HOME /NEWS /Life / ബാബു പോളിന്റെ സ്വീകരണ മുറിയിലെ ആ വിഐപി കസേര

ബാബു പോളിന്റെ സ്വീകരണ മുറിയിലെ ആ വിഐപി കസേര

ഡോ ഡ‍ി ബാബുപോളിന്റെ വീട്ടിലെ വിഐപി കസേര

ഡോ ഡ‍ി ബാബുപോളിന്റെ വീട്ടിലെ വിഐപി കസേര

‘മദറിന്റെ ശരീരം താങ്ങാൻ ഭാഗ്യം ലഭിച്ച ഈ കസേര 30 കൊല്ലമായി എന്നോടൊപ്പമുണ്ട്. എന്റെ കാലശേഷം സൂസപാക്യം തിരുമേനിയുടെ കീഴിലുള്ള ഏതെങ്കിലും ദേവാലയത്തിനോ മറ്റോ ഈ കസേര കൈമാറണമെന്നാണ് ആഗ്രഹം’

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  തിരുവനന്തപുരം: കവടിയാർ മമ്മീസ് കോളനിയിലെ ഡോ. ഡി ബാബുപോളിന്റെ വീട്ടിലെ പ്രാർത്ഥനാ മുറിയിൽ ഒരു വി ഐ പി കസേരയുണ്ട്. മൂന്ന് പതിറ്റാണ്ട് മുൻപ് വീട്ടിലെത്തിയ മദർ തെരേസ ഇരുന്ന കസേരയാണത്. ആ കസേരയെ കുറിച്ച് ബാബു പോൾ പറഞ്ഞത് ഇങ്ങനെ- ‘മദറിന്റെ ശരീരം താങ്ങാൻ ഭാഗ്യം ലഭിച്ച ഈ കസേര 30 കൊല്ലമായി എന്നോടൊപ്പമുണ്ട്. എന്റെ കാലശേഷം സൂസപാക്യം തിരുമേനിയുടെ കീഴിലുള്ള ഏതെങ്കിലും ദേവാലയത്തിനോ മറ്റോ ഈ കസേര കൈമാറണമെന്നാണ് ആഗ്രഹം’.

  മൂന്നു പതിറ്റാണ്ടു മുൻപ് മദർ വീട്ടിലേക്കു കടന്നു വന്നതിന്റെ ഓർമകൾ ഡോ. ഡി ബാബു പോളിന്റെ മനസ്സിൽ എപ്പോഴുമുണ്ടായിരുന്ന. സ്വീകരണ മുറിയിലെ ആ വിഐപി കസേരയിൽ ബാബു പോൾ മദറിനെ സ്വീകരിച്ചിരുത്തി. സംഭാഷണത്തിനിടയിൽ കരിക്കിൻവെള്ളം നീട്ടിയപ്പോൾ മദർ പറഞ്ഞു ‘ബാബു പോൾ, ക്ഷമിക്കണം. ഞങ്ങൾ പുറത്തു പോയാൽ ഒന്നും വാങ്ങി കഴിക്കാറില്ല. ഇതു കുടിക്കാതിരിക്കാൻ എന്നെ അനുവദിക്കുമോ?’ അര മണിക്കൂറോളം അവിടെ ചെലവഴിച്ച ശേഷം മദർ പടിയിറങ്ങി. പിന്നീടിതുവരെ തടിയിൽ തീർത്ത കസേരയിൽ ബാബു പോൾ ആരെയും ഇരുത്തിയിട്ടില്ല. ഇന്നും സ്വീകരണമുറിയിൽ മദറിന്റെ സാന്നിധ്യം നിറച്ച് ആ കസേരയുണ്ട്.

  ബാബു പോൾ കൊച്ചിയിൽ‌ പോർട്ട് ട്രസ്റ്റ് ചെയർമാനായിരിക്കെയാണ് വീട്ടിലേക്കു മദർ എത്തിയത്. മിഷനറിസ് ഓഫ് ചാരിറ്റി കോൺവന്റിലെ രണ്ടു കന്യാസ്ത്രീകൾ ഒരു ദിവസം ഓഫീസിലെത്തി. ദരിദ്രർക്കായി കപ്പൽ മാർഗം വിദേശത്തു നിന്നെത്തിക്കുന്ന ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും വിട്ടുകിട്ടാൻ എടുക്കുന്ന കാലതാമസം ഒഴിവാക്കാനാകുമോ എന്നറിയാനായിരുന്നു വരവ്. അന്വേഷിച്ചപ്പോൾ, മിഷനറിസ് ഓഫ് ചാരിറ്റി എന്ന സ്ഥാപനത്തിന്റെ പ്രവർത്തനരീതികളെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് അറിയാത്തതായിരുന്നു തടസം. നടപടിക്രമം അനുസരിച്ചു തന്നെ നാളുകൾ കൊണ്ട് ആ ചുവപ്പുനാട അഴിച്ചു.

  പിന്നീട് രണ്ടു വർഷം കഴിഞ്ഞു മദർ തെരേസ കൊച്ചിയിലെത്തിയപ്പോൾ ബാബു പോൾ സഹായിച്ച കാര്യം കന്യാസ്ത്രീകൾ ധരിപ്പിച്ചു. എങ്കിൽ അദ്ദേഹത്തെ നേരിട്ടു കണ്ട് നന്ദി അറിയിക്കണമെന്നായി മദർ. സിസ്റ്റർമാർ അക്കാര്യം ബാബു പോളിനെ അറിയിച്ചു. ഉടൻ, കോൺവന്റിലേക്ക് എത്താമെന്നു ബാബു പോൾ പറഞ്ഞെങ്കിലും അതു വേണ്ട താൻ അങ്ങോട്ടു വരാമെന്നായിരുന്നു മദറിന്റെ മറുപടി. തൊഴിൽ തർക്കം പരിഹരിക്കുന്നതിനായി ജീവനക്കാരെ ചർച്ചയ്ക്കു വിളിച്ച ദിവസമായിരുന്നു മദറിന്റെ വരവ്. അതേക്കുറിച്ച് അറിഞ്ഞതോടെ തങ്ങൾക്കും മദറിനെ കാണണമെന്നായി തൊഴിലാളികൾ. കസ്റ്റംസ് ഓഫിസിൽ വരുത്തണമെന്ന് കസ്റ്റംസ് കളക്ടറും മെഡിക്കൽ ഓഫീസിൽ സ്വീകരണം ഒരുക്കണമെന്നു ചീഫ് മെഡിക്കൽ ഓഫിസറും കൂടി ആവശ്യപ്പെട്ടതോടെ ലളിതമായ സന്ദർശനം വലിയ സ്വീകരണ പരിപാടിയായി മാറി. ഇതു കഴിഞ്ഞാണ് ബാബു പോളിന്റെ ഔദ്യോഗിക വസതിയായ ഹാർബർ ഹൗസിൽ മദർ എത്തിയത്.

  മദർ ഇരുന്ന കസേരയിൽ മറ്റാരെങ്കിലും ഇരിക്കുന്നത് അനുഗ്രഹക്കുറവാകുമെന്നു തോന്നിയ ബാബു പോൾ, ആ കസേര സ്വീകരണമുറിയിൽ നിന്നു മാറ്റി അകത്തു ഭദ്രമായി സൂക്ഷിച്ചു. മദറിന്റെ വിയോഗത്തോടെ കസേര വീണ്ടും സ്വീകരണ മുറിയിൽ പ്രതിഷ്ഠിക്കുകയും അതിനു തൊട്ടുമുകളിൽ മദറിനൊപ്പം എടുത്ത കുടുംബ ഫോട്ടോ വയ്ക്കുകയും ചെയ്തു. പിന്നീടു തിരുവനന്തപുരത്തേക്കു വന്നപ്പോൾ ആ കസേരയും ഒപ്പംകരുതി. ഇപ്പോൾ ആ കസേരയിൽ മദറിന്റെ ചിത്രവും പാത്രിയാർക്കീസ് ബാവ നൽകിയ കുരിശും. മുന്നിൽ നിലവിളക്കമുണ്ട്. ബ്രാഹ്മണ മുഹൂർത്തത്തിൽ ഉണർന്ന് അതിനുമുന്നിൽ പ്രാർത്ഥിക്കുന്നത് എത്ര തിരക്കിനിടയിലും അദ്ദേഹം മുടക്കാറില്ല.

  First published:

  Tags: Babu paul books, Babu paul ias, Babu paul writer, D babu paul passes away, D babu paul profile, ഡോ. ഡി ബാബുപോൾ, ബാബുപോൾ അന്തരിച്ചു, ബാബുപോൾ എഴുത്തുകാരൻ, ബാബുപോൾ പുസ്തകൾങ്ങൾ