• HOME
 • »
 • NEWS
 • »
 • life
 • »
 • കഥയുടെ സുൽത്താന്‍റെ ഓർമ്മകൾക്ക് 27 വയസ്; വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് സാംസ്കാരിക കേരളം

കഥയുടെ സുൽത്താന്‍റെ ഓർമ്മകൾക്ക് 27 വയസ്; വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് സാംസ്കാരിക കേരളം

ഭാവനസമ്പന്നതയേക്കാൾ അനുഭവങ്ങളുടെ ചെറിയ ചെറിയ ഏടുകളാണ് ബഷീർ കഥകളിലേക്ക് വായനക്കാരെ അടുപ്പിച്ചത്

Vaikom_Muhammed_Basheer

Vaikom_Muhammed_Basheer

 • Last Updated :
 • Share this:
  മലയാളത്തിന്‍റെ പ്രിയ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്‍റെ ഓർമ്മകൾക്ക് ഇന്ന് 27 വയസ്. പരമ്പരാഗത സാഹിത്യ വ്യവസ്ഥകളെ വെല്ലുവിളിച്ചുകൊണ്ടാണ് ബഷീർ എന്ന എഴുത്തുകാരൻ വായനക്കാരന്‍റെ ഹൃദയത്തിൽ ചേക്കേറിയത്. വ്യാകരണത്തിന്‍റെ വേലിക്കെട്ടുകൾ പൊളിച്ചുകളഞ്ഞ ബഷീർ, ആഖ്യയും അഖ്യാതവുമില്ലാതെ കഥകൾക്ക് സ്വന്തമായ ഒരു അഖ്യാന രീതി സമ്മാനിച്ചു. ഭാവനസമ്പന്നതയേക്കാൾ അനുഭവങ്ങളുടെ ചെറിയ ചെറിയ ഏടുകളാണ് ബഷീർ കഥകളിലേക്ക് വായനക്കാരെ അടുപ്പിച്ചത്.

  ബാല്യകാല സഖി, പാത്തുമ്മയുടെ ആട്, ന്‍റുപ്പൂപ്പായ്ക്കൊരു ആനയുണ്ടാർന്ന്, ശബ്ദങ്ങൾ, പ്രേമലേഖനം, മതിലുകൾ തുടങ്ങി ബഷീറിന്‍റെ കൃതകളെല്ലാം തന്നെ വായനക്കാർക്ക് ഏറെ പ്രിയപ്പെട്ടതാണ്. മനുഷ്യർക്ക് മാത്രം അവർകാശപ്പെട്ടതല്ല ഈ ഭൂമിയെന്ന് ബഷീർ തന്‍റെ കൃതികളിലൂടെ വിളിച്ചു പറഞ്ഞു. പാമ്പും പഴുതാരയും പല്ലിയുമൊക്കെ ഈ ഭൂമിയുടെ അവകാശികളാണെന്ന മഹനീയ സന്ദേശം ബഷീർ മുന്നോട്ടുവെച്ചു.

  ബഷീറിന്‍റെ കഥകൾ മാത്രമല്ല, അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയെന്ന സവിശേഷതയുമുണ്ട്. പാത്തുമ്മയും, ബാല്യകാലസഖിയിലെ മജീദും സുഹ്റയും, ന്‍റുപ്പൂപ്പായ്ക്കൊരു ആനയുണ്ടാർന്ന് എന്ന കഥയിലെ കുഞ്ഞുപാത്തുമ്മയും നിസാർ അഹമ്മദും, ആനവാരിയും പൊൻകുരിശും എന്ന കഥയിലെ രാമൻനായരും തോമയും അങ്ങനെ പോകുന്നു ബഷീർ സൃഷ്ടിച്ച കഥാപാത്രങ്ങൾ. ഇവരൊക്കെ വായനപ്രേമികൾക്ക് ചിരപരിചതരായത് ബഷീറിന്‍റെ പ്രത്യേകമായ കഥാഖ്യാന ശൈലിയിലൂടെ തന്നെയാണ്. അതിനുശേഷം ഇന്ത്യയിലാകെയും അറബിനാട്ടിലും ആഫ്രിക്കയിലുമൊക്കെ സഞ്ചരിച്ച അദ്ദേഹം ജീവിതത്തിൽ പല വേഷങ്ങളും കെട്ടിയാടി. മനുഷ്യജീവിതകളെ കൂടുതൽ ആഴത്തിൽ തൊട്ടറിഞ്ഞു. ഈ അനുഭവങ്ങളൊക്കെ അദ്ദേഹത്തിന്‍റെ എഴുത്തുകളെ ഏറെ സ്വാധീനിച്ചു.

  1908 ജനുവരി 21ന് വൈക്കം താലൂക്കിൽ ഉൾപ്പെട്ട തലയോലപ്പറമ്പ് ഗ്രാമത്തിൽ കായി അബ്ദുറഹ്‌മാൻ, കുഞ്ഞാത്തുമ്മ എന്നിവരുടെ ആറുമക്കളിൽ മൂത്തയാളായാണ് ബഷീറിന്‍റെ ജനനം. അബ്ദുൾഖാദർ, പാത്തുമ്മ, ഹനീഫ, ആനുമ്മ, അബൂബക്കർ എന്നിവരായിരുന്നു സഹോദരങ്ങൾ. കുട്ടിക്കാലം മുതൽക്കേ സഹോദരങ്ങളുമൊത്തുള്ള ജീവിതം തന്നെ ബഷീറിന്‍റെ കൃതികളിലെ കഥാപരിസരമായി മാറി. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലുമായി പൂർത്തിയാക്കി.

  സ്കൂൾ പഠനകാലത്ത്‌(അഞ്ചാം ക്ലാസ്സ്) കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാൻ വീട്ടിൽ നിന്നും ഒളിച്ചോടിയതാണ്‌ ബഷീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്‌. കാൽനടയായി എറണാകുളത്തു ചെന്നു കാളവണ്ടി കയറി കോഴിക്കോടെത്തിയ ബഷീർ സ്വാതന്ത്ര്യ സമര രംഗത്തേക്ക്‌ എടുത്തുചാടി. ഗാന്ധിജിയെ തൊട്ടു എന്ന് പിൽക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമർശിച്ചിട്ടുണ്ട്. 1930-ൽ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിലായി. പിന്നീട് ഭഗത് സിങിന്‍റെ മാർഗത്തിൽ തീവ്രനിലപാടുകളിലേക്ക് മാറിയ ബഷീർ അക്കാലത്ത് എഴുതിയ മൂർച്ചയേറിയ ലേഖനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.

  ബഷീർ വിടപറഞ്ഞിട്ട് 27 വർഷം പിന്നിട്ടെങ്കിലും അദ്ദേഹം അവസാന നാളുകൾ ചെലവിട്ട കോഴിക്കോട്ടെ ബേപ്പൂർ വൈലാലിൽ വീട്ടിൽ ഉചിതമായ ഒരു സ്മാരകം വേണമെന്ന ആവശ്യം ഇന്നും യാഥാർഥ്യമായിട്ടില്ല. ബഷീറിന്‍റെ ഓർമ്മദിനത്തിൽ ആദ്ദേഹത്തിന്‍റെ ആരാധകരും കുട്ടികളും വൈലാവിൽ വീട്ടിൽ ഒത്തുകൂടാറുണ്ടെങ്കിലും കോവിഡ് കാരണം ഇത്തവണ ആരുമെത്തിയിട്ടില്ല.
  Published by:Anuraj GR
  First published: