ശൈത്യകാലമാണ് (Winter Season) വരാൻ പോകുന്നത്. വേനൽക്കാലത്തെ അപേക്ഷിച്ച്, ശൈത്യകാലത്ത് നമ്മുടെ ചർമ്മത്തിന് (Skin) കുറച്ച് കൂടുതൽ ശ്രദ്ധയും പരിചരണവും ആവശ്യമാണ് കാരണം എന്താണെന്നല്ലേ? ശൈത്യകാലത്ത് നമ്മുടെ ചർമം വരണ്ടു പോകാൻ സാധ്യതയുണ്ട്. ചർമം വരണ്ട് ഉണങ്ങിയാൽ തൊലി പൊട്ടാനും വിണ്ടുകീറാനും ആരംഭിക്കും.
അതിനാൽ ശൈത്യകാലത്ത് നന്നായി ചർമം പരിപാലിക്കണം. ചർമം വരണ്ടുപോകുന്നതും ചൊറിച്ചിൽ ഉണ്ടാകുന്നതും തടയാൻ പലരും പല മാർഗങ്ങളാണ് അവലംബിക്കാറുള്ളത്. ശൈത്യകാലത്തെ ചർമ്മസംരക്ഷണത്തിന് നിരവധി പൊടിക്കൈകൾ നമ്മുടെ വീടുകളിൽ തന്നെയുണ്ട്. തലമുറകളായി കൈമാറി വന്ന ഈ വിദ്യകൾ നമുക്കും പരീക്ഷിക്കാവുന്നതാണ്. വിപണിയിൽ ലഭിക്കുന്ന നിരവധി സൗന്ദര്യ വർധക വസ്തുക്കളും ശൈത്യകാല ചർമ സംരക്ഷണ വസ്തുക്കളിലുമെല്ലാം കെമിക്കലുകൾ അടങ്ങിയിരിക്കുന്നു. ഇത് ചർമത്തിന് ദോഷം ചെയ്യും അതിനാൽ നമ്മുടെ വീട്ടകങ്ങളിൽ നിന്നുള്ള വസ്തുക്കൾ കൊണ്ട് തന്നെ നമുക്ക് ചർമ്മം സംരക്ഷിക്കാം. ഇതിനു യാതൊരു ദോഷ വശങ്ങളും ഇല്ലെന്നും നമുക്ക് ഉറപ്പാക്കാം.
തലമുറകൾ പഴക്കമുള്ള അറിവുകൾ ഉപയോഗിച്ച് ഫെയ്സ്പായ്ക്കുകൾ, പ്രകൃതിദത്ത സ്‌ക്രബുകൾ, മോയ്‌സ്ചറൈസറുകൾ തുടങ്ങിയവ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. വീട്ടകങ്ങളിലെ ഈ അറിവുകളെ പൊടി തട്ടിയെടുക്കാൻ പറ്റിയ സമയമാണ് ശൈത്യകാലം. ഇവ ഉണ്ടാക്കാനുള്ള ചേരുവകൾ വീട്ടിൽ നിന്നും എളുപ്പത്തിൽ നിങ്ങൾക്ക് കണ്ടെത്താനാകും.
ശൈത്യകാലത്ത് നിങ്ങളുടെ ചർമ്മത്തെ മിനുസമാർന്നതാക്കി മാറ്റാൻ വീട്ടിൽ നിർമ്മിച്ച പ്രകൃതിദത്ത മോയ്സ്ചറൈസർ ഉണ്ടാക്കുന്ന രീതി പരിചയപ്പെടാം. ഡയറ്റീഷ്യൻ ലാവ്‌ലീൻ കൗർ ആണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഈ സൗന്ദര്യക്കൂട്ടിന്റെ രഹസ്യം പങ്കിട്ടത്. ഈ മോയ്സ്ചറൈസർ ഉണ്ടാക്കാൻ വെറും മൂന്ന് ചേരുവകൾ മാത്രമേ ആവശ്യമുള്ളൂ. റോസ് വാട്ടറിന്റെയും വിറ്റാമിൻ ഇയുടെയും ഗുണം ഈ ഹോം മോയ്‌സ്‌ചറൈസറിൽ അടങ്ങിയിരിക്കുന്നു.
ഗ്ലിസറിൻ, വിറ്റാമിൻ ഇ, റോസ് വാട്ടർ എന്നിവ ഉപയോഗിച്ചാണ് മോയ്‌സ്‌ചറൈസർ നിർമ്മിച്ചിരിക്കുന്നത്. ഈ ചേരുവകളുടെ കൂട്ട് നിങ്ങളുടെ ചർമ്മത്തിന് തിളക്കം നൽകുകയും ഈർപ്പം നഷ്ടപ്പെടാതെ നിലനിർത്തുകയും ചെയ്യുന്നു.
View this post on Instagram
ഹോം മോയ്‌സ്‌ചറൈസർ നിർമ്മിക്കുന്ന രീതി നമുക്ക് പരിചയപ്പെടാം
ചേരുവകൾ
റോസ് വാട്ടർ - 1 ടീസ്പൂൺ
ഗ്ലിസറിൻ - 50 മില്ലി
വിറ്റാമിൻ ഇ ക്യാപ്‌സ്യൂൾ - 1
ഉണ്ടാക്കുന്ന രീതി
1: വൃത്തിയുള്ള ഒരു പാത്രം എടുക്കുക
2: തന്നിരിക്കുന്ന അളവിൽ മൂന്ന് ചേരുവകളും ചേർക്കുക. നന്നായി ഇളക്കുക.
3: ഒരു ദിവസത്തിൽ നിങ്ങൾക്ക് എപ്പോഴൊക്കെ ആവശ്യമുണ്ടോ അപ്പോഴൊക്കെ ഉപയോഗിക്കാം.
നിങ്ങൾക്ക് ഇത് നേരിട്ട് മുഖത്ത് പുരട്ടാം, അല്ലെങ്കിൽ ഒരു തുണിയോ പഞ്ഞിയോ ഉപയോഗിച്ച്ശരീരത്തിൽ പുരട്ടാം.
ശൈത്യകാലത്ത് മോയ്സ്ചറൈസർ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. ഈ കാലത്ത് ചർമ്മ സംരക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക തന്നെ വേണം. ശൈത്യകാലത്ത് ചുണ്ടുകൾ വളരെ എളുപ്പത്തിൽ വരണ്ടുപോകുകയും പൊട്ടുകയും ചെയ്യും. പെട്രോളിയം ജെല്ലിയോ മറ്റേതെങ്കിലും എണ്ണയോ പോലുള്ള മോയ്സ്ചറൈസിംഗ് ബാം പുരട്ടുന്നത് വരണ്ടു പോകാതിരിക്കാൻ നിങ്ങളെ സഹായിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Skin care, Skincare tips