തിരുവനന്തപുരം: പത്ത് വർഷം നീണ്ട പ്രണയത്തിന് സാഫല്യം കുറിക്കാനൊരുങ്ങി ട്രാൻസ്ജെൻഡർ വ്യക്തികളായ ശ്യാമ എസ് പ്രഭയും മനു കാർത്തികയും. ഈ വർഷത്തെ പ്രണയദിനത്തിൽ വിവാഹിതരാകാൻ ഒരുങ്ങുകയാണ് ഇരുവരും. രണ്ട് വീട്ടുകാരുടെയും സാന്നിധ്യത്തിൽ ഫെബ്രുവരി 14ന് തിരുവനന്തപുരത്ത് ഇടപ്പഴിഞ്ഞിയിൽ വെച്ച് ഹിന്ദു ആചാരപ്രകാര൦ വിവാഹം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. 14-ന് രാവിലെ 9.45-നും 10.15-നും ഇടയിലുള്ള മുഹൂർത്തത്തിലാണ് കല്യാണം.
സാമൂഹികസുരക്ഷാ വകുപ്പിൽ ട്രാൻസ്ജെൻഡർ സെല്ലിലെ സ്റ്റേറ്റ് പ്രോജക്ട് കോ-ഓർഡിനേറ്ററും ആക്ടിവിസ്റ്റുമാണ് തിരുവനന്തപുരം സ്വദേശിയായ ശ്യാമ. ടെക്നോപാർക്കിൽ സീനിയർ എച്ച്.ആർ. എക്സിക്യുട്ടീവായ മനു തൃശൂർ സ്വദേശിയാണ്. പത്തു വർഷത്തിലധികാമായി ഇരുവർക്കും തമ്മിലറിയാം. എന്നാൽ 2017 ലാണ് മനു തന്റെ ഇഷ്ടം തുറന്ന് പറഞ്ഞത്. കുടുംബത്തിലെ മൂത്തമക്കൾ ആയിരുന്നതിനാൽ സ്ഥിരജോലി നേടി ഉത്തരവാദിത്വങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷം മതി വിവാഹം എന്നായിരുന്നു ഇരുവരുടെയും തീരുമാനം.
ട്രാൻസ്ജെൻഡർ വ്യക്തികളായി നിന്നുകൊണ്ട് തന്നെ വിവാഹം ചെയ്യാനാണ് ഇവരുടെ തീരുമാനം. മറ്റ് പല ട്രാൻസ്ജെൻഡർ വിവാഹങ്ങളും മുമ്പ് നടന്നിട്ടുണ്ടെങ്കിലും അതൊക്കെ രേഖകളിലെ ആൺപെൺ ഐഡന്റിറ്റി ഉപയോഗിച്ചാണ് വിവാഹം രജിസ്റ്റർ ചെയ്തത്. ആയതിനാൽ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് അവരുടെ ലിംഗസ്വത്വം ഉപയോഗിച്ചുള്ള വിവാഹത്തിന് സാധുത നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇവർ.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.