• HOME
  • »
  • NEWS
  • »
  • life
  • »
  • പ്രണയരഹിതമായ വിവാഹജീവിതത്തിന്‍റെ പ്രധാന ലക്ഷണങ്ങൾ

പ്രണയരഹിതമായ വിവാഹജീവിതത്തിന്‍റെ പ്രധാന ലക്ഷണങ്ങൾ

പ്രണയസമ്പുഷ്ടമായ വിവാഹജീവിതം മുന്നോട്ടു കൊണ്ടു പോകാൻ തീരുമാനിക്കുന്നതു പോലെ തന്നെ ശരിയായ കാര്യമാണ് പ്രണയം അസ്തമിച്ച വിവാഹജീവിതത്തിൽ നിന്ന് വിടുതൽ നേടുന്നതും.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
    പ്രണയസുരഭിലമായി സന്തോഷത്തോടെ മുന്നോട്ടു പോകുമ്പോഴാണ് വിവാഹജീവിതം അതിന്‍റെ പൂർണതയിൽ എത്തുന്നത്. എന്നാൽ, പലപ്പോഴും അസംതൃപ്തിയുടെയും അസന്തോഷത്തിന്‍റെയും വേദിയാകാറുണ്ട്. സ്നേഹം അസ്തമിക്കുമ്പോഴാണ് വിവാഹജീവിതത്തിൽ സന്തോഷവും ഇല്ലാതാകുന്നത്. പ്രണയമില്ലാത്ത വിവാഹജീവിതം സങ്കൽപിക്കുന്നതിനേക്കാൾ അങ്ങേയറ്റം ബോറാണ്. നിങ്ങളുടെ വിവാഹജീവിതം സ്നേഹവും സന്തോഷവും ഇല്ലാത്തതാണോ ? ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അക്കാര്യങ്ങൾ തിരിച്ചറിയാം.

    1. പങ്കാളിയുടെ സ്നേഹത്തെ സംശയിക്കുന്നത്

    ഇക്കാര്യത്തിൽ പലപ്പോഴും പ്രതിസ്ഥാനത്ത് നിൽക്കുന്നത് സ്ത്രീകളാണ്. പുരുഷൻമാർ സ്നേഹം മിക്കവാറും പ്രകടിപ്പിക്കുന്നത് പ്രവൃത്തിയിൽ ആയിരിക്കും, വാക്കുകൾ കൊണ്ട് സ്നേഹിക്കുന്നവർ കുറവായിരിക്കും. അതുകൊണ്ടു തന്നെ, പങ്കാളി എന്തൊക്കെ കാര്യങ്ങൾ ചെയ്താലും ശരിക്കും തന്നെ സ്നേഹിക്കുന്നുണ്ടോ എന്നായിരിക്കും സ്ത്രീകളുടെ സംശയം. ഇത് കൂട്ടുകാരികളുമായി അവർ പങ്കുവെയ്ക്കുകയും ചെയ്യും.

    വിവാഹജീവിതത്തിൽ സ്നേഹിക്കുന്നതിനൊപ്പം സ്നേഹം മനസിലാക്കാനും പഠിക്കണം. ഭർത്താവിന്‍റെ സ്നേഹത്തെ സംശയത്തോടെ വീക്ഷിക്കുന്ന ഭാര്യയാണ് നിങ്ങളെങ്കിൽ വിവാഹജീവിതത്തിലെ തകർച്ച അവിടെ തുടങ്ങുകയായി.

    എങ്ങനെ മറികടക്കാം

    പങ്കാളിയുടെ സ്നേഹത്തെ സംശയത്തോടെ വീക്ഷിക്കുന്നത് തന്നെയാണ് ആദ്യം സംശയിക്കേണ്ടത്. സത്യസന്ധമായ സ്നേഹം പരസ്പരം നൽകാൻ കഴിയണം. കാര്യങ്ങൾ തുറന്നു സംസാരിക്കണം. കമ്യൂണിക്കേഷന്‍റെ കാര്യത്തിൽ സംഭവിക്കുന്ന കുറവാണ് പലപ്പോഴും വിവാഹജീവിതത്തിന്‍റെ പരാജയം.

    ഒരുമിച്ച് സിനിമകൾക്ക് പോകുക, ആഴ്ചാവസാനം ഒരുമിച്ച് യാത്രകൾക്ക് പോകുക എന്നിവ ചെയ്യാം. ജീവിതം ആസ്വദിക്കാതെ ബോറടിച്ച് മരിക്കരുത്. പങ്കാളിക്ക് സർപ്രൈസ് നൽകുന്നത് ജീവിതത്തിന് പുതുമ നൽകാൻ സഹായിക്കും. എല്ലാത്തിനും ഉപരിയായി സ്നേഹം പങ്കാളിക്ക് മനസിലാകുന്ന വിധത്തിൽ പ്രകടിപ്പിക്കുക, ജീവിതത്തിന്‍റെ ഭാഗമായവരോട് പ്രണയം തുറന്നു പ്രകടിപ്പിക്കുന്നത് കൊണ്ട് ഒന്നും നഷ്ടപ്പെടാനില്ല, ജീവിതം കൂടുതൽ സുന്ദരമാകുകയേ ഉള്ളൂ.

    2. ദൃഢതയില്ലാത്ത ബന്ധമുള്ള വിവാഹജീവിതം

    പങ്കാളികൾ തമ്മിലുള്ള ബന്ധത്തിന് ദൃഢതയില്ലെങ്കിൽ വിവാഹജീവിതം അമ്പേ പരാജയമായിരിക്കും. വിശ്വസവും അടുപ്പവും ദൃഢതയും ഇല്ലെങ്കിൽ ആ വിവാഹബന്ധം എപ്പോൾ തകർന്നു എന്നു ചോദിച്ചാൽ മതി. വൈകാരികമായ അടുപ്പവും ലൈംഗിക ബന്ധവുമെല്ലാം ഉറച്ച വിവാഹ ബന്ധത്തിന് ആവശ്യമാണ്. അടുപ്പുമുള്ള ബന്ധമില്ലാത്ത കാലത്തോളം നിങ്ങളുടെ വിവാഹജീവിതം ഒട്ടും ആരോഗ്യകരമല്ല എന്നതാണ് സത്യം.

    എങ്ങനെ മറികടക്കാം

    ഓർക്കുക, വിവാഹ ജീവിതം എന്നു പറയുന്നത് ഒരു ടീം വർക്ക് ആണ്. ഭർത്താവും ഭാര്യയും ഒരുമിച്ച് തുഴഞ്ഞാൽ മാത്രമേ ആ വഞ്ചി മുന്നോട്ടു പോകുകയുള്ളൂ. പങ്കാളിക്ക് ചിലപ്പോൾ വൈകാരിക പ്രശ്നങ്ങൾ ഉണ്ടാകാം, ലൈംഗിക പ്രശ്നങ്ങൾ ഉണ്ടാകാം. ഈ സമയത്ത് പരസ്പരം കുറ്റപ്പെടുത്താതെ തണലായി ഒപ്പം നിൽക്കുകയാണ് വേണ്ടത്.

    മക്കളുണ്ടെങ്കിൽ അവർക്കൊപ്പം ഒരുമിച്ച് ചെലവഴിക്കാൻ സമയം കണ്ടെത്തുക. നിങ്ങളും നിങ്ങളുടെ പങ്കാളിയും ബിസിനസ് പങ്കാളികളാണെങ്കിൽ അക്കാര്യങ്ങൾ കൂടുതൽ ചർച്ച ചെയ്യാം. കാര്യങ്ങൾ മനസ്സിലാക്കി മുന്നോട്ടു പോകുന്നതും പ്രശ്നങ്ങൾ പരസ്പരം പങ്കു വഹിക്കുന്നതും പ്രശ്നങ്ങൾക്ക് പരിഹാരം ഒരുമിച്ച് കണ്ടെത്താൻ കഴിയുന്നതും വിവാഹജീവിതം കൂടുതൽ ദൃഢതയുള്ളതാക്കും.

    3. നിങ്ങളും പങ്കാളിയും സുഹൃത്തുക്കൾ പോലുമല്ലെങ്കിൽ

    പ്രണയരഹിതമായ വിവാഹജീവിതത്തിന്‍റെ ഏറ്റവും വലിയ ലക്ഷണമാണ് ഇത്. പങ്കാളിയും നിങ്ങൾ തമ്മിൽ വൈകാരികമായ ഒരു അടുപ്പമില്ലെങ്കിൽ അത് ഉണ്ടാക്കിയെടുക്കാൻ സമയമുണ്ട്. എന്നാൽ, പങ്കാളിയുമായി നിങ്ങൾക്ക് സൗഹൃദമില്ലെങ്കിൽ ആ ബന്ധം തുടരുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടെന്ന് തോന്നുന്നില്ല.

    ഭാര്യയും ഭർത്താവും നല്ല സുഹൃത്തുക്കൾ ആണെങ്കിൽ അവർക്ക് പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടാകും. ചില വിവാഹബന്ധങ്ങൾ ആദ്യത്തെ കുറച്ചു വർഷങ്ങളിൽ വളരെ മനോഹരമായിരിക്കും. എന്നാൽ, വർഷങ്ങൾ പോകുന്നതിന് അനുസരിച്ച് അവർ തമ്മിലുള്ള അടുപ്പം കുറഞ്ഞു വരും. അതേസമയം, ചില ബന്ധങ്ങൾ നേരെ തിരിച്ചാണ്. വർഷം കഴിയുന്നതിന് അനുസരിച്ച് അവർ തമ്മിലുള്ള ബന്ധം കൂടുതൽ കൂടുതൽ ശക്തമാകും.

    എങ്ങനെ മറികടക്കാം

    ഭാര്യയുടെ ഏറ്റവും അടുത്ത സുഹൃത്ത് ഭർത്താവും ഭർത്താവിന്‍റെ ഏറ്റവും അടുത്ത സുഹൃത്ത് ഭാര്യയുമാണെങ്കിൽ ആ ബന്ധം കൂടുതൽ ഉഷ്മളമായിരിക്കും. അതേസമയം, ഒരു സൗഹൃദം പോലും പങ്കാളികൾ തമ്മിലില്ലെങ്കിൽ ആ വിവാഹബന്ധം മുന്നോട്ടു പോകാത്തത് തന്നെയാണ് നല്ലത്. വിവാഹബന്ധം അവസാനിക്കുന്നതോടെ ലോകം അവസാനിക്കുന്നില്ല. ഒരു തരത്തിലും ഒത്തു പോകാത്ത ബന്ധവുമായി മുന്നോട്ട് പോകാതിരിക്കുന്നതാണ് നല്ലത്.

    സ്നേമുണ്ടെങ്കിൽ വിവാഹജീവിതം മനോഹരമാകുന്നതു പോലെ തന്നെയാണ് സ്നേഹമില്ലാത്തപ്പോൾ വിവാഹജീവിതം അങ്ങേയറ്റം അരോചകമാകുന്നതും. പ്രണയസമ്പുഷ്ടമായ വിവാഹജീവിതം മുന്നോട്ടു കൊണ്ടു പോകാൻ തീരുമാനിക്കുന്നതു പോലെ തന്നെ ശരിയായ കാര്യമാണ് പ്രണയം അസ്തമിച്ച വിവാഹജീവിതത്തിൽ നിന്ന് വിടുതൽ നേടുന്നതും. ഓരോ വ്യക്തികളുടെയും ജീവിതസാഹചര്യങ്ങളും സ്വഭാവങ്ങളും വ്യത്യസ്തമാണ്, അതുപോലെ തന്നെ തീരുമാനങ്ങളും.

    First published: