• HOME
  • »
  • NEWS
  • »
  • life
  • »
  • 'കാൻസറിന് കാരണമാകുന്ന പദാർത്ഥം'; ഡവ് അടക്കമുള്ള ജനപ്രിയ ഷാംപൂ ബ്രാൻഡുകൾ യൂണിലിവർ തിരിച്ചുവിളിച്ചു

'കാൻസറിന് കാരണമാകുന്ന പദാർത്ഥം'; ഡവ് അടക്കമുള്ള ജനപ്രിയ ഷാംപൂ ബ്രാൻഡുകൾ യൂണിലിവർ തിരിച്ചുവിളിച്ചു

എയ്‍റോസോൾ അടങ്ങിയ ഇത്തരം കോസ്മെറ്റിക് ഉത്പന്നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ വീണ്ടും ഉയരുകയാണ്

  • Share this:
ഡവ് ഉൾപ്പെടെയുള്ള തങ്ങളുടെ ജനപ്രിയ എയ്‍റോസോൾ ഡ്രൈ ഷാംപൂ വിഭാ​ഗത്തിൽ പെട്ട ബ്രാൻഡുകൾ ബഹുരാഷ്ട്ര കമ്പനിയായ യൂണിലിവർ (Unilever Plc) തിരിച്ചുവിളിച്ചു. കാൻസറിന് കാരണമായേക്കാവുന്ന ബെൻസീൻ (benzene) എന്ന രാസവസ്തു അടങ്ങിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ വെബ്‌സൈറ്റിലാണ് വെള്ളിയാഴ്ച ഇതേക്കുറിച്ചുള്ള വിവരങ്ങൾ പ്രത്യക്ഷപ്പെട്ടത്. മുടിക്കു വേണ്ടിയുള്ള ഡ്രൈ ഷാംപൂകൾ നിർമ്മിക്കുന്ന നെക്സസ്, സുവേ, ട്രസ്മെ, ടിഗി തുടങ്ങിയ ബ്രാൻഡുകളുടെ ഉത്പന്നങ്ങളും തിരികെ വിളിച്ചിട്ടുണ്ട്.

യൂണിലിവറിന്റെ 2021 ഒക്ടോബറിനു മുമ്പ് നിർമിച്ച ഉൽപന്നങ്ങളാണ് തിരിച്ചുവിളിച്ചത്. ഇതോടെ എയ്‍റോസോൾ അടങ്ങിയ ഇത്തരം കോസ്മെറ്റിക് ഉത്പന്നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ വീണ്ടും ഉയരുകയാണ്. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ, ജോൺസൺ ആൻഡ് ജോൺസന്റെ ന്യൂട്രോജെന, എഡ്ജ്‌വെൽ പേഴ്‌സണൽ കെയർ കമ്പനിയുടെ ബനാന ബോട്ട്, ബെയേഴ്‌സ്‌ഡോർഫ് എജിയുടെ കോപ്പർടോൺ, യൂണിലിവറിന്റെ സുവേവ് എന്നിങ്ങനെ നിരവധി എയറോസോൾ സൺസ്‌ക്രീനുകൾക്കെതിരെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഈ കമ്പനികളും സമാനമായ ഉൽപന്നങ്ങൾ കഴിഞ്ഞ പതിനെട്ടു മാസത്തിനിടെ തിരിച്ചുവിളിച്ചിരുന്നു.

2021 മെയ് മുതൽ ന്യൂ ഹേവൻ ആസ്ഥാനമായുള്ള വാലിഷർ (Valisure) എന്ന അനലിറ്റിക്കൽ ലാബ് ഇത്തരം ഉൽപന്നങ്ങളിൽ ബെൻസീൻ കണ്ടെത്തിയതിനെ തുടർന്നാണ് തിരിച്ചുവിളി ആരംഭിച്ചത്. എയ്റോസോൾ ഡ്രൈ ഷാംപൂകൾ പോലെയുള്ള ഉത്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന ബെൻസീൻ ആളുകളെ ബാധിച്ചേക്കാമെന്നും തങ്ങൾ ഈ പ്രശ്നം കാര്യമായിത്തന്നെ അന്വേഷിക്കുകയാണെന്നും വാലിഷർ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡേവിഡ് ലൈറ്റ് പറഞ്ഞു.

സ്പ്രേ ഓൺ ഡ്രൈ ഷാംപൂകൾക്കെതിരെ (spray-on dry shampoo) ഇതിനു മുൻപും പല പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വാലിഷറിന്റെ കണ്ടെത്തലുകളെ തുടർന്ന് പി ആൻഡ് ജി (P&G) കമ്പനി തങ്ങളുടെ എയറോസോൾ ഉൽപന്നങ്ങൾ സൂക്ഷ്മമായി പരിശോധിച്ചിരുന്നു. ബെൻസീന്റെ സാന്നിദ്ധ്യം ചൂണ്ടിക്കാട്ടി ഡിസംബറിൽ കമ്പനി തങ്ങളുടെ പാന്റീൻ, ഹെർബൽ എസെൻസസ് ഡ്രൈ ഷാംപൂകൾ തിരിച്ചുവിളിച്ചിരുന്നു.

സ്പ്രേ ചെയ്യുന്ന ഉത്പന്നങ്ങളിലാണ് എയറോസോളുകളുടെ പ്രശ്നം കൂടുതലായി കാണപ്പെടുന്നത്. ഇതിനാലാണ് ഡ്രൈ ഷാംപൂ തിരിച്ചുവിളിച്ചതെന്ന് യൂണിലിവർ പറഞ്ഞു. എങ്കിലും ഈ ഉൽപന്നങ്ങളിൽ കണ്ടെത്തിയ ബെൻസീനിന്റെ അളവ് കമ്പനി പുറത്തു വിട്ടിട്ടില്ല. ഇത്തരം ഉത്പന്നങ്ങളുടെ ക്യാനുകളിൽ നിന്ന് ഉൽപന്നങ്ങൾ പുറത്തെത്തിക്കുന്ന പ്രൊപ്പല്ലന്റുകളിലാണ് പ്രശ്‌നമെന്നാണു പ്രഥമിക വിലയിരുത്തൽ. ഡ്രൈ ഷാംപൂകൾ പോലെയുള്ള വ്യക്തിഗത പരിചരണ ഉൽപന്നങ്ങളിൽ പലപ്പോഴും പ്രൊപ്പെയ്ൻ, ബ്യൂട്ടെയ്ൻ തുടങ്ങിയ പ്രൊപ്പല്ലന്റുകൾ ചേർക്കാറുണ്ട്. അവ ക്രൂഡ് ഓയിൽ ശുദ്ധീകരിച്ചാണ് നിർമിക്കുന്നത്. പെട്രോളിയം ഉൽപന്നങ്ങളിൽ ഉള്ള ഒരു രാസവസ്തുവാണ് ബെൻസീൻ. ബെൻസീൻ പ്രൊപ്പല്ലന്റുകൾ ഹാനികരമാണെന്ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഡ്രൈ ഷാംപൂ പോലുള്ള സൗന്ദര്യവർദ്ധക വസ്തുക്കളിൽ ചേർക്കാവുന്ന ബെൻസീന്റെ പരിധി എഫ്ഡിഎ നിശ്ചയിച്ചിട്ടില്ലെങ്കിലും ഇത്തരം ഉൽപന്നങ്ങളിൽ ജനങ്ങൾക്ക് ഹാനികരമായ പദാർത്ഥങ്ങൾ ചേർക്കരുതെന്ന് പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്.
Published by:Anuraj GR
First published: