• HOME
  • »
  • NEWS
  • »
  • life
  • »
  • Pig heart Transplantation | പന്നിയുടെ ഹൃദയം വീണ്ടും മനുഷ്യരിൽ തുടിച്ചു; ഇത്തവണ പരീക്ഷണം മസ്തിഷ്‌ക മരണം സംഭവിച്ചവരിൽ

Pig heart Transplantation | പന്നിയുടെ ഹൃദയം വീണ്ടും മനുഷ്യരിൽ തുടിച്ചു; ഇത്തവണ പരീക്ഷണം മസ്തിഷ്‌ക മരണം സംഭവിച്ചവരിൽ

ജൂണ്‍, ജൂലൈ മാസങ്ങളിലായി നടന്ന 3 ദിവസത്തെ പരീക്ഷണം വളരെ വിജയകരമായിരുന്നു. പന്നിയുടെ ഹൃദയത്തെ മനുഷ്യ ശരീരം സ്വീകരിക്കുകയും അവ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.

  • Last Updated :
  • Share this:
    മസ്തിഷ്‌കമരണം (brain death) സംഭവിച്ച രണ്ടു പേരിൽ പന്നിയുടെ (pig) ഹൃദയം (heart) മാറ്റി വച്ച ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ (NYU) ശസ്ത്രക്രിയ്യ വിദഗ്ധരാണ് ശസ്ത്രക്രിയ നടത്തിയത്. അവയവ മാറ്റ ശസ്ത്രക്രിയകള്‍ നടത്താന്‍ അവയവങ്ങള്‍ കിട്ടാനില്ലാത്ത സ്ഥിതി എല്ലായിടത്തുമുണ്ട്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള വലിയൊരു ചുവടുവെയ്പ്പായാണ് വിദഗ്ധര്‍ പുതിയ പരീക്ഷണത്തെ വിലയിരുത്തുന്നത്.

    ജൂണ്‍, ജൂലൈ മാസങ്ങളിലായി നടന്ന 3 ദിവസത്തെ പരീക്ഷണം വളരെ വിജയകരമായിരുന്നു. പന്നിയുടെ ഹൃദയത്തെ മനുഷ്യ ശരീരം സ്വീകരിക്കുകയും അവ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.

    ഹൃദയത്തിന് അസുഖം ബാധിച്ച് മരിച്ച 57 കാരനിലായിരുന്നു പന്നിയുടെ ഹൃദയം മാറ്റി വച്ച് ആദ്യ പരീക്ഷണം നടന്നത്. ചരിത്രത്തിലാദ്യമായി ഇദ്ദേഹമാണ് ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ച വ്യക്തി. മേരിലാന്‍ഡ് സര്‍വ്വകലാശാലയില്‍ വെച്ചായിരുന്നു ഈ പരീക്ഷണം. എന്നാല്‍, പിന്നീട് ഈ ഹൃദയം പ്രവര്‍ത്തനരഹിതമായി അദ്ദേഹം മരണപ്പെട്ടിരുന്നു. എന്താണ് മരണ കാരണം എന്ന് ഇപ്പോഴും വ്യക്തമല്ല.

    കൃത്യമായ ജനതക എഞ്ചിനീയറിംഗിലൂടെയും നിരീക്ഷണങ്ങളിലൂടെയുമാണ് പന്നിയുടെ ഹൃദയം മനുഷ്യശരീരത്തിന് അനുയോജ്യമായ രീതിയില്‍ തയ്യാറാക്കിയത്. പന്നികളിലുള്ള വൈറസായ പ്രൊസൈന്‍ സൈറ്റോമെഗാലോ വൈറസ് പരീക്ഷണത്തിന് വിധേയനായ ആളുടെ രക്തത്തില്‍ നിന്നും കണ്ടെത്തി. ഇതായിരിക്കും മരണ കാരണം എന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതിന് ശേഷം നടന്ന പരീക്ഷണമാണ് ഇപ്പോഴത്തേത്.

    നാല് പ്രധാനപ്പെട്ട ജനിതക മാറ്റങ്ങളാണ് പന്നിയില്‍ നടത്തിയത്. അസാധാരണമായി അവയവം വളരാതിരിക്കാനും മനുഷ്യശരീരം ഇതിനെ പുറന്തള്ളാന്‍ ശ്രമിക്കാതിരിക്കാനുമായിരുന്നു ഇത്. മനുഷ്യന്റെയും പന്നിയുടെയും ശരീരങ്ങള്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍ മറികടക്കുന്നതിന് വേണ്ടിയാണ് പ്രധാനമായും ജനിതകമാറ്റ പരീക്ഷണങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയത്. അതേസമയം, 2021ല്‍ ന്യൂയോര്‍ക്ക് യൂണിവേഴ്‌സ്റ്റിയിലെ ഗവേഷകര്‍ പന്നിയുടെ വൃക്കകള്‍ മസ്തിഷ്‌ക മരണം സംഭവിച്ച ആളിന് വെച്ചിരുന്നു.

    മസ്തിഷ്‌കമരണം സംഭവിച്ച രോഗികളിലാണ് മൃഗങ്ങളില്‍ നിന്ന് അവയവങ്ങള്‍ സ്വീകരിക്കുന്ന പരീക്ഷണങ്ങള്‍ കൂടുതല്‍ സുരക്ഷിതമായി ചെയ്യാനാവുക. ഹൃദയ ശസ്ത്രക്രിയ നടന്ന 72 മണിക്കൂറിലെ എല്ലാ കാര്യങ്ങളും തത്സമയം റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. സാധാരണ മനുഷ്യ ഹൃദയം സ്വീകരിക്കുമ്പോള്‍ ചെയ്യുന്ന അതേ രീതിയിലൂടെ തന്നെ പന്നിയുടെ ഹൃദയവും മാറ്റിവെയ്ക്കാന്‍ സാധിച്ചു എന്ന് ഗവേഷകര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

    'ഹൃദയമാറ്റ ശസ്ത്രക്രിയകളില്‍ ഉപയോഗിക്കുന്ന എല്ലാ രീതികളും മരുന്നുകളും ഏകോപിപ്പിച്ച് സാധാരണ ഹൃദയം പ്രവര്‍ത്തിക്കുന്ന രീതിയില്‍ തന്നെ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലേയ്ക്ക് പരീക്ഷണങ്ങളെ വിജയിപ്പിക്കാനാണ് ഞങ്ങളുടെ ശ്രമം' ഗവേഷകര്‍ വ്യക്തമാക്കി.

    മൃഗങ്ങളുടെ അവയവങ്ങള്‍ മാറ്റിവയ്ക്കുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യുന്ന ശസ്ത്രക്രിയകളും രീതികളും പതിറ്റാണ്ടുകളായി ആധുനിക വൈദ്യശാസ്ത്രം പിന്തുടരുന്നുണ്ട്. എന്നാല്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനം പുറത്തുനിന്നുള്ള അവയവത്തെ നിരസിക്കുന്നത് സംബന്ധിച്ച വെല്ലുവിളിയെ അതിജീവിക്കുക ബുദ്ധിമുട്ടാണ്. ഇത് രോഗികളില്‍ മാരകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക.
    Published by:Amal Surendran
    First published: