• HOME
  • »
  • NEWS
  • »
  • life
  • »
  • Thirumandhamkunnu pooram|ആചാര പെരുമയോടെ വള്ളുവനാടിന്റെ ദേശപ്പൂരം; അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരത്തിന് തുടക്കമായി

Thirumandhamkunnu pooram|ആചാര പെരുമയോടെ വള്ളുവനാടിന്റെ ദേശപ്പൂരം; അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരത്തിന് തുടക്കമായി

ഇനി 11 നാൾ വള്ളുവനാട് ദേശം പൂരാവേശത്തിൽ. മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി കൊടിയേറ്റം പൂരം തുടങ്ങി മൂന്നാം നാൾ ആണ് ഇവിടെ

  • Share this:
ആചാര പെരുമയോടെ വള്ളുവനാടിന്റെ ദേശപ്പൂരം, അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരത്തിന് (Thirumandhamkunnu pooram) തുടക്കമായി. രാവിലെ 10 മണിയോടെ മൂന്നാനകളുടെ എഴുന്നളളത്തിന്റെ അകമ്പടിയോടെ ഭഗവതിയുടെ ആറാട്ട് തുടങ്ങി. ഇതോടെയായിരുന്നു പൂരം പുറപ്പാട്. ഇനിയുള്ള 11 ദിനങ്ങൾ നാട് പൂരാവേശത്തിലാണ്. കോവിഡ് നിയന്ത്രണങ്ങളും നിബന്ധനകളും കാരണം പോയ രണ്ട് വർഷവും പൂരം പകിട്ടില്ലാതെ കടന്നു പോയി. ഇത്തവണ മുൻ കാലങ്ങളിലെ പോലെ തന്നെ ആഘോഷമായാണ് പൂരം കടന്നു വരുന്നത്.

പൂര ദിവസങ്ങളിൽ പാറക്കടവിൽ നടത്തുന്ന ആറാട്ടാണ് ഏറ്റവും മുഖ്യമായ ചടങ്ങ്. 11 ദിവസം 21 തവണയാണ് ആറാട്ട് എഴുന്നള്ളത്ത്. ഒന്ന്, ഏഴ്, പത്ത്, പതിനൊന്ന് ദിവസങ്ങളാണ് പൂരത്തില്‍ പ്രധാനം. തട്ടകം കാണാന്‍ പുറപ്പെടുന്ന ഭഗവതിക്കൊപ്പം പരിവാരങ്ങളും ഒരുമിക്കുന്ന പുറപ്പാടോടെ 'പടഹാദി' മുറയിലാണ് തിരുമാന്ധാംകുന്ന് പൂരത്തിന് തുടക്കം. മൂന്നാം ദിവസം കൊടിയേറുന്നതോടെ പൂരം 'ധ്വജാദി' മുറയിലേക്ക് കടക്കും.

മറ്റ് മിക്ക ക്ഷേത്രങ്ങളിലും കൊടിയേറ്റത്തോടെ പൂരത്തിന് തുടക്കമാവുമ്പോള്‍ തിരുമാന്ധാംകുന്നില്‍ മൂന്നാംദിവസമാണ് കൊടിയേറ്റമെന്ന പ്രത്യേകതയുണ്ട്. നാലാംപൂരത്തിന് മുളയിടല്‍ ചടങ്ങോടെ പൂരം 'അങ്കുരാദി' മുറയിലേക്ക് കടക്കും. നവധാന്യങ്ങള്‍ മുളയ്ക്കാന്‍ വെക്കുന്ന ചടങ്ങാണ് 'മുളയിടല്‍'. പത്താംപൂരത്തിന് പള്ളിവേട്ട കഴിഞ്ഞെത്തുന്ന ഭഗവതിക്ക് ഒരുക്കുന്ന ശയ്യക്കുചുറ്റും ഇവ വെയ്ക്കും. മുളച്ചുപൊങ്ങിയ നവധാന്യങ്ങളുടെ നടുവിലാണ് ഭഗവതിയുടെ പള്ളിക്കുറുപ്പ്.

Also Read-ഇടിമിന്നലേറ്റ് തെങ്ങുനിന്നു കത്തി; കാറ്റിൽ തീപ്പൊരി ചിതറി; അടുത്ത് പെട്രോൾ പമ്പും; വൻദുരന്തം ഒഴിവായി

വള്ളുവനാടിന്റെ അധിപൻ വല്ലുവക്കോനാതിരിയുടെ ഭരദേവത ആണ് തിരുമാന്ധാംകുന്നിലേത്.  പൂരത്തിന്റെ ചടങ്ങുകളിൽ അവരുടെ സാനിദ്ധ്യം അതുകൊണ്ട് തന്നെ അനിവാര്യമാണ്. വല്ലുവക്കോനാതിരിയുടെ സേനയിലെ കരുത്തരായ പടയാളികൾ ആയിരുന്നു ചാവേറുകൾ. മാമാങ്കത്തിൽ സ്വജീവൻ ബലിയർപ്പിച്ച് പൊരുതിയിരുന്ന പോരാളികൾ ആയിരുന്നു അവർ.  ആരാട്ടിനു ഭഗവതി ക്ഷേത്രത്തിന് പുറത്തേക്ക് എഴുന്നള്ളുമ്പോൾ അവരും മുൻപിൽ ഉണ്ടാകും.

Also Read- 'പടയപ്പ'യുടെ പരാക്രമം; തിന്നുതീർത്തത് ആറ് വാഴക്കുലയും 25 കിലോ പച്ചക്കറിയും; കാട്ടുകൊമ്പന്റെ വരവിൽ നഷ്ടം അരലക്ഷത്തോളം

ഭഗവതി ഭൂതഗണങ്ങളുടെ അകമ്പടിയോടെ ദേശം കാണാൻ ഇറങ്ങുന്നു എന്നാണ് സങ്കൽപ്പം. അതുകൊണ്ട് തന്നെ പൂര ദിവസങ്ങളിൽ തട്ടകത്തിലെ എല്ലാ വീടുകളിൽ നിന്നും ആളുകൾ തിരുമാന്ധാംകുന്നിലേക്ക് ആറാട്ട് തൊഴാൻ എത്തും. ഭക്തി പാരവശ്യത്തിൽ " ഹിയ്യോ " വിളികളോടെ ആർത്ത് തുള്ളുന്ന നെറ്റി വെട്ടി ചോര കൊണ്ട് തർപ്പണം നടത്തുന്ന വെളിച്ചപ്പാടുമാർക്ക് പിന്നിൽ ചാവേർ പടയാളികളെ അനുസ്മരിപ്പിക്കുന്ന വേഷക്കാർക്കും കൊടിക്കൂറ കയ്യിൽ ഏന്തിയവർക്കും പിന്നിൽ വാദ്യ ഘോഷങ്ങളോടെ ആണ് ഭഗവതിയുടെ ആറാട്ടിനായുള്ള കൊട്ടിയിറക്കം. ഒരു മണിക്കൂറിൽ അധികം നീളുന്ന ഈ എഴുന്നള്ളത്ത് ആണ് അങ്ങാടിപ്പുറം പൂരത്തിന്റെ മുഖ്യ ചടങ്ങ്.

2019-ലാണ് ഒടുവില്‍ പൂര്‍ണമായ രീതിയില്‍ പൂരം ആഘോഷമുണ്ടായത്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് 2020-ലെ മീനത്തില്‍ പൂരം നടത്താനാവാതെ വന്നു. മാര്‍ച്ച് 31-നായിരുന്നു പുറപ്പാട് നടക്കേണ്ടിയിരുന്നത്. ഇത് പിന്നീട് ഒക്ടോബറില്‍(തുലാം) കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ ചടങ്ങുകള്‍ മാത്രമായി നടത്തുകയായിരുന്നു. ‌

2021-ല്‍ ഇളവുണ്ടായതോടെ മാര്‍ച്ച് 21-ന് പ്രസാദ ഊട്ടും പൂരപ്പറമ്പിലെ കലാപരിപാടികളും ഒഴിവാക്കി മുന്‍വര്‍ഷത്തേതിലും വിപുലമായി പൂരം ആചരിച്ചു. ഇത്തവണ പൂരപ്പറമ്പിലെ കലാപരിപാടികള്‍ ഒഴികെയുള്ളവയെല്ലാംഉണ്ടെന്നതാണ് ഭക്തര്‍ക്കൊപ്പം പൂരപ്രേമികള്‍ക്കും സന്തോഷം നൽകുന്നത്.
Published by:Naseeba TC
First published: