പൊതുജന സേവന മേഖലയിൽ ജോലി ചെയ്യുന്നവർ സമൂഹത്തിന് നൽകുന്ന സംഭാവനകൾ കണക്കിലെടുത്ത് എല്ലാ വർഷവും ജൂൺ 23 നാണ് ഐക്യരാഷ്ട്ര സഭ പബ്ലിക്ക് സർവ്വീസ് ദിനമായി ആചരിക്കുന്നത്. പുതിയ കാലഘട്ടത്തിൽ പബ്ലിക്ക് സർവ്വീസിനുള്ള പ്രാധാന്യവും യുവാക്കൾ പബ്ലിക്ക് സർവ്വീസ് മേഖലയിലേക്ക് കടന്നു വരേണ്ടതിൻ്റെ ആവശ്യകതക്കും ഈ ദിനം ഊന്നൽ നൽകുന്നു.
ഡിജിറ്റൽ വിപ്ലവമാണ് കഴിഞ്ഞ ദശാബ്ദത്തിൽ നാം കണ്ടത്. ജീവിത രീതിയെയും ജോലിയെയും ഭരണ നിർവ്വഹണത്തെയും എല്ലാം ഇത് സ്വാധീനിച്ചിട്ടുണ്ട്. ടെക്നോളജിയുടെ വികാസം ഓരോരുത്തരുടെയും ജീവിതം വേഗത്തിലാക്കി. വിവരങ്ങൾ ഇന്ന് അതിവേഗത്തിൽ ആളുകളിലേക്ക് എത്തുന്നു. നയ രൂപീകരണം, പ്രശ്നങ്ങളുടെ പരിഹാരം, സേവനങ്ങൾ നൽകൽ തുടങ്ങിയവയിൽ എല്ലാം ഡിജിറ്റൽ വിപ്ലവം വലിയ മാറ്റങ്ങളുണ്ടാക്കി. അതേ സമയം സർക്കാരുകൾ സാമ്പത്തിക വെല്ലുവിളികളും വർദ്ധിച്ചു വരുന്ന ജനങ്ങളുടെ പ്രതീക്ഷകളെയും അഭിമുഖീകരിക്കേണ്ടി വരുന്നു. കുറഞ്ഞ ആളുകളെ ഉപയോഗിച്ച് കൂടുതൽ കാര്യങ്ങൾ നിറവേറ്റാൻ സർക്കാരുകളെ ഇത് നിർബന്ധിതരാക്കുന്നു.
പ്രധാന്യം
കോവിഡ് സാഹചര്യം സർക്കാർ ജീവനക്കാരുടെ പ്രവർത്തനങ്ങളിലും മാറ്റങ്ങൾ കൊണ്ടു വന്നിട്ടുണ്ട്. വീട്ടിൽ ഇരുന്നുള്ള ജോലി, ഡിജിറ്റലായി സേവനങ്ങൾ നൽകൽ, വെർച്ച്വൽ ടീമുകൾ, പുതിയ വകുപ്പുകൾ എന്നിങ്ങനെയുള്ള മാറ്റങ്ങൾ പല സർക്കാർ ഓഫീസുകളിലും വന്നിട്ടുണ്ട്. 21ാം നൂറ്റാണ്ടിലെ മൂന്നാം ദശാബ്ദത്തിലേക്ക് കടക്കുന്ന ഈ അവസരത്തിൽ തീർച്ചയായും എല്ലാ രാജ്യങ്ങളും സർക്കാർ ഓഫീസുകളുടെ പ്രവർത്തന രീതിയിൽ സമൂലമായ മാറ്റങ്ങൾ ആവിഷ്ക്കരിക്കേണ്ടതുണ്ട്.
ജീവനക്കാരെ ജോലിക്ക് എടുക്കുന്ന രീതിയിലും,അവരെ കാര്യങ്ങൾ പഠിപ്പിക്കുന്നതിലും, നിലനിർത്തുന്നതിലും കാര്യമായ മാറ്റങ്ങൾ വരുന്ന കാലഘട്ടത്തിൽ ആവശ്യമാണ്. മികച്ച ആളുകളെ തെരഞ്ഞെടുക്കുന്നതിനും, ഇവരുടെ പ്രകടനം വിലയിരുത്തുന്നതിനും, സേവനങ്ങൾ നൽകുന്നതിലും കൂടുതൽ ടെക്നോളജി ഉപയോഗപ്പെടുത്തണം.
പ്രമേയം
“ഭാവിയിലെ പബ്ലിക്ക് സർവ്വീസ് നവീകരിക്കൽ: സുസ്ഥിര വികസന നേട്ടം കൈവരിക്കാൻ പുതിയ കാലഘട്ടത്തിൽ പുതിയ സർക്കാർ മോഡലുകൾ” എന്നാണ് ഇത്തവണത്തെ യുഎൻ പബ്ലിക്ക് സർവ്വീസ് ദിനാചരണത്തിന്റെ പ്രമേയം. ഈ വർഷത്തെ ദിനാചരണത്തിന്റെ ഭാഗമായി യുഎൻ എക്കണോമിക്ക്സ് ആൻഡ് സോഷ്യൽ അഫയർ യുഎഇ യുമായി ചേർന്ന് ഒന്നര മണിക്കൂർ നീളുന്ന ഡിജിറ്റൽ പരിപാരി നടത്തുന്നുണ്ട്
തുടക്കം
യുഎൻ ജനറൽ അസംബ്ലിയിൽ 2002 ഡിസംബർ 20 ന് പാസാക്കിയ പ്രമേയത്തിലൂടെയാണ് ജൂൺ 23 ന് പബ്ലിക്ക് സർവ്വീസ് ദിനം ആചരിച്ച് തുടങ്ങുന്നത്. കൂടുതൽ യുവാക്കളെ പബ്ലിക്ക് സർവ്വീസ് മേഖലയിലേക്ക് ആകർഷിപ്പിക്കുക എന്നതിനൊപ്പം ഈ മേഖലയിലുള്ളവരുടെ സേവന പ്രവർത്തനങ്ങൾക്ക് അംഗീകാരവുമായാണ് ദിനം ആചരിച്ച് തുടങ്ങുന്നത്.
ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ 2003 ൽ പബ്ലിക്ക് സർവ്വീസ് അവാർഡ് പ്രോഗ്രാമും യുഎൻ ആരംഭിച്ചിരുന്നു. നൂതനവും കാര്യക്ഷമവുമായ രീതിയിൽ സേവനങ്ങൾ ചെയ്യുന്നവർക്കാണ് അവാർഡ് നൽകിയിരുന്നത്. 2016 ൽ സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട 2030 അജണ്ട പരിപാടിയുമായി ഇതിനെ സംയോജിപ്പിക്കുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: United nations