ഒരു രാജ്യം വിദേശ യാത്രാവശ്യങ്ങള്‍ക്കായി പൗരന്മാർക്ക് നല്കുന്ന തിരിച്ചറിയില്‍ രേഖയാണ് പാസ്പോര്‍ട്ട് (passport). ഇത് ഒരു പൗരത്വ രേഖ കൂടിയാണ്. അതിനാല്‍, അത് നഷ്ടപ്പെടുത്താതെ നോക്കേണ്ടത് ഓരോ പൗരന്റെയും ചുമതലയാണ്. നിങ്ങളുടെ ഓരോ വിദേശ യാത്രകളിലും പാസ്പോര്‍ട്ട് സുരക്ഷിതമായി കൈവശം വയ്ക്കാൻ ഉപകാരപ്രദമാകുന്ന ചില ടിപ്പുകള്‍ ഇതാ:
പാസ്പോര്‍ട്ടിന്റെ കോപ്പികള്‍ എടുത്തുവെയ്ക്കുക
നിങ്ങള്‍ ഒരു യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ പാസ്പോര്‍ട്ടിന്റെ ഒന്നിലധികം കോപ്പികള്‍ (copies) എടുത്തു വയ്ക്കുക. അവ പല പല ബാഗുകളിലായി സൂക്ഷിക്കുകയും വേണം. സുരക്ഷ ഉറപ്പാക്കാന്‍ ഈ കോപ്പികള്‍ നിങ്ങളുടെ ബാഗുകളുടെ അടിഭാഗത്ത് സൂക്ഷിക്കുക. കൂടാതെ, പാസ്പോര്‍ട്ടിന്റെ ഒരു കോപ്പി വീട്ടില്‍ വെച്ചിട്ടുണ്ടെന്നും ഉറപ്പുവരുത്തുക.
ഹോട്ടലുകളിലെ ലോക്കറില്‍ സൂക്ഷിക്കുക
നിങ്ങള്‍ മറ്റൊരു രാജ്യത്ത് എത്തി അവിടെ ഒരു ഹോട്ടലിലാണ് താമസിക്കുന്നതെങ്കിൽ നിങ്ങളുടെ പാസ്പോര്‍ട്ട് താമസിക്കുന്ന ഹോട്ടലില്‍ ഏല്‍പ്പിക്കുക. മാത്രമല്ല, അതിന്റെ ഒരു പകര്‍പ്പ് കൈവശം വെയ്ക്കുകയും വേണം. സാധാരണയായി ഹോട്ടലുകളില്‍ സുരക്ഷാ കോഡുള്ള ലോക്കറുകൾ (locker) കാണും. നിങ്ങളുടെ പാസ്പോര്‍ട്ട് സുരക്ഷിതമായി സൂക്ഷിക്കാൻ ഈ ലോക്കര്‍ ഉപയോഗിക്കുക.
പാസ്പോര്‍ട്ട് പൊതിഞ്ഞ് സൂക്ഷിക്കുക
നിങ്ങള്‍ കടല്‍ തീരത്തോ മറ്റോ പോകുന്നുണ്ടെങ്കിൽ ഒരു വാട്ടര്‍പ്രൂഫ് കവറില്‍ (waterproof cover) പാസ്പോര്‍ട്ട് സൂക്ഷിക്കണം. പാസ്പോര്‍ട്ടിന്റെ പേജുകളിൽ ജലാംശം തട്ടിയാല്‍ അതിലെ വിവരങ്ങള്‍ വായിക്കാന്‍ കഴിയാത്ത അവസ്ഥയിലാകും. ഇത് പല പ്രശ്നങ്ങള്‍ക്കും ഇടയാക്കും.
നിങ്ങളുടെ അവകാശങ്ങള്‍ അറിയുക
വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി നിങ്ങളുടെ പാസ്പോര്‍ട്ട് ആവശ്യമാണ്. എന്നാല്‍ നിങ്ങളുടെ ഒറിജിനല്‍ പാസ്പോര്‍ട്ടും അതിന്റെ പകര്‍പ്പും കാണിക്കേണ്ട സ്ഥലങ്ങളെക്കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കണം. നിങ്ങള്‍ക്ക് ഒരു അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടെങ്കില്‍, ആ ലൈസന്‍സോ പാസ്പോര്‍ട്ടിന്റെ പകര്‍പ്പോ കാണിച്ചാല്‍ മതിയാകും.
അതേസമയം, 2022-23 ബജറ്റില്‍ ഇ-പാസ്പോര്ട്ടുകള് വിതരണം ചെയ്യുമെന്ന് കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചിരുന്നു. ബയോമെട്രിക് വിവരങ്ങളോട് കൂടിയുള്ളതാകും പുതിയ ഇ-പാസ്പോര്‍ട്ട്. ഇത് ആഗോളതലത്തില്‍ ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാക്കും. നിങ്ങളുടെ പാസ്പോര്ട്ടില് അച്ചടിച്ചിരിക്കുന്ന പേര്, ജനനത്തീയതി, വിലാസം, മറ്റ് വിശദാംശങ്ങള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ വിവരങ്ങളും മൈക്രോചിപ്പിലും സൂക്ഷിക്കും. ഒരു യാത്രക്കാരന്റെ വിശദാംശങ്ങള്‍ വേഗത്തില്‍ പരിശോധിക്കാന്‍ മൈക്രോചിപ്പ് ഇമിഗ്രേഷന്‍ കൗണ്ടറുകളെ സഹായിക്കും.
വ്യാജ പാസ്പോര്‍ട്ടുകളുടെ ഉപയോഗം ഇല്ലാതാക്കാനും ഒരു പരിധി വരെ ഇത് സഹായിക്കും. തുടക്കത്തില്‍ 30 അന്താരാഷ്ട്ര യാത്രകളുടെ വിവരങ്ങള്‍ ചിപ്പില്‍ അടങ്ങിയിരിക്കും. എന്നാല്‍ പിന്നീടുള്ള ഘട്ടത്തില്‍, വിരലടയാളം പോലുള്ള ബയോമെട്രിക് വിവരങ്ങള്‍ക്കൊപ്പം പാസ്പോര്‍ട്ട് ഉടമയുടെ ചിത്രവും ചിപ്പില്‍ സൂക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരെങ്കിലും ചിപ്പില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചാല്‍ അത് പാസ്പോര്‍ട്ട് റദ്ദാക്കാന്‍ വരെ കാരണമാകും.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.