നിങ്ങള്‍ക്ക് വിയറ്റ്നാം സന്ദർശിക്കാൻ ആഗ്രഹമുണ്ടോ? എങ്കില്‍ മടിക്കേണ്ട. ഈ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യം സന്ദര്‍ശിക്കാന്‍ ഇപ്പോള്‍ ഒരു പുതിയ കാരണം കൂടിയുണ്ട്. വിനോദസഞ്ചാരികള്‍ക്കായി പുതിയ ചില്ലുപാലമാണ് (glass bridge) വിയറ്റ്നാമില്‍ (vietnam) തുറന്നിരിക്കുന്നത്. കാടിന് മുകളിലൂടെ 150 മീറ്റര്‍ (490 അടി) ഉയരത്തില്‍ പണിത ഒരു ചില്ലുപാലമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്ക്കുന്നത്. ബാച്ച് ലോംഗ് (bach long) എന്നാണ് ഈ ചില്ലുപാലത്തിന് പേരിട്ടിരിക്കുന്നത്.
വൈറ്റ് ഡ്രാഗണ്‍ എന്ന പേരും ഈ പാലത്തിനുണ്ട്. വടക്കുപടിഞ്ഞാറന്‍ സോണ്‍ ലാ പ്രവിശ്യയിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. പാലത്തിന് ആകെ 632 മീറ്റര്‍ നീളമുണ്ട്. വിയറ്റ്നാം യുദ്ധം അവസാനിച്ചതിന്റെ 47-ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു പാലത്തിന്റെ ഉദ്ഘാടനം നടന്നത്. ദുബായിലെ ബുര്‍ജ് ഖലീഫ ടവറിന്റെ നാലിലൊന്ന് ഉയരമുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ ചില്ല് പാലമാണിത്. ഈ മാസം പാലം സന്ദര്‍ശിക്കുന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം വസ്തുതാപരമായി പരിശോധിക്കും.
കഴിഞ്ഞയാഴ്ചയാണ് പാലം വിനോദസഞ്ചാരികള്‍ക്കായി തുറന്നത്. നിരവധി യൂട്യൂബര്‍മാരും ട്രാവല്‍ വ്ലോഗര്‍മാരും ഇതിനകം തന്നെ പാലത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ബിസിനസ് ഇന്‍സൈഡര്‍ പറയുന്നതനുസരിച്ച്, പാലത്തിന് 632 മീറ്റര്‍ അല്ലെങ്കില്‍ ഏകദേശം 2,073 അടി നീളമുണ്ട്.
ഗ്ലാസ്സ് കൊണ്ടുള്ള ഈ പാലത്തില്‍ 40 മില്ലീമീറ്റര്‍ അല്ലെങ്കില്‍ ഏകദേശം 1.5 ഇഞ്ച് ടെമ്പര്‍ഡ് ഗ്ലാസിന്റെ മൂന്ന് പാളികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാച്ച് ലോംഗ് പാലത്തിന്റെ ഈടും കാല്‍നടയാത്രക്കാരുടെ സുരക്ഷയും പരിശോധിക്കുന്നതിനായി, ഭാരം കൂടിയ കാറുകളും ട്രക്കുകളും പാലത്തിന് മുകളിലൂടെ ഓടിച്ചുകൊണ്ട് പരീക്ഷണം നടത്തിയിരുന്നുവെന്നും ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബാച്ച് ലോംഗ് പാലത്തില്‍ ഒരേ സമയം ഏകദേശം 500 പേര്‍ക്ക് നില്ക്കാന് കഴിയുമെന്ന് മാക് ചൗ ദ്വീപിന്റെ പ്രതിനിധിയായ ഹോങ് മാന്‍ ഡൂയ് പറയുന്നു. 'പാലം തുറന്നതോടെ മോക് ചൗ ജില്ലയിലേക്ക് തദ്ദേശീയരും വിദേശികളുമടക്കം നിരവധി വിനോദസഞ്ചാരികളാണ് എത്തുന്നത്. ഒരു ഗ്ലാസ് പാളി തകര്‍ന്നാല്‍ പോലും പാലത്തിന് അഞ്ച് ടണ്‍ ഭാരം താങ്ങാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിയറ്റ്നാമിലെ മൂന്നാമത്തെ ഗ്ലാസ് പാലം കൂടിയാണ് ബാച്ച് ലോംഗ്.
കോവിഡ് മഹാമാരി ആരംഭിച്ച് രണ്ട് വര്‍ഷത്തിന് ശേഷം വിനോദസഞ്ചാരികളെ തിരികെ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് വിയറ്റ്മാനിലെ ടൂറിസം വകുപ്പ്. മാര്‍ച്ച് പകുതിയോടെ, വിയറ്റ്നാം അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്കുള്ള ക്വാറന്റൈന് അവസാനിപ്പിക്കുകയും 13 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്ക്ക് 15 ദിവസത്തെ വിസ രഹിത യാത്ര പുനരാരംഭിക്കുകയും ചെയ്തിരുന്നു. രണ്ടാഴ്ചയ്ക്കുളളില്‍ പതിനായിരത്തിലധികം അത്ലറ്റുകളും സ്പോര്‍ട്സ് സ്റ്റാഫുകളും പങ്കെടുക്കുന്ന തെക്കുകിഴക്കന്‍ ഏഷ്യന്‍ ഗെയിംസിന് രാജ്യം ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.