പ്രകൃതിയുടെ മനോഹാരിത കൊണ്ട് ഇന്ത്യയിൽ സഞ്ചാരികളുടെ പറുദീസയായ ഇടങ്ങളിലൊന്നാണ് ഉത്തരാഖണ്ഡ് (Uttarakhand). ഉയരത്തിലുള്ള മലനിരകൾ കൊണ്ടും താഴ്വാരങ്ങൾ കൊണ്ടും സഞ്ചാരികളെ ഈ സംസ്ഥാനം മാടിവിളിക്കുന്നു. ഉത്തരാഖണ്ഡിൽ ഏറ്റവും കൂടുതൽ പേർ പോവുന്നത് എവിടേക്കാണെന്ന് അറിയാമോ? പൂക്കളുടെ താഴ്വരയെന്നാണ് (Valley Of Flowers) ആ പ്രദേശം അറിയപ്പെടുന്നത്. ജൂൺ ഒന്ന് മുതൽ സഞ്ചാരികൾക്കായി പൂക്കളുടെ താഴ്വര തുറന്നുകൊടുക്കാൻ പോവുകയാണ്. മലനിരകൾക്കിടയിലൂടെ ട്രെക്കിങ് (Trekking) നടത്തിവേണം ഈ പൂക്കളുടെ സ്വർഗത്തിൽ എത്തിച്ചേരാൻ. യുനെസ്കോയുടെ പൈതൃക പട്ടികയിലുള്ള വാലി ഓഫ് ഫ്ലവേഴ്സിൽ വിവിധ തരത്തിലുള്ള ഓർക്കിഡുകളും ജമന്തിപ്പൂക്കളുമെല്ലാമുണ്ട്.
നന്ദാദേവി ബയോസ്ഫിയർ റിസർവിന്റെ കീഴിൽ വരുന്ന ഈ വിനോദസഞ്ചാര കേന്ദ്രത്തിൽ ധാരാളം വ്യത്യസ്തമായ പക്ഷികളും മൃഗങ്ങളുമെല്ലാമുണ്ട്. മലമുകളിലെ സ്വർഗം കാണാൻ ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ ബാഗുമെടുത്ത് ഇറങ്ങാൻ തയ്യാറായിക്കോളൂ. ഇത് നിങ്ങൾക്കുള്ള ഇടമാണ്. അതിന് മുമ്പ് പൂക്കളുടെ താഴ്വരയെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ.
സമയം
ഈ വർഷം ജൂൺ ഒന്ന് മുതൽ സഞ്ചാരികളെ ഈ പ്രദേശത്തേക്ക് സ്വാഗതം ചെയ്ത് തുടങ്ങും. ഒക്ടോബർ 31ന് ശേഷം നിങ്ങൾക്ക് ഇവിടേക്ക് പോവാനാവില്ല. ജൂൺ മുതൽ ഒക്ടോബർ വരെയാണ് സാധാരണ ഗതിയിൽ എല്ലാ വർഷവും വാലി ഓഫ് ഫ്ലവേഴ്സ് തുറക്കുന്നത്. ഒക്ടോബറിന് ശേഷം സഞ്ചാരികൾക്ക് പ്രവേശനമില്ല.
ടിക്കറ്റ് നിരക്കുകൾ
പൂക്കളുടെ താഴ്വരയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ടത് ഗംഗരിയയിലെ കൗണ്ടറിൽ നിന്ന് ടിക്കറ്റ് വാങ്ങണമെന്നതാണ്. ഇന്ത്യക്കാർക്ക് ടിക്കറ്റിന് 150 രൂപയാണ്. എന്നാൽ വിദേശികൾക്ക് ഒരു ടിക്കറ്റിന് 600 രൂപയാണ് നൽകേണ്ടത്. മൂന്ന് ദിവസമാണ് ഈ ടിക്കറ്റിൻെറ കാലാവധി. വാലി ഓഫ് ഫ്ലവേഴ്സിൽ രാത്രി തങ്ങുന്നതിന് ആരെയും അനുവദിക്കില്ല.
യാത്ര തുടങ്ങുന്നത്...
ഡെറാഡൂണിൽ നിന്ന് ഏകദേശം 300 കിലോമീറ്റർ ദൂരെയുള്ള ഗോവിന്ദ്ഘട്ടിലാണ് ആദ്യം എത്തിച്ചേരേണ്ടത്. ട്രെക്കിംങ് ആരംഭിക്കുന്ന സ്ഥലത്തേക്ക് ഗോവിന്ദ്ഘട്ടിൽ നിന്ന് നാല് കിലോമീറ്റർ ദൂരമുണ്ട്. താൽപര്യമുള്ളവർക്ക് പ്രകൃതിഭംഗി ആസ്വദിച്ച് നടക്കാം. ഇല്ലെങ്കിൽ ഷെയർ ക്യാബിൽ നിങ്ങൾക്ക് ട്രെക്കിങ് പോയൻറ് വരെ സഞ്ചരിക്കാം.
പൂക്കളുടെ താഴ്വരയിലേക്കുള്ള ട്രെക്കിംങ്
ട്രെക്കിംങ് രണ്ട് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. അധികം ബുദ്ധിമുട്ടുള്ള വഴിയല്ലാത്തതിനാൽ സുഗമമായി യാത്ര ചെയ്യാവുന്നതാണ്. സ്റ്റാർട്ടിങ് പോയൻറിൽ നിന്ന് തുടങ്ങി ലക്ഷ്മൺ ഗംഗ പാലം കടന്ന് ഗംഗരിയയിലേക്ക് എത്താൻ 11 കിലോമീറ്റർ യാത്ര ചെയ്യണം. കാൽനടയായിട്ടാണ് ഈ യാത്ര. ഗംഗരിയയിലേക്കുള്ള വഴിയിൽ ഒരു ഭാഗം മുഴുവൻ മനോഹരമായ പുഴയാണ്. യാത്രക്കിടയിൽ ഭക്ഷണം കഴിക്കാനും വിശ്രമിക്കാനുമായി ഈ പ്രദേശത്ത് നിരവധി കടകളുണ്ട്. ഗംഗരിയയിലെത്തിയാൽ ടിക്കറ്റെടുത്ത് വീണ്ടും മൂന്ന് കിലോമീറ്റർ യാത്ര ചെയ്യണം. പൂക്കളുടെ താഴ്വരയിൽ മൂന്ന് കിലോമീറ്റർ പ്രദേശത്ത് മാത്രമാണ് സഞ്ചാരികൾക്ക് പോവാൻ അനുവാദമുള്ളത്. പിന്നീടുള്ള ഭാഗത്ത് ഘോരവനമാണ്.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.