സാങ്കേതികവിദ്യയും പരമ്പരാഗത കന്നുകാലി വളർത്തലും (Cattle farming) സമന്വയിപ്പിച്ച തുർക്കിയിലെ ഒരു ക്ഷീരകർഷകൻ (Cattle breeder) തന്റെ പശുക്കൾക്ക് (Cows) വെർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റുകൾ (V R Headsets) ഘടിപ്പിച്ചു. ദി സൺ റിപ്പോർട്ട് അനുസരിച്ച് തുർക്കിക്കാരനായ ക്ഷീരകർഷകൻ ഇസെറ്റ് കൊക്കാക്ക് ആണ് തന്റെ ഫാമിലെ രണ്ട് പശുക്കളിൽ വിആർ ഹെഡ്‌സെറ്റുകൾ ഘടിപ്പിച്ചത്.
മഞ്ഞുകാലത്താണ് അദ്ദേഹം ഈ രീതി പരീക്ഷിച്ചത്. പുല്ലുകളും മറ്റും ധാരാളമുള്ള സമയമാണെന്ന് പശുക്കളെ തോന്നിപ്പിക്കുന്നതിനായി വിആറിലൂടെ പച്ചപ്പുല്ലാണ് കാണിക്കുന്നത്. “ഇത് അവർ ഒരു പച്ചപ്പുൽ മേച്ചിൽപ്പുറത്ത് നിൽക്കുന്ന അനുഭവം അവർക്ക് നൽകും. ഇത് പശുക്കളിൽ വൈകാരിക ഉത്തേജനം നൽകും. പശുക്കളുടെ സമ്മർദ്ദം കുറയും" ഇസെറ്റ് പറഞ്ഞു.
ഫാമിലെ മറ്റ് പശുക്കൾക്കിടയിൽ വിആർ ഹെഡ്‌സെറ്റ് ഘടിപ്പിച്ച് നിൽക്കുന്ന പശുവിന്റെ ചിത്രവും ഇസെറ്റ് പങ്കുവച്ചിട്ടുണ്ട്. പശു തന്റെ കണ്ണുകളിൽ ഹെഡ്‌സെറ്റ് വെച്ച് ശാന്തമായി നിന്ന് തീറ്റ തിന്നുന്നതാണ് ചിത്രത്തിൽ കാണുന്നത്.
ചില മൃഗഡോക്ടർമാരുടെ സഹായത്തോടെ വികസിപ്പിച്ച ശേഷം മോസ്കോയിലെ ഒരു ഫാമിലാണ് ഹെഡ്സെറ്റുകൾ ആദ്യം പരീക്ഷിച്ചത്. പശുക്കളുടെ ഉത്കണ്ഠ കുറയ്ക്കാൻ ഹെഡ്സെറ്റുകൾ സഹായിക്കുന്നതായി കണ്ടെത്തിയതായി റഷ്യയിലെ കാർഷിക മന്ത്രാലയം വ്യക്തമാക്കുന്നു. പാരിസ്ഥിതിക സാഹചര്യങ്ങൾ പശുവിന്റെ ആരോഗ്യത്തിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്നും ഇത് അവ ഉത്പാദിപ്പിക്കുന്ന പാലിന്റെ ഗുണനിലവാരത്തെയും അളവിനെയും ബാധിക്കുമെന്നും ഒരു ഗവേഷണത്തെ പരാമർശിച്ച് മന്ത്രാലയം വ്യക്തമാക്കി.
ആദ്യ പരീക്ഷണത്തിന് ശേഷം, തുർക്കിയിലെ അക്സറേയിൽ തന്റെ രണ്ട് പശുക്കളിൽ ഇസെറ്റ് ഈ രീതി പരീക്ഷിച്ചു. ഇതോടെ തന്റെ പശുക്കളുടെ പാലുത്പാദനം പ്രതിദിനം 5 ലിറ്ററോളം വർദ്ധിച്ചുവെന്ന് വെളിപ്പെടുത്തിയ ഇസെറ്റ് ഈ ആശയം ഫലപ്രദമാണെന്ന് വ്യക്തമാക്കി. നേരത്തെ, തുർക്കിയിൽ നിന്നുള്ള മറ്റൊരു ക്ഷീരകർഷകൻ മെഹ്മെത് അക്ഗുൽ പാൽ ഉൽപാദനം വർദ്ധിപ്പിക്കുന്നതിനായി തന്റെ പശുക്കളിൽ ശാസ്ത്രീയ സംഗീത തെറാപ്പി ഉപയോഗിച്ചിരുന്നു. 150 പശുക്കളുള്ള ഫാമിൽ സ്പീക്കറുകളിൽ സംഗീതം പ്ലേ ചെയ്യാൻ തുടങ്ങി. ഇത് പശുക്കളുടെ സമ്മർദ്ദം കുറയ്ക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. 57കാരനായ ഈ കർഷകൻ പിന്നീട് തന്റെ പശുക്കളുടെ പാലുൽപാദനം ഏകദേശം അഞ്ച് ശതമാനം വർദ്ധിച്ചതായി അവകാശപ്പെട്ടിരുന്നു.
കഴിഞ്ഞ മാസം കർണാടകയിൽ അബദ്ധവശാൽ സ്വർണ്ണമാല വിഴുങ്ങിയ പശുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി സ്വർണ്ണം പുറത്തെടുത്തിരുന്നു. ഉത്തര കന്നഡ ജില്ലയിലെ സിർസി താലൂക്കിലെ ഹീപനഹള്ളിയിൽ താമസിക്കുന്ന ശ്രീകാന്ത് ഹെഗ്ഡെയുടെ പശുവാണ് സ്വർണ്ണം വിഴുങ്ങിയത്. 4 വയസ്സുള്ള പശു അബദ്ധവശാൽ വിഴുങ്ങിയ സ്വർണ്ണ മാല നീക്കം ചെയ്യാൻ ഹെഗ്ഡെയ്ക്ക് പശുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കേണ്ടി വന്നു.
Summary: A Turkish farmer fits VR headsets to cows to ward off Bovine stress and ensure better yield
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cattle