ഇന്നത്തെ കാലത്ത് ജോലിത്തിരക്കുകൾക്കിടയിൽ കുടുംബത്തിന് (Family) വേണ്ടി സമയം മാറ്റിവയ്ക്കാതെ ജീവിക്കാൻ മറന്നു പോകുന്നവരാണ് പലരും. കുടുംബത്തോടൊപ്പം ചെലവഴിക്കാൻ പലർക്കും വളരെ കുറച്ച് സമയം മാത്രമേ ലഭിക്കുന്നുള്ളൂ. എന്നാൽ നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങൾ നമ്മുടെ കുടുംബത്തെയും കുട്ടികളെയും ചുറ്റിപ്പറ്റിയാണെന്ന് നാം പലപ്പോഴും മറന്നു പോകുന്നു. യുണൈറ്റഡ് നേഷൻസ് സസ്റ്റൈനബിൾ ഡെവലപ്‌മെന്റ് സൊല്യൂഷൻസ് നെറ്റ്‌വർക്ക് (United Nations Sustainable Development Solutions Network) പുറത്തിറക്കിയ ഈ വർഷത്തെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ (World Happiness Report) ഇന്ത്യ (India) 136-ാം സ്ഥാനത്താണ്. അതായത് ലോകത്തിലെ ഏറ്റവും അസന്തുഷ്ടരായ ആളുകളുള്ള രാജ്യങ്ങളിലൊന്നാണ് നമ്മുടെ രാജ്യം.
ആളുകളുടെ ഈ സന്തോഷക്കുറവ് അവരുടെ വ്യക്തിബന്ധങ്ങളിലും പ്രതിഫലിക്കും. അതിനാൽ എപ്പോഴും സന്തോഷം നിലനിർത്താൻ നാം പരിശ്രമിക്കണം. 21-ാം നൂറ്റാണ്ടിൽ അച്ഛനും മകനും തമ്മിലുള്ള ബന്ധങ്ങളിലും മറ്റും വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. മകനുമായി അല്ലെങ്കിൽ ആൺമക്കളുമായി നല്ല ബന്ധം സ്ഥാപിക്കാൻ ഒരു പിതാവ് (Father) ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
മക്കൾക്ക് മികച്ച മാതൃകയാകുകഒരു അച്ഛൻ എപ്പോഴും തന്റെ കുട്ടിയുടെ മുന്നിൽ ഒരു മികച്ച മാതൃക ആയിരിക്കണം. അച്ഛന്റെ പെരുമാറ്റത്തിനനുസരിച്ചാകും പലപ്പോഴും കുട്ടികളുടെ വ്യക്തിത്വം രൂപപ്പെടുന്നത്. അതുകൊണ്ട് അച്ഛൻ എക്കാലത്തും മകന് ഒരു നല്ല മാതൃകയായിരിക്കണം.
മകനൊപ്പം സമയം ചെലവഴിക്കുകഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ പലർക്കും സ്വന്തം മക്കൾക്ക് വേണ്ടി സമയം കണ്ടെത്താൻ കഴിയാറില്ല. എന്നാൽ എത്ര തിരക്കാണെങ്കിലും ദിവസത്തിൽ കുറച്ച് സമയമെങ്കിലും നിങ്ങൾ അവർക്കായി മാറ്റി വയ്ക്കണം. വല്ലപ്പോഴും ഒരു പിക്നിക്കിനോ ചെറിയ ചില അവധിക്കാല യാത്രകൾക്കോ കുടുംബത്തോടൊപ്പം പോകുക. അല്ലെങ്കിൽ ഒരു സിനിമ കാണാനായി മകനൊപ്പം പുറത്ത് പോകുക. ചെസ്, ക്യാരം ബോർഡ് പോലുള്ള കളികൾ ഒരുമിച്ചിരുന്ന് കളിക്കുക. ഇവയൊക്കെ അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.
വ്യക്തി ജീവിതവും തൊഴിൽ ജീവിതവും രണ്ടായി കാണുക
നിങ്ങൾ വീട്ടിലായിരിക്കുമ്പോൾ ഓഫീസ് ജോലികളിൽ മുഴുകുന്നത് ഒഴിവാക്കുക. നിങ്ങളുടെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിന് ഇടയിൽ ഒരു അതിർ വരമ്പ് ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ മകന് അവഗണിക്കപ്പെടുന്നതായി തോന്നിയേക്കാം.
ശ്രദ്ധയും പ്രാധാന്യവും
കുട്ടികൾ എപ്പോഴും മാതാപിതാക്കളിൽ നിന്ന് ശ്രദ്ധയും അഭിനന്ദനവും ആഗ്രഹിക്കുന്നവരാണ്. അതിനാൽ, നിങ്ങളുടെ മകൻ പ്രശംസനീയമായ എന്തെങ്കിലും ചെയ്താൽ, അവനെ പ്രശംസിക്കാൻ ഒരിയ്ക്കലും മടിക്കരുത്. നല്ല രീതിയിൽ പെരുമാറുമ്പോഴും ശീലങ്ങൾ പാലിക്കുമ്പോഴും അവരെ അഭിനന്ദിക്കാൻ മറക്കരുത്. മക്കളുടെ കാര്യങ്ങളിൽ കൂടുതൽ താൽപ്പര്യമെടുക്കുകയും അവരുടെ സുഹൃത്തായി മാറാനും ശ്രമിക്കുക. ഓരോ ദിവസത്തെയും വിശേഷങ്ങൾ പങ്കുവയ്ക്കാനായി സമയം ചെലവഴിക്കുന്നത് ഒരു സൗഹൃദ ബന്ധം കെട്ടിപ്പടുക്കുന്നതിനുള്ള മികച്ച മാർഗമാണ്. കുട്ടികളെ പഠനത്തിൽ സഹായിക്കുന്നതും അവരുമായുള്ള ബന്ധം വളർത്താൻ നല്ലൊരു മാർഗമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.