ന്യൂഡൽഹി: ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറെ സവിശേഷതകൾ നിറഞ്ഞ കാലഘട്ടമാണ് കൗമാരം. ആദ്യ ക്രഷ്, ആദ്യ പ്രണയമൊക്കെ സംഭവിക്കുന്നത് ഈ സമയത്തായിരിക്കും. ഏറെ ആശയകുഴപ്പം നിറഞ്ഞതും പ്രായപൂർത്തിയാകുന്നതിന്റെ തുടക്കവും സ്വയം അവബോധം ആർജിക്കുന്ന സമയവുമായതിനാൽ, കൗമാര പ്രായം അവിസ്മരണീയമാണ്. ശരിക്കും ചിത്രശലഭത്തെപ്പോലെ പാറി നടക്കുന്ന സമയം. എന്നാൽ ഒരു പതിനാലുകാരിക്ക് ഹൃദയാഘാതമുണ്ടായ ഏറെ വിചിത്രമായ അനുഭവമാണ് ഇപ്പോൾ പുറത്തുവരുന്നത്. സൈറ എന്ന 23കാരിയാണ് ഒമ്പത് വർഷം മുമ്പ് തനിക്ക് ഹൃദയാഘാതം ഉണ്ടായ അവസ്ഥയെക്കുറിച്ച് വിവരിക്കുന്നത്.
കുടുംബത്തോടൊപ്പം ഒരു പരിപാടി കഴിഞ്ഞ് മടങ്ങിയെത്തിയ സൈറ സീഗർ തന്റെ വീടിന്റെ ഹാളിൽ വീണു. ആ സമയം ഒരു ചിത്രശലഭത്തെപ്പോലെ പറക്കുന്നതായാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് സൈറ പറയുന്നു. അബോധാവസ്ഥയിലായിരുന്ന അവളെ വീട്ടുകാർ പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചു. അവിടെ വെച്ച് കടുത്ത ക്ഷീണവും കൈയുടെ മുകൾ ഭാഗത്ത് ആഴത്തിലുള്ള കത്തുന്ന വേദനയിയും അനുഭവപ്പെട്ടു. എന്നാൽ ആ സമയത്ത് അത് ഹൃദയാഘാതമാണെന്ന് തനിക്ക് അറിയില്ലായിരുന്നു. ഇപ്പോൾ കൈയിലെ വേദന സ്ത്രീകളിലെ ഹൃദയാഘാതത്തിന്റെ ലക്ഷണമാണെന്ന് തനിക്ക് ഉറപ്പിച്ചു പറയാനാകുമെന്നും സൈറ പറയുന്നു. .
ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷന്റെ അഭിപ്രായത്തിൽ, കൊറോണറി പ്രശ്നങ്ങൾ വരുമ്പോൾ പുരുഷന്മാരിൽ നിന്ന് വ്യത്യസ്തമായി സ്ത്രീകൾക്ക് തെറ്റായ രോഗനിർണയം ഉണ്ടാകാനുള്ള സാധ്യത 50 ശതമാനം കൂടുതലാണ്. മിക്ക സ്ത്രീകളും ഹൃദയാഘാതത്തെ നെഞ്ചെരിച്ചിലോ ഉത്കണ്ഠയോ ആയി തള്ളിക്കളയുന്നു.
ആശുപത്രിയിൽ എത്തിച്ചപ്പോൾ സൈറയുടെ വേദന കൗമാരപ്രായത്തിലുള്ള ഉത്കണ്ഠയാണെന്ന് പറഞ്ഞ് ഡോക്ടർമാർ തള്ളിക്കളയുകയാണ് ആദ്യം ചെയ്തത്. അവൾക്ക് വേദനയ്ക്കുള്ള മരുന്നുകൾ നൽകിയില്ല. എന്നാൽ വേദന രൂക്ഷമായതോടെ നടത്തിയ പരിശോധനയിലാണ് സൈറയ്ക്ക് ഹൃദയാഘാതം ഉണ്ടായതായി കണ്ടെത്തിയത്. കൊറോണറി ആർട്ടറിയിൽ രക്തം കട്ട പിടിച്ചതാണ് ഹൃദയാഘാതത്തിന് കാരണമായത്. ഉടൻ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു.
ഓപ്പറേഷന് ശേഷമാണ് തനിക്ക് ഹൃദയാഘാതം സംഭവിച്ചുവെന്ന കാര്യം സൈറയ്ക്ക് തിരിച്ചറിയാനായത്. പരിശോധനയിൽ അവൾക്ക് ഉയർന്ന ലിപ്പോപ്രോട്ടീൻ എ ഉണ്ടെന്നും അവളുടെ ചുവന്ന രക്താണുക്കൾ അധികമായി ഒട്ടിപ്പിടിക്കുകയും രക്തം കട്ടപിടിക്കുകയും ചെയ്യുന്നതായി കണ്ടെത്തി.
2021ൽ വീണ്ടും ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടെന്ന് കണ്ടെത്തി. തുടർന്ന് സൈറയെ വീണ്ടും ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. സോഡിയം കുറഞ്ഞ ഭക്ഷണരീതിയാണ് സൈറ പിന്തുടരുന്നത്. കൂടാതെ ഡോക്ടർമാരുടെ നിർദേശപ്രകാരം ചില വർക്കൌട്ടുകളും അവർ ചെയ്യുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.