• HOME
  • »
  • NEWS
  • »
  • life
  • »
  • Take care in summer | വേനൽക്കാലത്ത് വ്യായാമം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Take care in summer | വേനൽക്കാലത്ത് വ്യായാമം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശരീരത്തിലെ അടിഞ്ഞ് കിടക്കുന്ന അനാവശ്യമായ കൊഴുപ്പും മറ്റും വേനൽക്കാല വ്യായാമത്തിലൂടെ പുറന്തള്ളാൻ സാധിക്കും. എന്നാൽ കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    വേനൽക്കാലത്ത് (Summer) വ്യായാമം (Exercise) ചെയ്താൽ ശരീരത്തിന് ഗുണം ചെയ്യുമെന്ന് വിദഗ്ദർ പറയുന്നു. നന്നായി വിയർക്കുന്ന (Sweat) കാലമാണിത്. ശരീരത്തിലെ അടിഞ്ഞ് കിടക്കുന്ന അനാവശ്യമായ കൊഴുപ്പും മറ്റും വേനൽക്കാല വ്യായാമത്തിലൂടെ പുറന്തള്ളാൻ സാധിക്കും. എന്നാൽ കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് പുറത്ത് പോയാണ് നിങ്ങൾ വർക്ക് ഔട്ട് ചെയ്യുന്നതെങ്കിൽ നിശ്ചയമായും കൂടുതൽ ശ്രദ്ധിക്കണം. വ്യായാമം ചെയ്യുമ്പോൾ ധരിക്കുന്ന വസ്ത്രം, കഴിക്കുന്ന ലഘുഭക്ഷണം, കുടിക്കുന്ന വെള്ളത്തിൻെറ അളവ്, ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങൾ എന്നിവയെക്കുറിച്ചെല്ലാം അറിയേണ്ടത് വളരെ പ്രധാനമാണ്.

    ഫിറ്റ്നസ് വിദഗ്ദനായ മുകുൾ നാഗ്പോൾ വേനൽക്കാലത്ത് വ്യായാമം ചെയ്യുമ്പോൾ എന്തെല്ലാം ചെയ്യാമെന്നും ചെയ്യേണ്ടതില്ലെന്നും വിശദീകരിക്കുന്നു. ഫിറ്റ് ഇന്ത്യ മൂവ്മെൻറ് അംബാസിഡർ കൂടിയാണ് മുകുൾ.

    എന്ത് വസ്ത്രം ധരിക്കണം?

    എളുപ്പത്തിൽ വിയർപ്പ് ഉണങ്ങുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് അഭികാമ്യം. വ്യായാമം ചെയ്യുമ്പോൾ നിങ്ങൾ നന്നായി വിയർക്കാനുള്ള സാധ്യതയുണ്ട്. വേനലിൽ പൊതുവിൽ പലരും കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനാണ് ഇഷ്ടപ്പെടാറുള്ളത്. സാധാരണ സമയങ്ങളിൽ ധരിക്കാൻ നല്ലത് കോട്ടൺ വസ്ത്രം തന്നെയാണ്. എന്നാൽ വ്യായാമം ചെയ്യുമ്പോൾ കോട്ടൺ നല്ലതല്ല. ഇത് വിയർപ്പ് ആഗിരണം ചെയ്ത് ശരീരത്തിന് ബുദ്ധിമുട്ടുണ്ടാക്കുകയാണ് ചെയ്യുക.

    ആവശ്യത്തിന് വെള്ളം കുടിക്കുക

    നമ്മുടെ ശരീരത്തിൽ 50 മുതൽ 70 ശതമാനം വരെ ജലമാണുള്ളത്. വേനലിൽ ശരീരം നന്നായി പ്രവർത്തിക്കണമെങ്കിൽ ആവശ്യത്തിന് വെള്ളം കുടിക്കണം. കുറഞ്ഞത് രണ്ടോ മൂന്നോ ലിറ്റർ വെള്ളം കുടിക്കേണ്ടതുണ്ട്. നിങ്ങൾ ചെയ്യുന്ന ജോലിക്കും പ്രവൃത്തിക്കും അനുസരിച്ച് വെള്ളത്തിൻെറ അളവ് കൂട്ടാം. കൂടുതൽ വിയർക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ ശരീരം കൂടുതൽ വെള്ളം ആവശ്യപ്പെടുന്നുണ്ട് എന്നാണർഥം.

    നിങ്ങളുടെ ശരീരത്തെ ശ്രദ്ധിക്കുക

    ശരീരത്തെ അറിഞ്ഞ് വ്യായാമം ചെയ്യുകയെന്നത് ഏറ്റവും പ്രധാനമാണ്. ക്ഷീണവും തളർച്ചയുമൊക്കെ ചൂടുകാലത്ത് സ്വാഭാവികമാണ്. അതിനാൽ ശരീരം ഇത്തരത്തിൽ സൂചന നൽകുന്നുവെങ്കിൽ ശ്രദ്ധിക്കണം. തല ചുറ്റുകയോ അമിത ദാഹം ഉണ്ടാവുകയോ ശരീരത്തിൽ നിർജലീകരണം അനുഭവപ്പെടുകയോ ഒക്കെ ചെയ്യുകയാണെങ്കിൽ വ്യായാമം എത്രയും പെട്ടെന്ന് നിർത്തുക. ആവശ്യത്തിന് തണുപ്പും തണലുമുള്ള ഒരിടത്തിരുന്ന് വിശ്രമിച്ചതിന് ശേഷം ശരീരം പഴയ അവസ്ഥയിലായതിന് ശേഷം മാത്രം വ്യായാമം തുടരുക.

    വ്യായാമത്തിൻെറ സമയം പ്രധാനം

    വേനലിൽ അമിതമായി സൂര്യപ്രകാശം ഏൽക്കുന്നത് ശരീരത്തിന് ഗുണം ചെയ്യില്ല. വ്യായാമത്തിന് സമയം നിശ്ചയിക്കുമ്പോൾ ഇത് മനസ്സിൽ വെക്കുക. രാവിലെ 10 മണി മുതൽ വൈകീട്ട് മൂന്ന് മണി വരെയുള്ള സമയത്ത് സൂര്യൻെറ വെയിലിന് ചൂട് കൂടുതലായിരിക്കും. ഈ സമയത്ത് വർക്ക് ഔട്ട് ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നിടത്ത് നിന്ന് വ്യായാമം ചെയ്യാതിരിക്കുക. പുറത്തിറങ്ങിയാണ് വ്യായാമം ചെയ്യുന്നതെങ്കിൽ രാവിലെ ചെയ്യുന്നതാണ് നല്ലത്.

    വർക്ക് ഔട്ടിന് മുമ്പ് പ്രോട്ടീൻ കഴിക്കരുത്

    പ്രോട്ടീൻ നിങ്ങളുടെ ശരീരത്തിന് ഊർജ്ജം പ്രദാനം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ചൂടുകാലത്ത് പ്രോട്ടീൻ കഴിച്ചതിന് ശേഷം വർക്ക് ഔട്ടിന് ഇറങ്ങരുത്. ഇത് നിങ്ങളുടെ ശരീരത്തിൻെറ ചൂട് കൂട്ടുകയാണ് ചെയ്യുക. വ്യായാമം ചെയ്യുന്നതിന് മുമ്പും അതിനിടയിലും ശരീരത്തെ തണുപ്പിക്കുന്ന ലഘുഭക്ഷണവും വെള്ളവും മാത്രം മതിയാവും. വ്യായാമത്തിന് ശേഷം ആവശ്യത്തിന് പ്രോട്ടീനുള്ള ഭക്ഷണമാവാം.
    Published by:user_57
    First published: