ഇലയോ മെച്ചം ഇലയുടുത്ത പ്രാണിയോ മെച്ചം? അടുത്തറിയാം പ്രകൃതിയിലെ അത്ഭുതജീവിയെ
ഇലയോ മെച്ചം ഇലയുടുത്ത പ്രാണിയോ മെച്ചം? അടുത്തറിയാം പ്രകൃതിയിലെ അത്ഭുതജീവിയെ
കൂടുതൽ അന്വേഷണത്തിനൊടുവിൽ ഈ സ്പീഷിൽപ്പെടുന്ന ആൺവർഗത്തിൽപ്പെടുന്ന രണ്ടു പ്രാണികളുടെ ജീവനില്ലാത്ത സ്പെസിമനുകൾ ശാസ്ത്രജ്ഞർക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.
പ്രകൃതി എപ്പോഴും നമ്മളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണ്. പ്രകൃതിയെക്കുറിച്ച് സകലതും അറിഞ്ഞുകഴിഞ്ഞു എന്ന ആത്മവിശ്വാസത്തിൽ കഴിയുമ്പോഴായിരിക്കും ഏതെങ്കിലും ഒരു ജീവജാലം നമ്മളെ അതിശയിപ്പിക്കുന്ന പ്രത്യേകതകളുമായി രംഗപ്രവേശം ചെയ്യുക. അതോടെ നമ്മുടെ അമിതമായ ആത്മവിശ്വാസം തകർന്നു തരിപ്പണമാവുകയും ആ ജീവജാലം സസ്യജന്തു ലോകത്തെക്കുറിച്ചുള്ള നമ്മുടെ അടിസ്ഥാന ധാരണകളെ തന്നെ വെല്ലുവിളിച്ചുകൊണ്ട് നമുക്ക് മുന്നിൽ ഒരു വിസ്മയപ്രപഞ്ചം സൃഷ്ടിക്കുകയും ചെയ്യുന്നു. അത്തരത്തിൽ നമ്മളെ അതിശയിപ്പിക്കുന്ന ഒരു ജീവിയാണ് ഇലയുടേതിന് സമാനമായ രൂപഭാവങ്ങളുള്ള ഈ ഇലപ്രാണി.
ഈ വീഡിയോയിൽ ഇലപ്രാണിയുടെ കുടുംബത്തിൽപ്പെട്ട, വിവിധ വലിപ്പങ്ങളിലുള്ള ഏതാനും പ്രാണികളെ നിങ്ങൾക്ക് കാണാം. ശാസ്ത്രീയമായി ഫിലിയം ജൈജാന്റിയം എന്നറിയപ്പെടുന്ന ഈ പ്രാണികളുടെ ശരീരത്തിന് ഇലകളുമായുള്ള സാദൃശ്യം നമ്മളെ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിക്കുന്നതാണ്. ചില ഇലകൾക്ക് ഉണ്ടാകുന്നതുപോലെ കാപ്പി നിറത്തിലും മെറൂൺ നിറത്തിലുമുള്ള പാടുകളും ഈ ജീവിയുടെ ശരീരത്തിൽ കാണാം. ഇലകളുമായുള്ള സാദൃശ്യം കൂടുതൽ ഉറപ്പിക്കുന്ന വിധത്തിൽ ശരീരത്തിന്റെ മൂലകളിൽ അനുബന്ധഭാഗങ്ങളും ഈ പ്രാണികൾക്കുണ്ട്. ഇവയുടെ ഉദരഭാഗത്തിന് സമീപം കാപ്പി നിറത്തിൽ രണ്ടു പാടുകളും കാണാം. അവ ചലിക്കുന്നത് കാണുമ്പോൾ കാറ്റിന്റെ ഗതിയ്ക്കനുസരിച്ച് ഇലകൾ ആടുന്നത് പോലെയേ ഏതൊരാൾക്കും പെട്ടെന്ന് തോന്നൂ. ലോകത്തെ ഏറ്റവും വലിയ ഇലപ്രാണികളായ ഈ ജീവികളെ എത്രത്തോളം കുറ്റമറ്റ രീതിയിലാണ് പ്രകൃതി സൃഷ്ടിച്ചത് എന്നോർക്കുമ്പോൾ നമ്മൾ അത്ഭുതസ്തബ്ധരായിപ്പോകും.
സയൻസ് എന്ന് പേരുള്ള ഒരു ഇൻസ്റ്റാഗ്രാം പേജാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഈ സ്പീഷീസിൽ പെൺവർഗത്തിൽപ്പെട്ട പ്രാണികൾ മാത്രമേ ഉള്ളൂ എന്നും അവർ അറിയിക്കുന്നു. കൂടുതൽ അന്വേഷണത്തിനൊടുവിൽ ഈ സ്പീഷിൽപ്പെടുന്ന ആൺവർഗത്തിൽപ്പെടുന്ന രണ്ടു പ്രാണികളുടെ ജീവനില്ലാത്ത സ്പെസിമനുകൾ ശാസ്ത്രജ്ഞർക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ഈ ജീവികളുടെ പ്രത്യുത്പാദന പ്രക്രിയയിൽ അവർ വഹിച്ച പങ്ക് എന്താണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
ബീജസങ്കലനം നടക്കാതെ തന്നെ പെൺപ്രാണികൾ മുട്ടയിടുകയും അതിലൂടെ പ്രജനനം നടക്കുകയും ചെയ്യുന്നു. ഈ സ്പീഷീസിൽ ആൺപ്രാണികൾ നിലവിലില്ല. വളരെ ശാന്തസ്വഭാവമുള്ള ജീവിവർഗം കൂടിയാണ് ഇലപ്രാണികൾ. കുഞ്ഞുങ്ങൾ പ്രസരിപ്പ് കൂടിയവരായിരിക്കുമെങ്കിലും ആദ്യത്തെ തവണ തോട് പൊഴിച്ചു കളഞ്ഞതിന് ശേഷം അവയും ശാന്തസ്വഭാവം കൈവരിക്കുന്നു. ഈ പ്രാണികൾ പകൽസമയത്ത് പൊതുവെ സഞ്ചരിക്കാറില്ല. രാത്രിസമയത്ത് അവർ സഞ്ചരിക്കുകയും ഇര തേടുകയും ചെയ്യുന്നു. ഈ പ്രാണിയെ നമ്മളെടുത്ത് കൈപ്പത്തിയിൽ വെച്ചാൽ തങ്ങളുടെ ശരിയായ സ്വത്വം വെളിപ്പെടുത്താതിരിക്കാൻ അവ അനങ്ങുകയേ ഇല്ല. ഈ പെൺപ്രാണികൾക്ക് 10 സെന്റിമീറ്റർ വരെ വളരാൻ കഴിയും. ഇൻസ്റ്റാഗ്രാമിൽ വളരെ വേഗത്തിലാണ് ഈ വീഡിയോ വൈറലായി മാറിയത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ പത്ത് ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.