലാഴ്ത്തി. മഹാമാരികൾക്ക് മുന്നിൽ എല്ലാവരും നിസഹായരായി നിന്ന കാലം അത്ര പെട്ടെന്നൊന്നും മനുഷ്യ മനസ്സിൽ നിന്ന് മായ്ക്കാനാകില്ല.
വേർപാടുകള്‍ കേരളത്തിൽ
അക്കിത്തം അച്യുതൻ നമ്പൂതിരി- ജ്ഞാനപീഠ ജേതാവ് മഹാകവി അക്കിത്തം നമ്പൂതിരി ഔക്ടോബർ 15നാണ് വിടവാങ്ങിയത്.
സുഗതകുമാരി- മലയാളികൾ ഏറെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്ത കവിയും പരിസ്ഥിതി പ്രവർത്തയുമായ സുഗതകുമാരി ടീച്ചർ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്.
എം കെ അർജുനൻ മാസ്റ്റർ- മലയാളത്തിലെ പ്രിയ സംഗീത സംവിധായകൻ എം കെ അർജുനൻ മാസ്റ്ററുടെ വിയോഗം തീരാനഷ്ടം.
യു എ ഖാദർ- പ്രിയ സാഹിത്യകാരൻ യുഎ ഖാദർ ഓർമയായത് നവംബർ 12നായിരുന്നു.
എം പി വീരേന്ദ്രകുമാർ- സോഷ്യലിസ്റ്റ് നേതാവും പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന വീരേന്ദ്രകുമാറിന്റെ മരണം രാഷ്ട്രീയ രംഗത്തിന് നികത്താനാകാത്ത നഷ്ടമായി.
സച്ചി- തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ അന്ത്യം സിനിമാ പ്രേമികളിൽ ഞെട്ടലുണ്ടാക്കിയ ഒന്നാണ്. മികച്ച സിനിമകളിലൂടെ ഉദിച്ചുയരുന്നതിനിടെയാണ് സച്ചിയുടെ മടക്കം.
അനിൽ നെടുമങ്ങാട്- എണ്ണം പറഞ്ഞ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം സൃഷ്ടിക്കുന്നതിനിടെയായിരുന്നു നടൻ അനിൽ നെടുമങ്ങാടിന്റെ ആകസ്മിക മരണം. ക്രിസ്മസ് ദിനത്തിലായിരുന്നു മലങ്കര ജലാശയത്തിൽ കുളിക്കാനിറങ്ങിയ താരം മുങ്ങിമരിച്ചത്.
ശശി കലിംഗ- മികച്ച വേഷങ്ങളിലൂടെ മലയാളി പ്രക്ഷേകർക്ക് പ്രിയങ്കരനായ ശശി കലിംഗയും ഈ വർഷം വിടവാങ്ങി.
രവി വള്ളത്തോൾ- സിനിമാ, മിനി സ്ക്രീൻ രംഗത്തെ ഈ വർഷത്തെ വലിയ നഷ്ടങ്ങളിലൊന്നായിരുന്നു രവി വള്ളത്തോളിന്റെ വിടവാങ്ങൽ.
അനിൽ മുരളി- മലയാളത്തിൽ മാത്രമല്ല, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും സജീവമായിരുന്ന നടൻ അനിൽ മുരളിയെയും ഈ ദുരന്തവർഷം തട്ടിയെടുത്തു.
സി.എഫ്. തോമസ്- മുൻമന്ത്രിയും ചങ്ങനാശ്ശേരി എംഎൽഎയുമായിരുന്ന സി എഫ് തോമസ് സെപ്റ്റംബർ 27നാണ് അന്തരിച്ചത്.
ഇ. ഹരികുമാർ- മലയാളത്തിലെ പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു ഹരികുമാർ. കേരള സാഹിത്യ അക്കാദമി പുരസ്കാരം, പത്മരാജൻ പുരസ്കാരം, നാലപ്പാടൻ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
പ്രൊഫ ടി. എൻ കൃഷ്ണൻ- പ്രശസ്ത വയലിനിസ്റ്റും പത്മഭൂഷൺ ജേതാവുമായ ടി എൻ കൃഷ്ണൻ വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് വിടവാങ്ങിയത്.
ഷാനവാസ് നരണിപ്പുഴ- സൂഫിയും സുജാതയുടെ സംവിധായകനും തിരക്കഥാകൃത്തുമായ ഷാനവാസ് നരണിപ്പുഴ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്.
ജമീല മാലിക്- മലയാളത്തിലെ ആദ്യകാല നടി. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അഭിനയം പഠിച്ചിറങ്ങിയ ആദ്യ മലയാളി വനിത.
എം കമലം- മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ എം കമലം ജനുവരി 30നാണ് അന്തരിച്ചത്.
പി. ഗോപിനാഥൻ നായർ- ഗാന്ധിയനും സ്വാതന്ത്ര്യ സമരസേനാനിയുമായ പി ഗോപിനാഥൻ നായരും ഈ വർഷം വിടവാങ്ങി.
എസ് വിജയൻപിള്ള- നിയമസഭാംഗമായിരുന്ന എൻ വിജയൻപിള്ള. ചവറ നിയോജകമണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചത്.
പുതുശ്ശേരി രാമചന്ദ്രൻ- മലയാളത്തിലെ പ്രമുഖ കവിയുംഭാഷാ ഗവേഷകനും അധ്യാപകനുമായിരുന്നു
പെരുമ്പുഴ ഗോപാലകൃഷ്ണൻ- കവിയും സാംസ്കാരിക പ്രവർത്തകനുമായിരുന്ന പെരുമ്പുഴ ഗോപാലകൃഷ്ണനും ഈ വർഷം നമ്മെ വിട്ടുപിരിഞ്ഞു.
ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത- മാർത്തോമാ സഭയുടെ പരമാധ്യക്ഷനായിരുന്നു. ഒക്ടോബർ 18നാണ് കാലം ചെയ്തത്.
ഫ്രൊഫ ആർ ഹേലി- ആറു പതിറ്റാണ്ടോളം കേരളത്തിന്റെ കാർഷിക മേഖലയ്ക്ക് സമഗ്രമായ സംഭാവനകൾ നൽകിയ കൃഷി ശാസ്ത്രജ്ഞനും മുൻ കൃഷി വകുപ്പ് ഡയറക്ടറുമായിരുന്നു.
ഇന്ത്യൻ സിനിമയിലെ നഷ്ടങ്ങൾ
2020 ഇന്ത്യൻ സിനിമയെ സംബന്ധിച്ച് നഷ്ടങ്ങളുടെ വർഷമായിരുന്നു.
സുശാന്ത് സിംഗ് രജ്പുത്- 2020 ൽ ബോളിവുഡിനെ ഞെട്ടിച്ച ഏറ്റവും പ്രധാനപ്പെട്ട സംഭവമായിരുന്നു നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം. ജൂൺ 14ന് അദ്ദേഹത്തെ മുംബൈയിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തെ തന്നെ സ്വാധീനിക്കുന്ന തരത്തിൽ സുശാന്തിന്റെ മരണം വാർത്തയായി. മരണം ദുരൂഹമാണെന്നും സിനിമയിൽ നിലനിൽക്കുന്ന സ്വജനപക്ഷപാതത്തിന്റെ ഇരയാണ് സുശാന്തെന്നുമുള്ള ചർച്ചകൾക്കും ഇത് വഴിവച്ചു. 34-ാം വയസ്സിലാണ് അദ്ദേഹം സിനിമാ ലോകത്തോട് വിടപറഞ്ഞത്.
ഇർഫാൻ ഖാൻ - ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരിൽ ഒരാളായ ഇർഫാൻ ഖാൻ വിടപറഞ്ഞത് ഈ വർഷം ഏപ്രിലിൽ ആയിരുന്നു. പ്രിയനടന്‍റെ അകാല വിയോഗം ഇന്ത്യന്‍ സിനിമാലോകവും ആരാധകരും സ്വീകരിച്ചത് ഞെട്ടലോടെയാണ്. വന്‍കുടലിലെ അണുബാധയെത്തുടര്‍ന്ന് ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം.
ഋഷി കപൂർ - പ്രണയാതുര ഭാവങ്ങളിലൂടെ ബോളിവുഡിനെ ത്രസിപ്പിച്ച നടനും നിർമാതാവും സംവിധായകനുമായ ഋഷി കപൂർ വിടപറഞ്ഞതും 2020 ൽ ആണ്. ഇന്ത്യൻ ചലച്ചിത്രലോകം കണ്ട എക്കാലത്തെയും ജനപ്രിയ നടന്മാരിലൊരാളും സംവിധായകനും നിർമാതാവുമായ രാജ് കപൂറിന്റെ മകനായ ഋഷി, പിതാവ് സംവിധാനം ചെയ്ത ‘ശ്രീ 420’ എന്ന ചിത്രത്തിൽ മുഖം കാണിച്ചുകൊണ്ടാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്.
എസ്. പി. ബാലസുബ്രമണ്യം - സംഗീത ലോകത്തെ ഏറ്റവും വലിയ നഷ്ടം. ഇന്ത്യ കണ്ട മികച്ച ഗായകരില്‍ ഒരാളായ എസ്.പി. ബാലസുബ്രമണ്യം എന്ന എസ്.പി.ബി. സംഗീത പ്രേമികളെ സംബന്ധിച്ച് ഒരു വികാരമായിരുന്നു. ആത്മാവിനോട് അലിഞ്ഞുചേർന്ന അനേകം ഗാനങ്ങളാണ് അദ്ദേഹത്തിന്റെ മാസ്മരിക ശബ്ദത്തിലൂടെ ഉടലെടുത്തത്. ഒരു ഗായകനിലുപരി സംഗീത സംവിധായകൻ, അഭിനേതാവ്, ഡബ്ബിംഗ് ആർട്ടിസ്റ്റ്, സീരിയൽ അഭിനേതാവ്, ടെലിവിഷൻ അവതാരകൻ, റിയാലിറ്റി ഷോ ജഡ്ജ് എന്നിങ്ങനെ നിരവധി മേഖലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. കോവിഡ് ബാധയ്ക്ക് തൊട്ടു മുന്‍പ് വരെ സംഗീതലോകത്ത് സജീവമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം എക്കാലവും തീരാ നഷ്ടമായി അവശേഷിക്കും.
സൗമിത്ര ചാറ്റർജി - അഭിനയമികവുകൊണ്ട് ഇന്ത്യൻ സിനിമയുടെ ഖ്യാതി അന്താരാഷ്ട്രതലത്തിലേക്ക് ഉയർത്തിയ ബംഗാളി നടൻ സൗമിത്ര ചാറ്റർജി അരങ്ങൊഴിഞ്ഞതും 2020 ൽ ആണ്. ഇന്ത്യന്‍ സിനിമയില്‍ വേറിട്ട അഭിനയജീവിതമാണ് സൗമിത്ര ചാറ്റര്‍ജിയുടേത്. ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരമായി പരിഗണിക്കുന്ന അദ്ദേഹം സത്യജിത് റേ സംവിധാനം ചെയ്ത ചിത്രങ്ങളിലാണ് കൂടുതലായും അഭിനയിച്ചിട്ടുള്ളത്. റേയുടെ 14 ഓളം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌തു. രാജ്യം പത്മഭൂഷൻ നൽകി ആദരിച്ച സൗമിത്ര ചാറ്റർജി ദേശീയ അവാർഡുകളടക്കം നിരവധി പുരസ്‌കാരങ്ങൾ നേടി.
നിഷികാന്ത് കാമത്ത്- മോഹൻലാലിന്‍റെ ഹിറ്റ് ചിത്രം 'ദൃശ്യം' അതേ പേരിൽ ഹിന്ദിയിൽ സംവിധാനം ചെയ്ത ബോളിവുഡ്, മറാഠി സംവിധായകൻ നിഷികാന്ത് കാമത്തിന്റെ വിയോഗത്തിനും 2020 സാക്ഷ്യം വഹിക്കേണ്ടി വന്നു. ഗുരുതരമായ കരൾ രോഗത്തെത്തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
ജഗദീപ് ജഫ്രി - എക്കാലത്തെയും മികച്ച ഹാസ്യനടന്മാരിൽ ഒരാളായ ബോളിവുഡ് നടൻ ജഗദീപ് ജഫ്രിയും 2020 ലെ നഷ്ടങ്ങളിൽ ഇടം പിടിച്ചു. അമിതാഭ് ബച്ചന്‍, ധര്‍മേന്ദ്ര, ഹേമമാലിനി, ജയ ബച്ചന്‍ എന്നിവര്‍ അഭിനയിച്ച 'ഷോലെ' എന്ന ചിത്രത്തിലെ സൂര്‍മ ഭോപാലി എന്ന കഥാപാത്രത്തിലൂടെ ഇന്ത്യൻ സിനിമാ ലോകത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച താരമാണ് അദ്ദേഹം. സയ്യിദ് ഇഷ്തിയാക് അഹമ്മദ് ജാഫ്രി എന്നായിരുന്നു യഥാര്‍ത്ഥ പേര്.
ആസിഫ് ബസ്ര - സുശാന്തത്തിന് പിന്നാലെ ബോളിവുഡിനെ ഞെട്ടിച്ച മറ്റൊരു ആത്മഹത്യയായിരുന്നു ബോളിവുഡ് നടനും ടെലിവിഷൻ താരവുമായ ആസിഫ് ബസ്രയുടേത്. ധർമ്മശാലയിലെ ഒരു സ്വകാര്യ കെട്ടിടത്തിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അമേരിക്കൻ ഹാസ്യ ചിത്രമായ ഔട്സോഴ്സ്ഡ് ആണ് ശ്രദ്ധേയമായ ചിത്രം. മോഹൻലാൽ നായകനായ മലയാള ചിത്രം 'ബിഗ് ബ്രദറിൽ' മുത്താന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ആസിഫ് ബസ്ര ശ്രദ്ധ നേടിയിരുന്നു.
ചിരഞ്ജീവി സർജ- കന്നഡ സിനിമയിലെ യുവതാരമായിരുന്ന ചിരഞ്ജീവി സർജയെ ഹൃദയാഘാതത്തിന്റെ രൂപത്തിൽ മരണം തട്ടിയെടുത്തത് ഈ വർഷമാണ്. നടി മേഘ്ന രാജിന്റെ ജീവിത പങ്കാളിയായാണ് മലയാളികൾക്ക് ചിരഞ്ജീവിയെ കൂടുതൽ പരിചയം. ചിരഞ്ജീവി മരിക്കുമ്പോൾ മേഘ്ന നാല് മാസം ഗർഭിണിയായിരുന്നു. തെന്നിന്ത്യൻ ആക്ഷന്‍ കിങ് അർജുൻ സർജ താരത്തിന്റെ അമ്മാവനാണ്. കന്നഡയിലെ സൂപ്പർതാരം ധ്രുവ് സർജ സഹോദരനാണ്.
പാർവൈ മുനിയമ്മ - തമിഴ് സിനിമകളിലൂടെ തെന്നിന്ത്യയിൽ ശ്രദ്ധേയയായ നടിയും നാടൻപാട്ട് ഗായികയുമായ പാർവൈ മുനിയമ്മ വിട പറഞ്ഞത് 2020 ലാണ്. 2003 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ധൂളിലൂടെയാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. മുനിയമ്മ പാടി അഭിനയിച്ച് ധൂളിലെ ''സിങ്കം പോല'' എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടിക്കൊപ്പം പോക്കിരിരാജ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തിൽ എത്തി.
കായിക രംഗത്തെ നഷ്ടങ്ങൾ
ഡീഗോ മറഡോണ- 2020 കായിക ചരിത്രത്തിൽ ഓർമിക്കപ്പെടുക ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ വേർപാടിന്റെ വർഷം എന്ന പേരിലാവും. അർജന്റീനയെ 1986ൽ ലോകകപ്പ് കിരീടത്തിലേക്കു നയിച്ച മറഡോണയുടെ മരണം 60–ാം പിറന്നാൾ കഴിഞ്ഞ് ഒരു മാസം പിന്നിടും മുൻപായിരുന്നു (നവംബർ 25). ആഴ്ചകളുടെ വ്യത്യാസത്തിൽ ഇറ്റാലിയൻ താരം പൗളോ റോസിയും വിടപറഞ്ഞു.
കോബി ബ്രയന്റ്- യുഎസ് ബാസ്കറ്റ്ബോൾ ഇതിഹാസം കോബി ബ്രയന്റ് (41) കലിഫോർണിയയ്ക്കു സമീപമുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ജീവൻ വെടിഞ്ഞു (ജനുവരി 26). കോബിക്കൊപ്പം മകൾ ജിയാനയും (13) മരിച്ചു.
ചേതൻ ചൗഹാൻ- മുൻ ഇന്ത്യൻ ക്രിക്കറ്ററും പിന്നീട് ബിജെപി മന്ത്രിയുമായ ചേതൻ ചൗഹാൻ ആഗസ്റ്റ് 16നാണ് അന്തരിച്ചത്. കോവിഡ് സംബന്ധമായ പ്രശ്നങ്ങളാണ് ചൗഹാന്റെ മരണത്തിന് കാരണമായത്. ഡൽഹി ക്രിക്കറ്റ് അസോസിയേഷനിൽ സംഘാടകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ഡീൻ ജോൺസ്- ക്രിക്കറ്റ് ലോകത്തെയാകമാനം ഞെട്ടിച്ചാണ് മുൻതാരവും കമന്റേറ്ററുമായയ ഡീൻ ജോൺസ് അവിചാരിതമായി ലോകത്തെ വിട്ടുപിരിഞ്ഞത്. 2020 സെപ്തംബർ 24നായിരുന്നു അദ്ദേഹത്തിന്റെ മരണം. 59 വയസ്സായിരുന്നു മരിക്കുമ്പോൾ അദ്ദേഹത്തിന്. ഓസ്ട്രേലിയൻ ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളായിരുന്നു ജോൺസ്.
പൗളോ റോസി- ഇറ്റാലിയൻ ഫുട്ബോളിലെ ഇതിഹാസതാരം പാവ‍്‍ലോ റോസിയുടെ വിടവാങ്ങലിനും 2020 സാക്ഷ്യം വഹിച്ചു. 1982ൽ സ്വീഡനെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച നായകനാണ് റോസി. ആ ലോകകപ്പിൽ ആറ് ഗോളുകളുമായി റോസി തന്നെയായിരുന്നു ടോപ് സ്കോറർ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: FILM, Literature, Sports, Year Ender 2020