പൂരം പൊടിപൂരം; തൃശൂര്‍ പൂരത്തെക്കുറിച്ച് അറിയേണ്ടതെല്ലാം...

പൂരാവേശം നിറച്ച് തൃശൂര്‍ നഗരം ഒരുങ്ങി. ഇനി നാദ-താള-മേള-ദൃശ്യ വിസ്മയങ്ങൾ ആസ്വദിക്കാനായി പൂരപ്രേമികള്‍ തൃശൂരിലെത്തി തുടങ്ങി. എന്തൊക്കെയാണ് തൃശൂര്‍ പൂരത്തിനുള്ള ചടങ്ങുകള്‍? എന്തൊക്കെയാണ് കാണേണ്ടത്?

news18
Updated: May 11, 2019, 5:28 PM IST
പൂരം പൊടിപൂരം; തൃശൂര്‍ പൂരത്തെക്കുറിച്ച് അറിയേണ്ടതെല്ലാം...
Thrissur Pooram
  • News18
  • Last Updated: May 11, 2019, 5:28 PM IST IST
  • Share this:
മെയ് 13 തിങ്കള്‍
ചെറുപൂരങ്ങളുടെ വരവ്-
രാവിലെ 7.30

ചെറുപൂരങ്ങളുടെ വരവോടെയാണ് തുടക്കം. പൂരപ്പറമ്പിലേക്ക് ആദ്യം എഴുന്നെളളുന്നത് കണിമംഗലം ശാസ്താവ്. പിന്നാലെ പനമുക്കംപിള്ളി, ചെമ്പുക്കാവ്, കാരമുക്ക് ലാലൂര്‍, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, നെയ്തലക്കാവ് പൂരങ്ങള്‍ വടക്കുനാഥ സന്നിധിയിലേക്ക് എത്തും.

മഠത്തില്‍ വരവ്-
രാവിലെ 11 മണിഎം.ജി റോഡില്‍ പഴയനടക്കാവിലെ ബ്രഹ്മസ്വം മഠത്തിന് മുന്നിലാണിത്. രാവിലെ 11 മണിയോടെ കോങ്ങാട് മധുവിന്റെ പ്രാമാണിത്വത്തില്‍ മഠത്തില്‍ വരവ് പഞ്ചവാദ്യം അരങ്ങേറും. പതുക്കെ കൊട്ടിക്കയറി ആവേശക്കൊടുമുടിയിലെത്തിക്കുന്നതാണ് മഠത്തില്‍ വരവ് പഞ്ചവാദ്യം. 12.30ഓടെ മഠത്തില്‍ വരവ് ഘോഷയാത്രയെ സ്വരാജ് റൗണ്ട് ഭാഗത്തേക്കു അനുഗമിക്കാം.

ചെമ്പടമേളം-
ഉച്ചയ്ക്ക് 12.30

മേളവിദ്വാന്‍ പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തിലാണ് ചെമ്പടമേളം. 15 ആനകളുടെയും കതിനകളുടെയും അകമ്പടിയോടെയാണ് പാറമേക്കാവ് ഭഗവതിയെ പുറത്തേക്ക് എഴുന്നെള്ളിക്കുമ്പോഴാണ് കുട്ടന്‍മാരാരുടെ മേള വിസ്മയം.

ഇലഞ്ഞിത്തറ മേളം
ഉച്ചയ്ക്ക് 2 മണി

പാറമേക്കാവ് വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള നാദവിസ്മയമാണ് തൃശൂര്‍ പൂരത്തിന്റെ മുഖ്യ ആകര്‍ഷണമായ ഇലഞ്ഞിത്തറ മേളം. പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ 300 പേര്‍ അണിനിരക്കുന്ന മേളത്തിനൊപ്പം താളംപിടിക്കുന്ന പൂരപ്രേമികളും ഇതില്‍ പങ്കാളികളാണ്. നാലരയോടെ മേളം സമാപിക്കും. പിന്നീട് തെക്കോട്ടിറക്കവും.

വൈകിട്ട് 4.45
തിരുവമ്പാടി വിഭാഗത്തിന്റെ മേളവും ശ്രീമൂല സ്ഥാനത്ത് കലാശിച്ച് അവരും തെക്കേ ഗോപുരനടയിലേക്ക് വരും.

കുടമാറ്റം
വൈകിട്ട് 5.30

മേളവാദ്യ ആവേശത്തിലായ പൂരത്തിലേക്ക് വര്‍ണമനോഹാരിതയുടെ കടന്നുവരവ്. ഇലഞ്ഞിത്തറമേളത്തിനുശേഷം ഇരു വിഭാഗത്തുമായി 15 ആനകള്‍ അണിനിരക്കും. വിവിധ വര്‍ണങ്ങളിലുള്ള കുടകളുടെ മത്സരിച്ചുള്ള പ്രദര്‍ശനമാണ് കുടമാറ്റത്തെ വിസ്മയമാക്കി മാറ്റുന്നത്. ഉയരമുള്ള കെട്ടിടങ്ങളുടെ മുകളില്‍നിന്ന് കുടമാറ്റം ആസ്വദിക്കാനാകും.

മെയ് 14 ചൊവ്വ

വെടിക്കെട്ട്-
പുലര്‍ച്ചെ മൂന്നിന്

കുടമാറ്റത്തോടെ പൂരത്തിന്റെ ഒരു ഘട്ടം കഴിഞ്ഞുവെന്ന് പറയാം. പിറ്റേദിവസം പുലര്‍ച്ചെ മൂന്നുമണിയോടെ സ്വരാജ് റൌണ്ടിലെത്തിയാല്‍ ആകാശത്തിലെ നാദവിസ്മയമായി വെടിക്കെട്ട് ആസ്വദിക്കാം. ശബ്ദമലിനീകരണം കാരണം കാലാകാലങ്ങളായുള്ള വെടിക്കെട്ടില്‍ ചില മാറ്റങ്ങളുണ്ട്. ശബ്ദത്തേക്കാള്‍ ദൃശ്യവിസ്മയത്തിനാണ് മത്സരിച്ചുള്ള വെടിക്കെട്ടില്‍ പ്രാധാന്യം

പകല്‍ പൂരം-
രാവിലെ ഒമ്പതിന്

പൂരപ്പിറ്റേന്ന് രാവിലെ എഴുന്നള്ളത്തും പാണ്ടി മേളവും കുടമാറ്റവുമായി പകല്‍പ്പൂരം. പാറമേക്കാവ് ഭഗവതി മണികണ്ഠനാലില്‍ നിന്നും തിരുവമ്പാടി ഭഗവതി നായ്ക്കനാലില്‍ നിന്നും രാവിലെ എട്ടു മണിയോടെ എഴുന്നള്ളുന്നു. ഒമ്പത് മണിയോടെ തുടങ്ങുന്ന ഇരു വിഭാഗത്തിന്റെയും പാണ്ടിമേളം പന്ത്രണ്ട് മണിയോടെ അവസാനിക്കും. മേളത്തിന് ശേഷം വെടിക്കെട്ട്. പിന്നീട് ദേവിമാര്‍ ശ്രീമൂലസ്ഥാനത്തു നിന്നു പരസ്പരം ഉപചാരം ചൊല്ലി അടുത്ത മേട മാസത്തിലെ പൂരത്തിനു കാണാമെന്ന ചൊല്ലി വിടവാങ്ങുന്നു.
15 ആനകള്‍ വീതം അഭിമുഖമായി നിന്നാണ് വിടവാങ്ങല്‍. ഇതോടെ ഔപചാരികമായി പൂരം ചടങ്ങുകള്‍ സമാപിക്കുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: May 11, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading