HOME /NEWS /Life / 'നിലവാരം കുറവ്; സീരിയലുകളിൽ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നു'; സംസ്ഥാന ടെലിവിഷൻ അവാർഡ് ജൂറി

'നിലവാരം കുറവ്; സീരിയലുകളിൽ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നു'; സംസ്ഥാന ടെലിവിഷൻ അവാർഡ് ജൂറി

state televison awards 2020

state televison awards 2020

മികച്ച സീരിയൽ ഇല്ലാത്തതിനാൽ ഈ വർഷം സീരിയലിന് പുരസ്കാരമില്ല. പരിപാടികളിൽ ചാനലുകൾ ഉത്തരവാദിത്വം കാണിക്കണമെന്ന് ജൂറി നിർദ്ദേശം.

 • Share this:

  തിരുവനന്തപുരം: 'നിലവാരം കുറവ്, സീരിയലുകളിൽ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നു'.... , 2020 ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നിർണയത്തിനായി കഥാ വിഭാഗത്തിൽ പരിഗണിച്ച എൻട്രികൾ പരിശോധിച്ച ശേഷമാണ് പുരസ്കാര നിർണ്ണയ കമ്മിറ്റികളുടെ ഈ പരാമർശം. ജൂറിയുടെ മുന്നിലെത്തിയ എൻട്രികളിൽ ഭൂരിഭാഗവും അവാർഡിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ ഒന്നും തന്നെ സാക്ഷാത്കരിക്കുന്നവയായിരുന്നില്ല. അതുകൊണ്ടുതന്നെ മികച്ച സീരിയൽ, മികച്ച രണ്ടാമത്തെ സീരിയൽ, മികച്ച സംവിധായകൻ, മികച്ച കലാസംവിധായകൻ എന്നീ വിഭാഗങ്ങളിൽ ഈ വർഷം പുരസ്കാരമില്ല.

  ടെലിവിഷൻ പരമ്പരകളിൽ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചുകാണിക്കുന്നു. ഇതിൽ ജൂറി കടുത്ത ആശങ്ക രേഖപ്പെടുത്തി. വീടുകളിൽ കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്നു കാണുന്ന ഒരു മാധ്യമം എന്ന നിലയിൽ ടെലിവിഷൻ പരമ്പരകളിലും കോമഡി പരിപാടികളിലും ചാനലുകൾ ഉത്തരവാദിത്തബോധം പുലർത്തണമെന്നും ജൂറി അഭിപ്രായപ്പെട്ടു.

  മറ്റു വിഭാഗങ്ങളിലെ എൻട്രികളുടെ നിലവാരത്തകർച്ച കാരണം അവാർഡുകൾ നിർണയിക്കുന്നതിന് ജൂറിക്ക് ഏറെ പരിശ്രമിക്കേണ്ടി വന്നു. നിലവാരമില്ലാത്ത എൻട്രികൾ നിരവധി വരുന്നതിനാൽ ഒരു പ്രിലിമിനറി സ്ക്രീനിംഗ് കമ്മറ്റി അത്യാവശ്യമാണെന്നും ജൂറി ശുപാർശ ചെയ്തു. കുട്ടികൾക്കുവേണ്ടിയുള്ള  ഹ്രസ്വചിത വിഭാഗത്തിൽ എൻട്രികൾ സമർപ്പിക്കപ്പെട്ടില്ല എന്നത് ഖേദകരമാണെന്നും ജൂറി അറിയിച്ചു.

  Also Read- സംസ്ഥാന ടെലിവിഷൻ അവാര്‍ഡ് 2020 അപർണയ്ക്കും രേണുകയ്ക്കും; ന്യൂസ് 18 കേരളത്തിന് രണ്ട് അവാര്‍ഡ്

  കഥാവിഭാഗത്തിൽ ആകെ 39 എൻട്രികളാണ് സമർപ്പിക്കപ്പെട്ടത്. ടെലിസീരിയൽ വിഭാഗത്തിൽ 6 ഉം ടെലിഫിലിം വിഭാഗത്തിൽ 14 ഉം ടി.വി.ഷോ എന്റർടെയ്ൻമെന്റ വിഭാഗത്തിൽ 11 കോമഡി പ്രോഗ്രാം വിഭാഗത്തിൽ 8 എൻട്രികളാണ് സമർപ്പിച്ചത്.

  കൂടുതൽ വൈവിധ്യവും നിലവാരവുമുള്ള കലാസൃഷ്ടികളെ ആകർഷിക്കുന്നതിനുവേണ്ടി സിനിമയൊഴികെയുള്ള മുഴുവൻ ദൃശ്യാവിഷ്കാരങ്ങളെയും ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് സിനിമേതരവിഭാഗം അവാർഡ് എന്ന നിലയിൽ ടെലിവിഷൻ പുരസ്കാരം കാലോചിതമായി പരിഷ്കരിക്കണമെന്നും ശുപാർശ ചെയ്യുന്നു.

  നവമാധ്യമ സൃഷ്ടികൾ, വെബ് സീരീസുകൾ, ക്യാമ്പസ് ചിത്രങ്ങൾ, പരസ്യചിത്രങ്ങൾ എന്നിവയും നിശ്ചിത മാനദണ്ഡങ്ങൾ  ഏർപ്പെടുത്തി പുരസ്കാരത്തിന് പരിഗണിക്കാമെന്നും പുരസ്കാര തുക ഉയർത്തണമെന്നും ശുപാർശ ഉണ്ട്. ശുപാർശകൾ ഗൗരവമായാണ് കാണുന്നത്. സമഗ്രമായി പഠിച്ച് പ്രാവർത്തികമാക്കാൻ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും, ചാനലുകളുമായി ചർച്ചകൾ നടത്തി ഗുണമേന്മ വർദ്ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. എല്ലാ കാറ്റഗറികളിലെയും അവാർഡ് തുക വർധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

  കഥേതര വിഭാഗത്തിലെ എൻട്രികളും വിമർശനത്തിന് ഇടയാക്കി. അടച്ചിടൽ കാലത്ത് ദൃശ്യമാധ്യമ പ്രവർത്തകർക്ക് വലിയ തോതിൽ പുറത്തിറങ്ങാൻ കഴിയാതിരുന്നതിന്റെ സകല പരിമിതികളും എൻട്രികളിൽ ഉണ്ടായിരുന്നു. അതേ സമയം വലിയൊരു രോഗപ്പകർച്ചയുടെ കാലത്തെ ഇച്ഛാശക്തിയോടെ അഭിമുഖീകരിക്കാൻ വാർത്താ വാർത്തേതര മാധ്യമങ്ങൾക്ക് കഴിഞ്ഞിട്ടില്ല. കേരള സമൂഹത്തിന്റെ സമകാലിക ജീവിതങ്ങളെ ആവിഷ്കരിക്കുന്ന ഇടപെടൽ സ്വഭാവമുള്ള ഡോക്യുമെന്ററികൾ തയ്യാറാക്കാൻ പലരും താൽപ്പര്യം പ്രകടിപ്പിച്ചു കാണുന്നില്ല.

  വിശ്വാസം, ആചാരം, അനുഷ്ഠാനം, കലാരൂപങ്ങൾ, ബയോഗ്രാഫി തുടങ്ങിയ വിഷയങ്ങളിൽ മാത്രം ഡോക്യുമെന്ററി സംവിധായകർ താൽപ്പര്യം കാണിക്കുന്നത് ഉചിതമല്ല. വാർത്താബുള്ളറ്റിനുകളിൽ സംപ്രേഷണം ചെയ്ത സ്റ്റോറികളിലെ ബൈറ്റുകൾ വിപുലീകരിച്ച് ഡോക്യുമെന്ററികളുടെ ലേബലിൽ അയയ്ക്കുന്നത് ആശാസ്യമല്ലെന്നും ജൂറി അഭിപ്രായപ്പെട്ടു.

  First published:

  Tags: Kerala State Television Awards, TV Serials