• HOME
  • »
  • NEWS
  • »
  • life
  • »
  • National Voters’ Day 2022 | ഇന്ന് ദേശീയ സമ്മതിദായക ദിനം; വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാം

National Voters’ Day 2022 | ഇന്ന് ദേശീയ സമ്മതിദായക ദിനം; വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാം

ദേശീയ സമ്മതിദായക ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും ഈ വര്‍ഷത്തെ പ്രമേയവും വിശദമായി അറിയാം

  • Share this:
    ഇന്ന് ജനുവരി 25, ഇന്ത്യയില്‍ ദേശീയ സമ്മതിദായക ദിനമായി (National Voter's Day) ആചരിക്കുന്നു. പന്ത്രണ്ടാമത്തെ ദേശീയ സമ്മതിദായക ദിനാചരണമാണ് ഇത്തവണ രാജ്യം ആഘോഷിക്കുന്നത്.

    ഈ ദിവസം, സമ്മതിദാനാവകാശം (Voting Right) വിനിയോഗിച്ച് രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ (Electoral Process) പങ്കാളികളാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പൗരന്മാര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ (ECI - Election Commission of India) നേതൃത്വം നല്‍കുന്നു. 18 വയസ്സ് തികഞ്ഞവര്‍ക്ക് ഇന്ത്യയില്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയുണ്ട്. ദേശീയ സമ്മതിദായക ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും ഈ വര്‍ഷത്തെ പ്രമേയവും വിശദമായി അറിയാം:

    ദേശീയ സമ്മതിദായക ദിനം: ചരിത്രം

    2011ല്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍കൈയെടുത്താണ് ദേശീയ സമ്മതിദായക ദിനം ആചരിക്കാന്‍ ആരംഭിച്ചത്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിംഗിന്റെ കീഴില്‍ കേന്ദ്ര മന്ത്രിമാര്‍ യോഗം ചേരുകയും, വോട്ട് ചെയ്യാന്‍ അര്‍ഹരായ യുവാക്കള്‍ സ്വയം വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്യാന്‍ വിമുഖത കാണിക്കുന്ന പ്രശ്‌നം ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. ഇത് 18 വയസ്സ് തികഞ്ഞ യുവാക്കളെ തിരിച്ചറിയുന്നതിനും, അവരെ ബോധവത്കരിക്കുന്നതിനും അവര്‍ക്ക് ഇലക്ടറല്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് (ഇപിഐസി) നല്‍കുന്നതിനുമായി ദേശീയ സമ്മതിദായക ദിനം ആചരിക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചു. 1950 ജനുവരി 25ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥാപിതമായതിന്റെ സ്മരണയ്ക്കായിട്ടാണ് എല്ലാ വര്‍ഷവും ഈ ദിവസം ദേശീയ സമ്മതിദായക ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.

    ദേശീയ സമ്മതിദായക ദിനം: പ്രാധാന്യം

    വോട്ടവകാശത്തിന് യോഗ്യരായവരെ തിരിച്ചറിയുന്നതിനും വോട്ടുചെയ്യാന്‍ ആളുകളെ പ്രചോദിപ്പിക്കുന്നതിനും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുരക്ഷിതത്വത്തെക്കുറിച്ച് വോട്ടര്‍മാര്‍ക്ക് ഉറപ്പു നല്‍കുന്നതിനുമായിട്ടാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ദേശീയ സമ്മതിദായക ദിനം ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാന, ജില്ലാ തലത്തിലുള്ള തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍, വിവിധ ഏജന്‍സികളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സിഎസ്ഒ, മാധ്യമങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ എന്നിവര്‍ക്ക് വര്‍ഷാവര്‍ഷം ദേശീയ പുരസ്‌കാരങ്ങള്‍ നല്‍കുന്നു. വോട്ടിംഗിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനായി വിവിധ ജില്ലകളില്‍ മത്സരങ്ങളും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നു.

    National Tourism Day | ഇന്ന് ദേശീയ വിനോദസഞ്ചാര ദിനം: യാത്രകളിലൂടെ ഇന്ത്യയെ തൊട്ടറിയാം

    ദേശീയ സമ്മതിദായക ദിനം 2022: പ്രമേയം

    ഈ വര്‍ഷത്തെ ദേശീയ വോട്ടേഴ്‌സ് ദിനത്തിന്റെ പ്രമേയം, തെരഞ്ഞെടുപ്പുകളെ കൂടുതല്‍ പേരെ ഉള്‍ക്കൊള്ളുന്നതും കൂടുതല്‍ പേര്‍ക്ക് പ്രാപ്യമായതും കൂടുതല്‍ പങ്കാളിത്തം ഉറപ്പു വരുത്തുന്നതുമായ പ്രക്രിയയാക്കി മാറ്റുക എന്നതാണ്. ദേശീയ സമ്മതിദായക ദിനം ആചരിക്കുന്നതിനുള്ള പ്രാഥമിക ലക്ഷ്യത്തെ അടിവരയിടുന്നതാണ് പ്രമേയം.

    Republic Day 2022 | ഇന്ത്യാ ഗേറ്റ് മുതല്‍ സബര്‍മതി ആശ്രമം വരെ; റിപ്പബ്ലിക് ദിനത്തിൽ സന്ദര്‍ശിക്കേണ്ട ചരിത്രസ്മാരകങ്ങൾ

    ദേശീയ സമ്മതിദായക ദിനം: പ്രവര്‍ത്തനങ്ങള്‍

    ദേശീയ സമ്മതിദായക ദിനത്തില്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ പല തരത്തിലുള്ള പരിപാടികളാണ് രാജ്യത്തുടനീളം നടത്തുന്നത്. സമ്മതിദായകദിന പ്രതിജ്ഞ, വോട്ടര്‍പ്പട്ടികയില്‍ പുതുതായി പേര് ചേര്‍ത്തിട്ടുള്ള യുവവോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുക, സംസ്ഥാനതലത്തിലും ജില്ലാ/താലൂക്ക് ആസ്ഥാനങ്ങളിലും എല്ലാ പോളിങ് ബൂത്തുകളിലും ദിനാചരണത്തിന്റെ ഭാഗമായി പൊതുപരിപാടികള്‍ സംഘടിപ്പിച്ച് പുതുതായി വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ത്ത യുവവോട്ടര്‍മാരെ അനുമോദിക്കുക, തുടങ്ങിയവയാണ് ദേശീയ സമ്മതിദായക ദിനത്തിലെ പ്രധാന പ്രവര്‍ത്തനങ്ങള്‍.
    Published by:Jayashankar AV
    First published: