HOME /NEWS /Life / ആറാം വയസിൽ കാടിറക്കം; പത്ത് കഴിഞ്ഞ് വീണ്ടും കാടു കയറി; മോഹം IPS; ചോലനായ്‌ക്കരിലെ ആദ്യ ഗവേഷക വിദ്യാർഥിയായ വിനോദിന്റെ ജീവിതം

ആറാം വയസിൽ കാടിറക്കം; പത്ത് കഴിഞ്ഞ് വീണ്ടും കാടു കയറി; മോഹം IPS; ചോലനായ്‌ക്കരിലെ ആദ്യ ഗവേഷക വിദ്യാർഥിയായ വിനോദിന്റെ ജീവിതം

വിനോദ്

വിനോദ്

ഇരുപത് വർഷംമുമ്പ്‌ കരുളായി വനത്തിലെ ​ഗുഹയിലെത്തിയ കിർത്താഡ്‌സ് ഡയറക്ടറായിരുന്ന എൻ വിശ്വനാഥൻ നായരാണ്‌ വിനോദിന്റെ ജീവിതം മാറ്റിമറിച്ചത്.

  • Share this:

    മലപ്പുറം: നിലമ്പൂർ വനമേഖലയിലെ ഗുഹയിൽ ജനിച്ച് കുസാറ്റിലെ ഗവേഷക വിദ്യാർഥിയിലേക്കുള്ള സി. വിനോദിന്റെ ജീവിതം ആരെയും വിസ്മയിപ്പിക്കുന്നത്. ചോല നായ്ക്കർ വിഭാഗത്തിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടുന്ന ആദ്യ വ്യക്തിയാണ് വിനോദ്. ഏഷ്യൻ വൻകരയിൽത്തന്നെ അവശേഷിക്കുന്ന ​ഗുഹാവാസികളാണ് ചോലനായ്ക്കർ. അതുകൊണ്ടുതന്നെ ഈ വിഭാഗത്തിൽ നിന്നും ഏഷ്യയിൽ ആദ്യമായി ഗവേഷക വിദ്യാർഥിയാകുന്നതും വിനോദാണ്.

    ഇരുപത്  വർഷംമുമ്പ്‌ കരുളായി വനത്തിലെ ​ഗുഹയിലെത്തിയ കിർത്താഡ്‌സ് ഡയറക്ടറായിരുന്ന എൻ വിശ്വനാഥൻ നായരാണ്‌ വിനോദിന്റെ ജീവിതം മാറ്റിമറിച്ചത്. അതാണ് പാരമ്പര്യ തൊഴിലുകൾ വിട്ട് അക്ഷരങ്ങളുടെ ലോകത്തേക്കെത്താൻ വിനോദിന് നിമിത്തമായതും.

    ആറാം വയസിൽ വിശ്വനാഥാൻ നായരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം വിനോദ് ഉൾപ്പെടെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് കാടുകയറിയത്. എന്നാൽ ഉദ്യോഗസ്ഥരെ കണ്ടതോടെ വിനോദ് ഉൾപ്പെടെയുള്ളവർ ഉൾക്കാടിലേക്ക് ഒളിച്ചു. എന്നാൽ വിനോദ് ഉൾപ്പെടെ മൂന്നു കുട്ടികളുമായാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. നിലമ്പൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലായിരുന്നു ഇവരുടെ തുടർന്നുള്ള പഠനം.

    Also Read ജനിച്ചത് നിലമ്പൂര്‍ ഉള്‍ക്കാട്ടിലെ ഗുഹയില്‍; ചോലനായ്‌ക്കർ വിഭാഗത്തിലെ ആദ്യ ഗവേഷക വിദ്യാർഥിയായി വിനോദ്

    നിലമ്പൂര്‍ ഇന്ദിരാഗാന്ധി സ്‌മാരക ഹൈസ്‌കൂളില്‍നിന്നു ഫസ്‌റ്റ്‌ ക്ലാസോടെ എസ്‌.എസ്‌.എല്‍.സി. ജയിച്ചതിനു പിന്നാലെ വിനോദ് വീണ്ടും കാടുകയറി. ഊരിലെ മറ്റുള്ളവർക്കൊപ്പം വനവിഭവങ്ങള്‍ ശേഖരിക്കാൻ വിനോദും ഒപ്പം ചേർന്നു. ഫസ്റ്റ് ക്ലാസോടെ പത്താം ക്ലാസ് വിജയിച്ച കുട്ടി പഠനം അവസാനിപ്പിച്ചത് അറിഞ്ഞ് അധ്യാപകർ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വീണ്ടും ഊരിലെത്തി. ഇവർ നിർബന്ധിച്ചതിനെ തുടർന്നാണ് വിനോദ് ഉപരിപഠനത്തിന് തയാറായത്.

    വിശ്വനാഥൻ നായർക്കൊപ്പം വിനോദ്

    പത്തനംതിട്ട വടശ്ശേരിക്കര എം.ആര്‍.എസിലായിരുന്നു ഹയർ സെക്കൻഡറി പഠനം. 70 ശതമാനം മാര്‍ക്കോടെ വിജയിച്ചു.  ഐ.പി.എസ് നേടുകയെന്നതാണ് തന്റെ മോഹമെന്ന് വിനോദ് അന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

    പാലേമാട്‌ ശ്രീവിവേകാനന്ദ കോളജിലായിരുന്നു ബിരുദപഠനം. ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി കുസാറ്റിൽ എം. ഫിലിനു ചേർന്നു. അപ്ലൈഡ് ഇക്കണോമിക്‌സിലായിരുന്നു എം. ഫിൽ. അതേ ഡിപ്പാർട്ട്മെന്റിലെ ഡോ. പി കെ ബേബിക്ക് കീഴിലാണ് ​ഇപ്പോൾ ഗവേഷണത്തിനു ചേർന്നിരിക്കുന്നത്. ചോലനായ്‌ക്ക, കാട്ടുനായ്‌ക്ക ആദിവാസി വിഭാഗങ്ങളെക്കുറിച്ചാണു പിഎച്ച്‌.ഡി. പഠനം.

    കരുളായി മാഞ്ചീരി കോളനിയിലെ മണ്ണള ചെല്ലന്റെയും വിജയയുടെയും മകനാണ് വിനോദ്. ചോല നായ്ക്കർക്കു വേണ്ടി സർക്കാർ സ്ഥാപിച്ചതാണ് മാഞ്ചീരി കോളനി. ഇവിടെ ഈ വിഭാഗത്തിലെ നാൽപ്പതോളം കുടുംബങ്ങളാണ് താമസിക്കുന്നത്. കരുളായിയിൽ നിന്നും 22 കിലേമീറ്റർ അകലെ ഉൾവനത്തിലാണ് മാഞ്ചീരി കോളനി.

    മലപ്പുറം ജില്ലയിൽ നിലമ്പൂര്‍ താലൂക്കിലെ അമരമ്പലം, കരുളായി, വഴിക്കടവ് പഞ്ചായത്തുകളിലും വയനാട് ജില്ലയിലെ മുപ്പൈനാട് പഞ്ചായത്തിലുമായി മൂന്നൂറോളം പേരാണ് ചോലനായക്കർ വിഭാഗത്തിലുള്ളത്.

    First published:

    Tags: Chola Naikkan, Chola naikkan Tribe, Cusat, Nilambur