കോവിഡ് മഹാമാരി (Covid Pandemic) ആരംഭിച്ചതു മുതൽ യാത്രകളും (Travel) മറ്റും മാറ്റി വച്ചവർക്ക് സന്തോഷ വാർത്ത. ലോകമെമ്പാടും കോവിഡ് 19 കേസുകൾ കുറയുകയും വാക്സിനേഷൻ (Vaccination) എടുക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയും ചെയ്യുമ്പോൾ വിവിധ രാജ്യങ്ങൾ ഒടുവിൽ കർശനമായ കോവിഡ് മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുന്നു. നിയന്ത്രണങ്ങൾ നീക്കി വിനോദ സഞ്ചാരികൾക്കായി വാതിൽ തുറക്കുന്ന രാജ്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
ദക്ഷിണ കൊറിയ
ഏപ്രിൽ 1 മുതൽ കോവിഡിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുള്ള അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്ക് ക്വാറന്റൈൻ ഇല്ലാതെ ദക്ഷിണ കൊറിയ സന്ദർശിക്കാം. ദക്ഷിണ കൊറിയൻ സർക്കാർ പുറപ്പെടുവിച്ച പുതിയ നിയമം അനുസരിച്ച് രണ്ട് വാക്സിൻ ഡോസുകൾ എടുത്ത് 180 ദിവസത്തിലധികമായ ആളുകൾക്ക് ക്വാറന്റൈൻ മറികടക്കാൻ ഒരു ബൂസ്റ്റർ ഡോസുകൂടി എടുക്കേണ്ടി വരും. ടൂറിസം ബോർഡ് നിർദ്ദേശം അനുസരിച്ച് യാത്രക്കാർ ഒരു ക്യുആർ കോഡിനായി അപേക്ഷിക്കേണ്ടതുണ്ട്. അത് ഇമിഗ്രേഷനിൽ സ്കാൻ ചെയ്യും. ദക്ഷിണ കൊറിയയുടെ ക്യുആർ-കോഡ് സംവിധാനം ഉപയോഗിച്ച് നിങ്ങളുടെ ചില വ്യക്തിഗത വിവരങ്ങൾ നൽകിയാൽ ക്യുആർ കോഡ് ലഭിക്കുന്നതാണ്.
കാനഡ
കാനഡ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന അനുസരിച്ച് രാജ്യം സന്ദർശിക്കുന്ന വിനോദസഞ്ചാരികൾ പൂർണ്ണമായി വാക്സിനേഷൻ എടുത്തിട്ടുണ്ടെങ്കിൽ അവർക്ക് പ്രീ-എൻട്രി ടെസ്റ്റുകൾക്ക് ഹാജരാക്കേണ്ടതില്ല. എന്നാൽ മറ്റ് രാജ്യങ്ങളിൽ നിന്ന് കാനഡയിലേക്ക് പ്രവേശിക്കുന്ന വിനോദസഞ്ചാരികൾ, പൂർണ്ണമായി വാക്സിനേഷൻ എടുത്തവരായിരിക്കണം. എന്നാൽ നിർബന്ധിത റാൻഡം ടെസ്റ്റിംഗിനായി നിങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ നിങ്ങൾ കാനഡയിൽ എത്തിച്ചേരുമ്പോൾ തന്നെ ഒരു കോവിഡ് 19 മോളിക്യുലാർ ടെസ്റ്റിന് വിധേയരാകേണ്ടതുണ്ട്. തിരഞ്ഞെടുത്ത വിനോദസഞ്ചാരികൾ അവരുടെ പരിശോധനാ ഫലത്തിനായി കാത്തിരിക്കുമ്പോൾ ക്വാറന്റൈനിൽ പോകേണ്ടതില്ല.
Also Read-
Israel | വിനോദ സഞ്ചാരികൾക്കായി വാതിൽ തുറന്ന് ഇസ്രായേൽ; സന്ദർശിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
തായ്ലൻഡ്
ഏപ്രിൽ 1 മുതൽ തായ്ലൻഡ് സന്ദർശിക്കുന്നവർക്ക് 72 മണിക്കൂറിനുള്ളിലെ കോവിഡ് രഹിത സർട്ടിഫിക്കറ്റ് ആവശ്യമില്ല. എന്നാൽ രാജ്യത്ത് എത്തുന്ന വിനോദസഞ്ചാരികൾ ആർടി-പിസിആർ (RT-PCR) ടെസ്റ്റിന് വിധേയരാകുകയും എത്തിയതിന് ശേഷമുള്ള അഞ്ചാം ദിവസം സ്വയം ആന്റിജൻ ടെസ്റ്റ് നടത്തുകയും വേണം.
മലേഷ്യയും സിംഗപ്പൂരും
ഈ രണ്ട് അയൽ ദ്വീപ് രാജ്യങ്ങളും തങ്ങളുടെ വാതിലുകൾ വിനോദസഞ്ചാരികൾക്കായി തുറന്നിട്ടുണ്ട്. മഹാമാരി സാഹചര്യം നിയന്ത്രണത്തിലായതോടെ ടൂറിസം മേഖലയെ ഉത്തേജിപ്പിക്കാൻ താനും സിംഗപ്പൂരിലെ ആരോഗ്യമന്ത്രി ഓങ് യെ കുംഗും പ്രവർത്തിക്കുന്നുണ്ടെന്ന് മലേഷ്യൻ ആരോഗ്യമന്ത്രി ഖൈരി ജമാലുദ്ദീൻ കഴിഞ്ഞ ആഴ്ച ട്വീറ്റ് ചെയ്തിരുന്നു. രണ്ട് വർഷത്തെ കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ഏപ്രിൽ 1 മുതൽ മലേഷ്യൻ അതിർത്തികൾ വീണ്ടും തുറക്കും. എന്നാൽ, പൂർണമായും പ്രതിരോധ കുത്തിവയ്പ്പ് എടുത്ത യാത്രക്കാർക്ക് മാത്രമാണ് നിയമങ്ങളിൽ ഇളവ് വരുത്തിയിരിക്കുന്നത്.
ഇറ്റലി
ഇറ്റലിയും യാത്രക്കാർക്കായി അതിർത്തികൾ തുറന്നു. യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ ഇറ്റലിയിലെത്തുമ്പോൾ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ അതേ പ്രവേശന നിയമങ്ങളായിരിക്കും ഇനി ബാധകമാകുക എന്ന് ഇറ്റലിയിലെ ആരോഗ്യമന്ത്രി റോബർട്ടോ സ്പെരാൻസ ഈ മാസം ആദ്യം പ്രസ്താവനയിൽ പറഞ്ഞിരുന്നു. വാക്സിനേഷൻ എടുത്ത യാത്രക്കാർ പ്രീ-അറൈവൽ ടെസ്റ്റ് നടത്തേണ്ടതില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.