• HOME
  • »
  • NEWS
  • »
  • life
  • »
  • YouTube Stars | 'ഉങ്കൾ മീനവൻ': ഒരു മത്സ്യത്തൊഴിലാളിയുടെ സാഹസികയാത്രകൾ സൂപ്പർ ഹിറ്റായത് എങ്ങനെ

YouTube Stars | 'ഉങ്കൾ മീനവൻ': ഒരു മത്സ്യത്തൊഴിലാളിയുടെ സാഹസികയാത്രകൾ സൂപ്പർ ഹിറ്റായത് എങ്ങനെ

നമ്മുടെ തീന്മേശയിലെ സ്ഥിരം വിഭവങ്ങളായ പല മീനുകളും എങ്ങനെയാണ് വല വീശി പിടിക്കുന്നതെന്നു മാത്രമല്ല അതിനു പുറകിലെ അദ്ധ്വാനം, റിസ്ക്, ലാഭം, നഷ്ടം തുടങ്ങി മത്സ്യബന്ധനത്തിലെ എല്ലാ വെല്ലുവിളികളും ഇതിലെ വീഡിയോകളിലുണ്ട്. ജീവൻ പണയം വച്ച് ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളോട് ബഹുമാനം തോന്നാതെ ഇതിലെ ഒരു വിഡിയോയും കണ്ടു തീർക്കാനും കഴിയില്ല.

ungal meenavan

ungal meenavan

  • News18
  • Last Updated :
  • Share this:
#സനൂജ് സുശീലൻ

ഇതിനോടൊപ്പമുള്ള ചിത്രത്തിൽ നിങ്ങൾ കാണുന്നയാളാണ് കിങ്സ്റ്റൺ. രാമനാഥപുരം ജില്ലയിലെ കടലാടിയിലുള്ള ഒരു മത്സ്യത്തൊഴിലാളിയാണ് കിങ്സ്റ്റൺ. കുറച്ചു മാസങ്ങൾക്ക് മുമ്പ് യാദൃശ്ചികമായാണ് അദ്ദേഹത്തിന്റെ 'ഉങ്കൾ മീനവൻ' എന്ന യൂട്യൂബ് ചാനൽ കാണാനിടയായത്. എട്ടുലക്ഷം സബ്സ്ക്രൈബേഴ്‌സിലേക്കു അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്ന ഈ ചാനലിൽ ഒന്നരയും രണ്ടരയുമൊക്കെ മില്യൺ വ്യൂസ് കിട്ടിയ വീഡിയോകളുണ്ട്.

മലയാളികൾ പൊതുവെ മീൻ പ്രാന്തന്മാർ കൂടിയാണല്ലോ. മത്തിയും അയലയും ചൂരയും ഞണ്ടും കൊഞ്ചുമൊക്കെ രുചിയോടെ കഴിക്കുമ്പോൾ ഇതൊക്കെ എങ്ങനെയാണ് തീന്മേശയിലെത്തുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഉൾക്കടലിൽനിന്ന് ഇവയൊക്കെ എങ്ങനെയാണ് കരയിലെത്തുന്നത് എന്ന് ഇതിലെ വിഡിയോകൾ കണ്ടാൽ മനസ്സിലാവും. അതോടൊപ്പം തന്നെ ജീവൻ പണയം വച്ച് ഉൾക്കടലിൽ അവർ നടത്തുന്ന സാഹസങ്ങളും കണ്ടറിയാൻ ഒരു മാർഗമാണ് കിങ്സ്റ്റണിന്റെ ഈ ചാനൽ.രസകരമായ കഥയാണ് ഈ ചാനലിന്റേത്. സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ പെട്ടെന്നുദിച്ചുയരുന്ന താരങ്ങളെ കണ്ട് പ്രചോദിതനായി ഒരു രസത്തിനും അല്പം പബ്ലിസിറ്റിക്കും വേണ്ടിയാണ് കിങ്സ്റ്റൺ ടിക്‌ടോക്കിൽ ഒരു അക്കൗണ്ട് തുറക്കുന്നത്. മീൻ പിടിക്കാൻ വേണ്ടിയുള്ള സാഹസിക യാത്രകളിൽ മൊബൈൽ ഉപയോഗിച്ച് ഷൂട്ട് ചെയ്ത കുഞ്ഞു കുഞ്ഞു വിഡിയോകൾ ആയിരുന്നു അയാൾ അതിൽ അപ്‌ലോഡ് ചെയ്തിരുന്നത്. ആദ്യമൊക്കെ പ്രതീക്ഷിച്ച വ്യൂസ് ഒന്നും കിട്ടിയില്ലെങ്കിലും ഒരു കുഞ്ഞൻ സ്രാവിനെ പിടിക്കുന്ന വീഡിയോയ്ക്ക് പൊടുന്നനെ കിട്ടിയ സ്വീകരണം അദ്ദേഹത്തിന് വലിയ പ്രോത്സാഹനമായി.ആ ടിക് ടോക് അക്കൗണ്ടിന്റെ വളർച്ച കണ്ട ഒരു സുഹൃത്താണ് ഒരു യൂട്യൂബ് ചാനൽ തുടങ്ങാനുള്ള ഐഡിയ കൊടുത്തത്. ചെന്നൈയിലുള്ള ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ സഹായത്തോടെ അങ്ങനെ കിങ്സ്റ്റൻ 'ഉങ്കൾ മീനവൻ' എന്ന ഈ ചാനൽ ആരംഭിച്ചു. പ്രകടമായ ബാലാരിഷ്ടതകളോടെ തുടങ്ങിയ ചാനലിൽ ടിക് ടോക്കിൽ ഇട്ടതിനേക്കാൾ നീളം കൂടിയ വീഡിയോകൾ അയാൾ അപ്‌ലോഡ് ചെയ്യാൻ തുടങ്ങി.പിന്നീടുണ്ടായത് അദ്ദേഹത്തെ തന്നെ അമ്പരപ്പിച്ച വളർച്ചയാണ്. ഡിസ്കവറി ചാനലിലും നാറ്റ് ജിയോ ചാനലിലുമൊക്കെ ഉള്ള വീഡിയോകളിൽ ഉപയോഗിക്കുന്ന തരം അത്യാധുനിക ക്യാമറകളോ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതമോ ജീവൻരക്ഷാ ഉപകരണങ്ങളോ ഒന്നുമില്ലാതെ ആടിയുലയുന്ന ബോട്ടിൽ നിന്നുകൊണ്ട് ഉൾക്കടലിലെ മീൻ പിടിത്തത്തിനിടയിൽ സാഹസികമായി മൊബൈലിൽ ഷൂട്ട് ചെയ്ത അയാളുടെ വിഡിയോകൾ ചരിത്രം സൃഷ്ടിച്ചു.നമ്മുടെ തീന്മേശയിലെ സ്ഥിരം വിഭവങ്ങളായ പല മീനുകളും എങ്ങനെയാണ് വല വീശി പിടിക്കുന്നതെന്നു മാത്രമല്ല അതിനു പുറകിലെ അദ്ധ്വാനം, റിസ്ക്, ലാഭം, നഷ്ടം തുടങ്ങി മത്സ്യബന്ധനത്തിലെ എല്ലാ വെല്ലുവിളികളും ഇതിലെ വീഡിയോകളിലുണ്ട്. ജീവൻ പണയം വച്ച് ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളോട് ബഹുമാനം തോന്നാതെ ഇതിലെ ഒരു വിഡിയോയും കണ്ടു തീർക്കാനും കഴിയില്ല.

മനുഷ്യന് ഇന്നും പൂർണമായും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലാത്ത കടൽ എന്ന അതിശയലോകത്തിലെ അവിശ്വസനീയമായ അത്ഭുത വസ്തുക്കൾ, കരയിൽ കണി കാണാൻ പോലും കിട്ടാത്ത മനോഹരമായ കടൽ ജീവികൾ തുടങ്ങി അത്ഭുതങ്ങളുടെ വലിയൊരു ലോകമാണ് കിങ്സ്റ്റണും കൂട്ടരും ഈ വീഡിയോകളിൽ കൂടി കാഴ്ച വയ്ക്കുന്നത്. കഴിഞ്ഞ കുറെ മാസങ്ങളായി ഇടയ്ക്കൊക്കെ ഈ ചാനൽ നോക്കാറുണ്ട്. ഒറ്റത്തവണ പോലും മടുപ്പിക്കുന്ന ഒരു അനുഭവം ഈ ചാനലിൽ നിന്നുണ്ടായിട്ടില്ല. ഇതുവരെ കണ്ടിട്ടില്ലെങ്കിൽ നിങ്ങളും കാണൂ. കുട്ടികളുണ്ടെങ്കിൽ അവരെയും കാണിക്കൂ.
Published by:Joys Joy
First published: