#ഇന്ദ്ര ശേഖർ സിംഗ്
സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമ വാര്‍ത്തകള്‍ നാം ദിവസവും വായിക്കാറുണ്ട്. പിതാവ്, സഹോദരന്‍, ഭര്‍ത്താവ് എന്നിങ്ങനെ ഒരു സ്ത്രീയുടെ ജീവിതം എല്ലാ ഘട്ടത്തിലും പുരുഷന്മാരെ ആശ്രയിച്ചാണ് കടന്ന് പോകുന്നത്. എന്നിരുന്നാലും കുട്ടികളെയും സ്ത്രീകളെയും സംരക്ഷിക്കുന്നതില്‍ നാം പരാജയപ്പെടുന്ന പല സംഭവങ്ങളും പുറത്തു വരാറുമുണ്ട്. ലഖിംപൂര്‍ ഖേരിയില്‍ രണ്ട് ദളിത് പെണ്‍കുട്ടികളെ കൊന്ന് കെട്ടി തൂക്കിയത് ഇതിന് ഉദാഹരണമാണ്.
അതേസമയം, നിലവിലെ സാഹചര്യത്തില്‍ ഹൈപ്പര്‍-ഫെമിനിസ്റ്റ് അല്ലെങ്കില്‍ ഹൈപ്പര്‍-ഫെമിനിറ്റി പോലുള്ള ചിന്തകളുമുണ്ട്. എന്നാല്‍ അവ പുരുഷ മേധാവിത്വം പോലെതന്നെ തെറ്റാണ്.
എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ ഒന്ന് തേടിപ്പോയ ഞാന്‍ മേഘാലയയിലാണ് ചെന്നെത്തിയത്. ഇവിടെ ഇപ്പോഴും അമ്മ വഴിയാണ് കുടുംബസ്വത്തുക്കൾ കൈമാറുന്നത്. മേഘാലയെകുറിച്ച് കൂടുതൽ പറയുകയാണെങ്കില്‍, ആദ്യമായി വനിതകളുടെ ലോകത്ത് എത്തിയതു പോലെയാണ് എനിക്ക് തോന്നിയത്.
ഖാസി, ഗാരോ, ജന്തിയാസ് എന്നിവയാണ് ഇവിടുത്തെ പ്രധാന ഗോത്ര വിഭാഗങ്ങള്‍. ഇവ കൂടാതെ ചില ചെറിയ ഗോത്രങ്ങളും ഇവിടെയുണ്ട്. സംസ്ഥാനത്തിന്റെ വലിയൊരു ഭാഗം ഭൂപ്രദേശങ്ങളിലും ഇവരാണ് താമസിക്കുന്നത്. ബ്രിട്ടീഷ് കോളനിവല്‍ക്കരണത്തിനും പാശ്ചാത്യ മതത്തിന്റെ വ്യാപനത്തിനും മോഘാലയുടെ സംസ്‌കാരത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിച്ചിട്ടില്ലെന്ന് ശ്രദ്ധേയമാണ്.
ഇതിനെക്കുറിച്ച് വിശദമായി മനസിലാക്കാനാണ് ഞാന്‍ മേഘാലയയിലേക്ക് പോയത്. മേഘാലയിലെ ഗ്രാമങ്ങളിലൂടെയുള്ള യാത്രയില്‍ എനിക്ക് രസകരമായ ഒരു ജീവിതരീതി കാണാന്‍ സാധിച്ചു. ഉത്തരേന്ത്യന്‍ സംസ്‌കാരത്തില്‍ നിന്ന് വ്യത്യസ്തമായി, ഇവിടുത്തെ സ്ത്രീകള്‍ ധൈര്യമുള്ളവരും ആത്മവിശ്വാസമുള്ളവരും, ചില സമയങ്ങളില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സംസാരിക്കുന്നവരുമാണ്.
ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യമെന്തെന്നാല്‍ മിക്ക കാര്‍ഷിക, സാമൂഹിക സംരംഭങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നത് സ്ത്രീകളായിരുന്നു. ഇതിന് പുറമെ പ്രദേശത്തെ ഭൂരിഭാഗം ഭൂമിയും അവരുടെ പേരിലായിരുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി, മേഘാലയില്‍ മദ്യപിക്കുന്നവരുടെ എണ്ണവും വളരെ കുറവാണ്. ഒപ്പം സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ ഉത്തരേന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവിടെ കുറവാണ്.
മേഘാലയയില്‍, പുരുഷന്മാർ വിവാഹ ശേഷം ഭാര്യമാരുടെ വീട്ടിലേക്ക് താമസം മാറും. അറേജ്ഡ് മാര്യേജ് ഇപ്പോഴും ഇവിടെ സര്‍വ്വ സാധാരണമാണ്. പരമ്പരാഗതമായുള്ള അവരുടെ വിളവെടുപ്പ് ഉത്സവങ്ങളും മറ്റ് ആചാരപരമായ നൃത്തങ്ങളുമാണ് യുവാക്കളുടെ സംഗമ സ്ഥലങ്ങളായി കണക്കാക്കുന്നത്.
ഇതിന് പുറമെ പരസ്യമായ വിവാഹാഭ്യര്‍ത്ഥനയും മേഘാലയയിൽ നടക്കാറുണ്ട്. ഗാരോ കുന്നുകളുടെ പല ഭാഗങ്ങളിലും സ്ത്രീകള്‍ അവര്‍ക്ക് ഇഷ്ടപ്പെട്ടയാളോട് വിവാഹാഭ്യാര്‍ത്ഥന നടത്താറുണ്ട്. മത്തങ്ങ നല്‍കിയാണ് പെണ്‍കുട്ടി അവര്‍ക്ക് ഇഷ്ടപ്പെട്ടയാളെ മറ്റുള്ളവര്‍ക്ക് മുന്നിൽ വെളിപ്പെടുത്തുന്നത്. പുരുഷന് സ്ത്രീയെ ഇഷ്ടപ്പെടുകയും വിവാഹത്തില്‍ താല്‍പ്പര്യമുണ്ടെങ്കിലും മാത്രമാണ് പെണ്‍കുട്ടിയുടെ കൈയില്‍ നിന്ന് മത്തങ്ങ സ്വീകരിക്കുകയുള്ളൂ.
ഈ ഘട്ടത്തിന് ശേഷം, സ്ത്രീയുടെ സഹോദരന്മാരും കുടുംബവും പുരുഷനെ ആനയിച്ചുകൊണ്ടുപോയി സ്ത്രീയെ വിവാഹം കഴിപ്പിക്കുകയാണ്. എന്നാല്‍ ഈ സമയത്ത്, പുരുഷന്‍ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചാല്‍, സ്ത്രീയുടെ കുടുംബം വരനെ ഭീഷണിപ്പെടുത്തുകയും ബലമായി തട്ടിക്കൊണ്ടുപോകുകയും ചെയ്യുമെന്നാണ് വിവരം. ബീഹാറില്‍ നിര്‍ബന്ധിത വിവാഹത്തിനായി യോഗ്യരായ പുരുഷന്മാരെ തട്ടിക്കൊണ്ടുപോകുന്ന കഥ പറയുന്ന അന്തര്‍ദ്വാന്‍ഡ് എന്ന സിനിമയാണ് എനിക്ക് ഇവിടെ ഓര്‍മ്മ വന്നത്.
മോഘാലയില്‍ ഇളയ മകളാണ് എല്ലാ സ്വത്തിനും അവകാശി. ഇത് പുരുഷാധിപത്യത്തിനെതിരെയുള്ള മറുപടിയാണ്. കൂടാതെ ഖാസി ഗോത്രത്തിൽപെടുന്ന ഭാര്യമാരുള്ള മിക്ക പുരുഷന്മാരും ഒന്നുകില്‍ അവരുടെ ഭാര്യയുടെ ബന്ധുക്കള്‍ക്കൊപ്പമോ അല്ലെങ്കില്‍ ഭാര്യയുമായി തനിച്ചോ ആണ് താമസിക്കുക. അപൂര്‍വ്വമായിട്ട് മാത്രമേ പുരുഷന്മാര്‍ അവരുടെ സ്വന്തം മാതാപിതാക്കളോടൊപ്പം താമസിക്കൂ.
സ്ത്രീകളുടെ സുരക്ഷിതത്വവും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്നതിനായി മരുമക്കളെ ഭാര്യമാരുടെ കുടുംബത്തിലേക്ക് കൊണ്ടുവരുകയാണ് ഇവിടെ ചെയ്യുന്നത്. ഇവിടെ സ്ത്രീധന സമ്പ്രാദയവും ഉണ്ടായിരുന്നുന്നില്ല. ജയന്തിയാ വിഭാഗത്തില്‍ ഭര്‍ത്താവ് രാത്രി ഭാര്യയുടെ വീട്ടില്‍ കഴിയുകയും തുടര്‍ന്ന് രാവിലെ സ്വന്തം വീട്ടിലേക്ക് പോകുകയുമാണ് പതിവ്.
അതേസമയം, മേഘാലയയില്‍ വിവാഹമോചനം വലിയ തെറ്റായാണ് കണക്കാക്കുന്നത്. സ്ത്രീയുടെ മാതാപിതാക്കള്‍ക്ക് പുരുഷനെ ഇഷ്ടപ്പെടാതിരിക്കുകയും വിവാഹം നടത്താതിരിക്കുന്ന നിരവധി സംഭവങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുരുഷന്മാര്‍ യാതൊരു പരാതികളും ഉന്നയിക്കാതെ തിരികെ പോകുകയാണ് പതിവ്. സ്വത്തും വീടും സ്ത്രീകളുടെ പേരിലായതിനാല്‍ തന്നെ അവര്‍ എപ്പോഴും സുരക്ഷിതരാണ് താനും.
ഇവിടുത്തെ ജനങ്ങളുമായി സംസാരിച്ചതിലൂടെ സാമൂഹികവും ലൈംഗികവുമായി ഇവർ എത്രത്തോളം വ്യത്യസ്തരാണെന്നും എനിക്ക് മനസ്സിലായി. വര്‍ഷത്തില്‍ ഏതാനും തവണ ഇവര്‍ ഒരു പ്രത്യേക നൃത്തത്തിനായി ഒത്തുകൂടാറുണ്ട്. ഇതില്‍ കുട്ടികളെ പങ്കെടുപ്പിക്കില്ല. വിവാഹിതരും അവിവാഹിതരുമായ സ്ത്രീകളും പുരുഷന്മാരുമാണ് ഇതില്‍ പങ്കെടുക്കുന്നത്. ഈ സമയത്ത് അവര്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവര്‍ക്കൊപ്പം രാത്രി പങ്കിടാന്‍ പോകുകയാണ് പതിവ്. പിന്നീട് രാവിലെ അവര്‍ അവരുടെ പങ്കാളിക്കൊപ്പം മടങ്ങി പോകുകയും ചെയ്യും.
ഇവിടെ നിന്ന് പിന്നീട് ഞാന്‍ എത്തിയത് ഷില്ലോങ്ങിലാണ്. ഇവിടെ ഗ്രമവാസികളോടുള്ള എന്റെ ആദ്യ ചോദ്യം ഗാര്‍ഹിക പീഡനത്തെക്കുറിച്ചായിരുന്നു. ഭാര്യയുടെ വീട്ടില്‍ വെച്ച് ഭര്‍ത്താവ് ഭാര്യയെ മര്‍ദിക്കുമോ എന്നറിയാൻ നിരവധി പേരുമായി സംസാരിക്കേണ്ടി വന്നു. എന്നാല്‍ ഇതിനുള്ള ഉത്തരം എന്നെ ശരിക്കും ഞെട്ടിച്ചു. ദമ്പതികള്‍ക്കിടയിലെ പ്രശ്നത്തിൽ മറ്റുള്ളവര്‍ ഇടപെടാറില്ലെന്നാണ് എനിക്ക് ലഭിച്ച ഉത്തരം.
അതേസമയം, കുടിയേറ്റക്കാരുടെ കടന്നുകയറ്റവും കാരണം പലരും ഇന്ന് പാരമ്പര്യത്തില്‍ നിന്ന് അകലാൻ തുടങ്ങി. ഖാസികളും തദ്ദേശീയരായ നിരവധി സ്ത്രീകളും പുരുഷന്മാരും ഇന്ന് അവരുടെ സമുദായത്തിന് പുറത്ത് നിന്ന് വിവാഹം കഴിക്കുകയും അവരുടെ പങ്കാളിയുടെ കുടുംബത്തിന്റെ രീതികൾ പിന്‍തുടരാനും തുടങ്ങി. ഇതേതുടര്‍ന്ന്, പരമ്പരാഗത സ്വത്ത് കൈമാറ്റ രീതികളിലും മാറ്റം വന്നിട്ടുണ്ട്. സ്വത്തുക്കൾ സഹോദരങ്ങൾക്കും പുരുഷന്മാർക്കും തുല്യ അവകാശത്തിൽ വീതം വയ്ക്കുന്ന രീതി വന്നു തുടങ്ങി.
മേഘാലയയിൽ രണ്ടാഴ്ചയോളം കഴിഞ്ഞെങ്കിലും എല്ലാ കാര്യങ്ങളും മനസ്സിലാക്കാൻ എനിയ്ക്ക് കഴിഞ്ഞില്ല. ഇതിനായി ഞാൻ മുതിർന്നവരോടും ചെറുപ്പക്കാരോടും സംസാരിച്ചു. അവരിൽ ചില പുരുഷന്മാർ തമാശയായി പറഞ്ഞത് ഇങ്ങനെയാണ്, "ഞങ്ങൾക്ക് ഒന്നുമില്ല, ജീവിതം താഴെ തട്ടിൽ നിന്ന് ആരംഭിക്കണം. അനന്തരാവകാശം പോലും ലഭിക്കുന്നില്ല, ഡൽഹിയിലെ ആളുകൾക്ക് ഇത് വിശ്വസിക്കാനാകുമോ?". ഒരുപക്ഷേ ഡൽഹിയിലോ മുംബൈയിലോ ലണ്ടനിലോ ഉള്ള ആളുകൾ ഇങ്ങനെ ഒരു രീതിയെക്കുറിച്ച് വിശ്വസിക്കില്ല. എന്നാൽ പുരുഷന്മാർക്ക് സ്വാതന്ത്ര്യവും സ്ത്രീകൾക്ക് സുരക്ഷിതത്വവുമാണ് ഇവിടെ വാഗ്ദാനം ചെയ്യുന്നത്.
(ലേഖകൻ ഒരു സ്വതന്ത്ര കാർഷിക നയ വിശകലന വിദഗ്ധനും എഴുത്തുകാരനും കാർഷിക ടോക്ക് ഷോ അവതാരകനുമാണ്. അഭിപ്രായം വ്യക്തിപരം. സ്ഥാപനത്തിന്റെ നിലപാടല്ല)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Empowering women, Wedding